ഒരാഴ്ചയില്‍ സ്ഥാപനത്തിന് ലൈസന്‍സ്; ഉന്നത വിദ്യാഭ്യാസ മേഖലയിൽ വൻമാറ്റം

ദിലീപ് സി എൻ എൻ
Published on Apr 06, 2025, 09:48 AM | 1 min read
ദുബായ്: യുഎഇയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകുന്നതും അക്കാദമിക് പ്രോഗ്രാമുകളുടെ അക്രഡിറ്റേഷനും സംബന്ധിച്ച നടപടിക്രമങ്ങൾ അടിമുടി പരിഷ്‌കരിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനും നടപടിക്രമങ്ങളിലെ സാവകാശവും ചുവപ്പുനാടയും ഇല്ലാതാക്കാനുമാണ് ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയത്തിന്റെ പുതിയ പരിഷ്‌കാരം. ഇതിന്റെ ഭാഗമായി നിലവിലുള്ളതും പുതിയതുമായ സ്ഥാപനങ്ങൾക്കായി ഏകീകൃത പരിശോധന വ്യവസ്ഥകളും മന്ത്രാലയം അവതരിപ്പിച്ചു.
പുതിയ ചട്ടക്കൂടിന് കീഴിൽ ഉയർന്ന അപകടസാധ്യത വിഭാഗത്തിൽപ്പെട്ട സ്ഥാപനങ്ങൾക്ക് വാർഷിക നിരീക്ഷണത്തോടെ രണ്ടുവർഷത്തേക്ക് ലൈസൻസ് നൽകും. കുറഞ്ഞ അപകടസാധ്യത വിഭാഗത്തിലുള്ള സ്ഥാപനങ്ങൾക്ക് ഓരോ മൂന്നുവർഷത്തിലും നിശ്ചിത പരിശോധനകൾക്ക് വിധേയമായി ആറു വർഷത്തേക്ക് ലൈസൻസ് ലഭിക്കും. യുഎഇയിലെ എല്ലാ അംഗീകൃത ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സ്റ്റാൻഡേർഡ് പ്രകടന സൂചകങ്ങളും അളവുകോലുകളും ഉപയോഗിച്ച് വിലയിരുത്തുന്നുവെന്ന് ഉറപ്പാക്കുമെന്ന് മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി ഡോ. മുഹമ്മദ് അൽ മുഅല്ല പറഞ്ഞു.
പഠന ഫലങ്ങൾ (25 ശതമാനം), ശാസ്ത്രീയ ഗവേഷണ ഫലങ്ങൾ (15), തൊഴിൽ ഫലങ്ങൾ (25), മറ്റ് സ്ഥാപനങ്ങളുമായുള്ള സഹകരണം (20), പ്രശസ്‌തിയും ആഗോള സാന്നിധ്യവും (10), സാമൂഹിക ഇടപെടൽ (അഞ്ച്) എന്നിങ്ങനെ ആറു പ്രധാന ഘടകങ്ങൾ സർവകലാശാല മൂല്യനിർണയ ചട്ടക്കൂടിൽ ഉൾപ്പെടുന്നു. കൂടാതെ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകുന്നതിനും പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനും ആവശ്യമായ രേഖകളുടെ എണ്ണം 28ൽ നിന്ന് അഞ്ചായും കുറച്ചു.
അക്കാദമിക് പ്രോഗ്രാമുകൾക്കായി പുതിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന് അക്രഡിറ്റേഷൻ നൽകുന്നതിന് നേരത്തെ 13 രേഖ ആവശ്യമാണെങ്കിൽ ഇനിയത് ഒന്നായി. എല്ലാ ആവശ്യകതകളും നിറവേറ്റുന്നുണ്ടെങ്കിൽ പുതിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകാനുള്ള സമയംആറിൽനിന്ന് ഒരാഴ്‌ചയായും കുറച്ചു. പുതിയ അക്കാദമിക് പ്രോഗ്രാമുകൾക്ക് അക്രഡിറ്റേഷൻ നേടുന്നതിനുള്ള സമയം ഒമ്പതിൽനിന്ന് ഒരാഴ്ചയായും കുറച്ചു. നിലവിലുള്ള അക്കാദമിക് പ്രോഗ്രാമുകൾക്കുള്ള അക്രഡിറ്റേഷൻ പുതുക്കൽ ഒമ്പതു മാസത്തിൽനിന്ന് പരമാവധി മൂന്നുമാസമായും കുറച്ചു. മറ്റു രാജ്യങ്ങളിലെ വിശ്വസ്ത സ്ഥാപനങ്ങൾ അംഗീകാരം നൽകിയ സർവകലാശാലകൾക്ക് ഉടനടി ലൈസൻസ് നൽകുന്നതും അന്താരാഷ്ട്ര അംഗീകാരമുള്ള അക്കാദമിക് പ്രോഗ്രാമുകൾക്ക് ഉടൻ അംഗീകാരം ഉറപ്പാക്കുന്നതും പുതുക്കിയ സംവിധാനത്തിൽ ഉൾപ്പെടുന്നുണ്ട്.









0 comments