സുഗതാഞ്ജലി മേഖലാ മത്സരങ്ങൾ പൂർത്തിയാക്കി മലയാളം മിഷൻ ഒമാൻ

മസ്‌കത്ത് : മലയാളം മിഷൻ ആഗോള തലത്തിൽ വാർഷികമായി സംഘടിപ്പിക്കുന്ന സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിന്റെ മേഖലാ തല മത്സരങ്ങൾ പൂർത്തീകരിച്ചതായി മലയാളം മിഷൻ ഒമാൻ. സെപ്തംബർ 19ന് റുഷ്‌താഖിൽ നടന്ന മത്സരത്തോടെയാണ് മേഖലാ മത്സരങ്ങൾ അവസാനിച്ചതെന്നും ഒമാനിലെ വിവിധ മേഖലാമത്സരങ്ങളിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ നേടിയവരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ചാപ്റ്റർ തല ഫൈനൽ മത്സരം 26 ന് ഇബ്രയിൽ വച്ച് നടക്കുമെന്നും മലയാളം മിഷൻ ഒമാൻ ഭാരവാഹികൾ അറിയിച്ചു.
കാവ്യാലാപന മത്സരത്തോടൊപ്പം റുസ്താഖ് പഠനകേന്ദ്രത്തിലേക്കുള്ള പ്രവേശനോത്സവവും പായസം ഫെസ്റ്റും സംഘടിപ്പിച്ചിരുന്നു. പരിപാടികൾ മലയാളം മിഷൻ ഒമാൻ ചാപ്റ്റർ പ്രസിഡൻ്റ് കെ കെ സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അനു ചന്ദ്രൻ, റുസ്താഖ് മലയാളീസ് പ്രസിഡൻ്റ് സുരേഷ്, അവാബി മലയാളി കൂട്ടായ്ക്കു വേണ്ടി സന്തോഷ്, ഭാഷാപ്രവർത്തകരായ ലിജി ഡന്നി, സാനി എസ് രാജ് തുടങ്ങിയവർ ആശംസകൾ നേർന്നു. മേഖലാ കോഡിനേറ്റർ ഹാറൂൺ റഷീദിൻ്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ പ്രഫുല്ല കുമാർ സ്വാഗതം പറഞ്ഞു.
കാവ്യാലാപന മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ ഹിസ്‌ബ, തീർത്ഥ സന്തോഷ് എന്നിവരും സീനിയർ വിഭാഗത്തിൽ നോയൽ ബിനീഷ്, അവന്തിക സന്തോഷ് എന്നിവരും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി ചാപ്റ്റർ തല മത്സരത്തിലേക്ക് യോഗ്യത നേടി. കവിയും മലയാളം മിഷൻ ഭരണസമിതി അംഗവുമായിരുന്ന സുഗതകുമാരിയുടെ സ്മരണാർത്ഥം മലയാളം മിഷൻ വാർഷികമായി നടത്തി വരുന്ന കാവ്യാലാപന മത്സരമാണ് സുഗതാഞ്ജലി. ഇത്തവണത്തെ സുഗതാഞ്ജലിയിൽ ഒ എൻ വിയുടെ കവിതകളാണ് വിദ്യാർഥികൾ ആലപിക്കേണ്ടിയിരുന്നത്.









0 comments