ജീവപര്യന്തം തടവ് 20 വർഷമായി കുറയ്ക്കാൻ കുവൈത്ത്‌

life Sentence
വെബ് ഡെസ്ക്

Published on Mar 09, 2025, 01:56 PM | 1 min read

കുവൈത്ത് സിറ്റി: ജീവപര്യന്തം തടവ്‌ 20 വർഷമായി കുറയ്ക്കാൻ തീരുമാനവുമായി കുവൈത്ത്‌ സർക്കാർ. അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ നിർദേശപ്രകാരം ആക്ടിങ്‌ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹാണ് തീരുമാനം പ്രഖ്യാപിച്ചത്. സെൻട്രൽ ജയിലിലെത്തി തടവുകാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഒപ്പം ഭക്ഷണം കഴിച്ചശേഷമാണ് മന്ത്രിയുടെ പ്രഖ്യാപനം. നിലവിൽ, ജീവപര്യന്തം തടവുശിക്ഷ ജീവിതകാലം മുഴുവൻ തടവിൽ കഴിയുന്നതായിരുന്നു.


തടവുകാർക്ക് ഇതിന്റെ പ്രയോജനം ലഭ്യമാക്കുന്നതിന് പ്രത്യേക സമിതി രൂപീകരിക്കാനാണ് മന്ത്രിയുടെ നിർദേശം. മൂന്ന് മാസത്തിനകം തടവുശിക്ഷ 20 വർഷം പൂർത്തിയാകുന്നവരുടെ പട്ടിക തയ്യാറാക്കാനും സമിതിയെ ചുമതലപ്പെടുത്തി. ഈ മാറ്റം തടവുകാർക്ക് പുതിയ ജീവിതം ആരംഭിക്കാനും ശിക്ഷാനന്തര ജീവിതത്തിൽ സാധാരണ സമൂഹത്തിലേക്ക് തിരിച്ചുവരാനുമുള്ള അവസരങ്ങൾ നൽകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. തടവുകാർക്ക് പുനരധിവാസം നൽകുന്നതിന്‌ കൂടുതൽ പരിഷ്‌ക്കരണ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഫഹദ് അൽ ഉബൈദും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തി.



deshabhimani section

Related News

View More
0 comments
Sort by

Home