മലയാളം മിഷൻ ഒമാൻ സുഗതാഞ്ജലി ചാപ്റ്റ്ർ തല ഫൈനൽ മത്സരം നടന്നു

malayalam mission oman
വെബ് ഡെസ്ക്

Published on Sep 30, 2025, 03:55 PM | 1 min read

മസ്‌കത്ത് : മലയാളം മിഷൻ സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിന്റെ ഒമാൻ ചാപ്റ്റർ ഫൈനൽ മത്സരങ്ങൾ സെപ്തംബർ 26 വെള്ളിയാഴ്ച ഇബ്രയിൽ വച്ച് നടന്നു. ഇബ്രയിലെ അൽ ഷർഖിയ സാൻഡ്‌സ് ഹോട്ടലിൽ ഉച്ച കഴിഞ്ഞ് മൂന്നോടെ ആരംഭിച്ച മത്സര പരിപാടികൾ രാത്രി എട്ടോടെ അവസാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.

ഒമാനിലെ വിവിധ മേഖലാ മത്സരങ്ങളിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ നേടിയ അൻപതോളം കുട്ടികളാണ് ഫൈനൽ മത്സരത്തിൽ പങ്കെടുത്തത്. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി മത്സരങ്ങൾ നടന്നു.

സബ്ജൂനിയർ വിഭാഗത്തിൽ സൂർ മേഖലയിൽ നിന്നുള്ള ചന്ദ്രമൗലി ഒന്നാം സ്ഥാനം നേടി. ഇബ്ര മേഖലയിൽ നിന്നുള്ള അനിക രതീഷ് രണ്ടാം സ്ഥാനവും സീബ് മേഖലയിൽ നിന്നുള്ള ഇവ മാക്‌മിൽട്ടൻ മൂന്നാം സ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ സോഹാർ മേഖലയിൽ നിന്നുള്ള ദിയ ആർ നായർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മസ്‌കത്ത് മേഖലയിൽ നിന്നുള്ള ആലാപ് ഹരിദാസ് രണ്ടാം സ്ഥാനവും ഇബ്രയിൽ നിന്നുള്ള അവന്തിക കെ കെ മൂന്നാം സ്ഥാനവും നേടി. സീനിയർ വിഭാഗത്തിൽ സീബ് മേഖലയിൽ നിന്നുള്ള മുഹമ്മദ് അമീൻ തെരഞ്ഞെടുക്കപ്പെട്ടു.

ചാപ്റ്റർ തല ഫൈനലിൽ ഓരോ വിഭാഗത്തിലും ആദ്യ മൂന്നു സ്ഥാനങ്ങൾ നേടിയ കുട്ടികൾ സുഗതഞ്ജലി ആഗോള തല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടിയതായി സംഘാടകർ അറിയിച്ചു. പരിപാടിയോടനുബന്ധിച്ചു നടന്ന സാംസ്കാരിക സദസ് മലയാളം മിഷൻ ഒമാൻ ചെയർമാൻ ഡോ. ജെ രത്‌നകുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അനുചന്ദ്രൻ, ഇന്ത്യൻ സ്‌കൂൾ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം നിധീഷ് കുമാർ, ജോയിന്റ് സെക്രട്ടറി രാജീവ് മഹാദേവൻ, പ്രവർത്തക സമിതി അംഗങ്ങളായ ആൻസി മനോജ്, സൈനുദ്ധീൻ കൊടുവള്ളി, കൈരളി പ്രതിനിധി താജുദീൻ, ഗാനരചയിതാവ് ഡോ. ഗിരീഷ് ഉദിനിക്കാരൻ തുടങ്ങിയവർ സംസാരിച്ചു.

മലയാളം മിഷൻ ഇബ്ര മേഖലാ സെക്രട്ടറി പ്രകാശ് തടത്തിൽ, ഭാഷാധ്യാപകരും പ്രവർത്തകരുമായ ഷനില, അനുഷ അരുൺ, സിത ഷിബു, അനുഷൈജു, സതീഷ് തുടങ്ങിയവർ മത്സര പരിപാടികൾക്ക് നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Home