ശ്രാവണം 2025 ന് വര്‍ണാഭമായ തുടക്കം

ബഹ്‌റൈന്‍ കേരളീയ സമാജം ഓണാഘോഷമായ 'ശ്രാവണം 2025' പി വി രാധാകൃഷ്ണ പിള്ള ഉദ്ഘാടനം ചെയ്യുന്നു
മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം സംഘടിപ്പിക്കുന്ന 'ശ്രാവണം 2025' ന് വര്‍ണ്ണാഭമായ തുടക്കം. ഒക്‌ടോബര്‍ മൂന്നിനാണ് സമാപനം. എണ്‍പതോളം കലാകാരന്മാര്‍ അവതരിപ്പിച്ച വള്ളപ്പാട്ടും വിജിത ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നൂറോളം ഗായകര്‍ അണിനിരന്ന ഓണപ്പാട്ടും നടന്നു. പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള പരിപാടി ഉദ്ഘാടനം ചെയ്തു.
ഓണാഘോഷത്തിന്റെ ചരിത്രപരവും സാമൂഹികവുമായ പാഠങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുന്ന പിള്ളേരോണത്തോടെയായിരുന്നു ആഘോഷ പരിപാടികളുടെ തുടക്കം. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള വിവിധ രുചി വൈവിധ്യങ്ങളെ പരിചയപ്പെടുത്തുന്ന രുചിമേള പുത്തൻ അനുഭവമായി.
പന്തളം ബാലന്‍, രവിശങ്കര്‍, പ്രമീള തുടങ്ങിയ പിന്നണി ഗായകര്‍ പങ്കെടുക്കുന്ന ഗാനമേള, എഴുത്തുകാരന്‍ രവി മേനോന്റെ പ്രഭാഷണം, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഫോക്ക് ഡാന്‍സ് അവതരണങ്ങള്‍, ഓണപ്പുടവ മത്സരം, വിവിധ കലാപരിപാടികള്‍ എന്നിവ അരങ്ങിലെത്തി.
ഒന്‍പതിന് ഓണപ്പാട്ട് മത്സരം, 10ന് 'എന്റെ കേരളം' ക്വിസ് മത്സരം, 11ന് ഐഡിയ സ്റ്റാര്‍ സിംഗേഴ്‌സ് താരങ്ങളായ അനുശ്രീ, നന്ദ, ബലറാം, ശ്രീരാഗ് തുടങ്ങിയവരുടെ ഗാനമേള എന്നിവയും നടക്കും. 12ന് രാവിലെ പൂക്കള മത്സരവും വൈകിട്ട് കെ എസ് ചിത്ര, മധു ബാലകൃഷ്ണന്‍, നിഷാദ്, അനാമിക എന്നിവര്‍ നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും. 13ന് പായസം മത്സരം, തിരുവാതിരകളി മത്സരം, 14ന് ഇന്ത്യന്‍ പരമ്പരാഗത വസ്ത്ര മത്സരം, 15ന് 'ആരവം' ബാന്‍ഡ് അവതരിപ്പിക്കുന്ന നാടന്‍ പാട്ടുകള്‍, 16നും 17 നും വിവിധ നാടന്‍ കളികളുടെ അവതരണം എന്നിവയുണ്ടായിരിക്കും.
18ന് കബഡി മത്സരം നടക്കും. 19ന് ഗംഗ ശശിധരന്റെ വയലിന്‍ അവതരണം, 20ന് സിനിമാറ്റിക് ഡാന്‍സ് മത്സരം, 21ന് മ്യൂസിക് ഫ്യൂഷന്‍ ഫിയസ്റ്റ, 22ന് 'തരംഗ്' നൃത്ത സംഗീത പരിപാടി, 25ന് സംഗീത, നൃത്ത, നാടകമായ 'വിദ്യാവലി', 26ന് ആര്യ ദയാലും സച്ചിന്‍ വാര്യരും അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ ബാന്‍ഡ് ഷോ, 27ന് മെഗാ തിരുവാതിര, ഒക്ടോബര്‍ ഒന്നിന് വിദ്യാധരന്‍ മാസ്റ്റര്‍ക്ക് ആദരമര്‍പ്പിച്ച് നടത്തുന്ന ഗാനാവതരണത്തിൽ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ മുഖ്യാതിഥിയാകും. രണ്ടിന് വിദ്യാരംഭം ചടങ്ങിൽ ദിവ്യ എസ് അയ്യര്‍ മുഖ്യാതിഥിയാകും. സമാപനമായി ഒക്ടോബര്‍ മൂന്നിന് പഴയിടം മോഹനന്‍ നമ്പൂതിരി ഒരുക്കുന്ന ഓണസദ്യ ഉണ്ടായിരിക്കും.
ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരയ്ക്കല്‍, ശ്രാവണം ഓണാഘോഷ കമ്മിറ്റി അംഗങ്ങള്‍, ഭരണസമിതി അംഗങ്ങള്‍, കെല്ലര്‍ ജനറല്‍ മാനേജര്‍ ഇളങ്കോ, എബി (സൂപ്പര്‍ ഫുഡ്), സിന്‍ജ് എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ സുരേഷ് കുമാര്‍, ഉണ്ണികൃഷ്ണപിള്ള, വിനയചന്ദ്രന്‍ നായര്‍, വര്‍ഗ്ഗീസ് ജോര്‍ജ് (ജനറല്‍ കണ്‍വീനർ), ഹരികൃഷ്ണന്‍, നിഷാ ദിലീഷ്, രാജേഷ് കെ പി, അഭിലാഷ് വെള്ളുക്കൈ, അനിത തുളസി, രജനി മേനോന്‍, സജ്‌ന നൗഷാദ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി പ്രവര്‍ത്തിക്കുന്നു.









0 comments