ലോക കേരളം ഓൺലൈൻ പോർട്ടൽ രജിസ്‌ട്രേഷൻ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

മനാമ: ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ലോക കേരളം ഓൺലൈൻ പോർട്ടൽ രജിസ്‌ട്രേഷൻ ബഹ്‌റൈൻ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ലോകമെമ്പാടുമുള്ള കേരളീയ പ്രവാസികളെ ഒരുകുടക്കീഴിൽ കൊണ്ടുവരാനും ആശയ കൈമാറ്റത്തിനും പ്രൊഫഷണൽ കൂട്ടായ്മകൾക്കും ബിസിനസ്, തൊഴിലവസരങ്ങൾ കണ്ടെത്താനും, സാംസ്‌കാരിക കൈമാറ്റങ്ങൾക്കുമായാണ് ഓൺലൈൻ പോര്‍ട്ടൽ രൂപകല്പന ചെയ്തത്. ബഹ്‌റൈനിലെ വിവിധ സംഘടനാ പ്രതിനിധികളുടെ സാന്നിധ്യത്തിൽ ലോക കേരള സഭ അംഗവും കേരളീയ സമാജം പ്രസിഡന്റുമായ പി വി രാധാകൃഷ്ണ പിള്ള ഉദ്ഘാടനം ചെയ്തു. നോർക്ക റൂട്ട്‌സ് സിഇഒ അജിത് കൊളശ്ശേരി, ലോക കേരളസഭാ കോഡിനേറ്റർ സി എസ് അഖിൽ, വിജി അഭിജിത് എന്നിവർ ഓൺലൈനായി പങ്കെടുത്തു. ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടന്ന പരിപാടിയിൽ ലോകകേരള സഭാംഗം സിവി നാരായണൻ അധ്യക്ഷനായി. ലോകകേരള സഭാംഗം സുബൈർ കണ്ണൂർ, ഷാജി മൂതല എന്നിവർ സംസാരിച്ചു.
ലോകകേരളം ഓൺലൈൻ പോർട്ടൽ ആദ്യഘട്ടമാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളതെന്ന് നോർക്ക റൂട്ട്‌സ് സിഇഒ അജിത് കൊളശ്ശേരി അറിയിച്ചു. രണ്ടാം ഘട്ടത്തിൽ കൂടുതൽ സേവനങ്ങളും സാധ്യതകളും ലഭ്യമാക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ നടക്കുകയാണ്. പൂർണ്ണമായും പ്രവാസികളെ കേരളവുമായും കേരളത്തെ പ്രവാസികളുമായും ബന്ധിപ്പിക്കുന്ന ഒരു ഇടമാക്കി ലോകകേരളം ഓൺലൈൻ പോർട്ടലിനെ മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവാസികൾക്കായി സർക്കാർ തലത്തിൽ തുടങ്ങുന്ന ലോകത്തിലെ തന്നെ ആദ്യ പോർട്ടലാണിത്. കെ സ്മാർട്ട് ഉൾപ്പെടെയുള്ള സർക്കാരിന്റെ ഡിജിറ്റൽ സർവീസുകൾ, കലാമണ്ഡലത്തിന്റെ ഹ്രസ്വകാല ഓൺലൈൻ കോഴ്‌സുകൾ, ശ്രീനാരായണ ഓപ്പൺ സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസ കോഴ്‌സുകൾ, കൗൺസിലിംഗ് സേവനങ്ങൾ, ആയുഷ് വഴിയുള്ള ആയുർവേദ കൺസൾട്ടേഷൻ സർവീസ് തുടങ്ങി സേവനങ്ങൾ ഇതവഴി ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുവെന്നും സിഇഒ അറിയിച്ചു.
ലോകകേരള സഭ സാങ്കേതിക വിഭാഗം പ്രതിനിധി വിജി അഭിജിത് പോർട്ടലിന്റെ രജിസ്‌ട്രേഷൻ പ്രക്രിയകൾ വിവരിച്ചു. വ്യക്തികൾക്കും സംഘടനകൾക്കും പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. തുടർന്ന് നടന്ന ചർച്ചയിൽ പി ശ്രീജിത്ത്, എപി ഫൈസൽ, കെ ടി സലിം, ബിനു കുന്നന്താനം, മിജോഷ് മൊറാഴ, എ കെ സുഹൈൽ, ബദറുദീൻ പൂവാർ, സി എച്ച് അഷ്‌റഫ്, ഷബീർ മാഹി, ഷിബു പത്തനംത്തിട്ട, മുഹമ്മദ് കോയിവിള എന്നിവർ പങ്കെടുത്തു. ലോകകേരള സഭ പ്രതിനിധി സി വി അഭിജിത്ത് ചോദ്യങ്ങൾക്ക് മറുപടി നൽകി. രജിസ്‌ട്രേഷൻ പ്രക്രിയകളിൽ പൂർണ്ണ പിന്തുണയും സഹകരണവും ഉണ്ടാകുമെന്ന് സംഘടനാ പ്രതിനിധികൾ അറിയിച്ചു. എൻ വി ലിവിൻ കുമാർ ഏകോപനം നിർവഹിച്ചു. ബഹ്‌റൈനിലെ മുഴുവൻ പ്രവാസി മലയാളികളും www.lokakeralamonline.kerala.gov.in എന്ന ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് സാമൂഹ്യ സംഘടനാ പ്രതിനിധികൾ അറിയിച്ചു.








0 comments