പ്രവാസികളുൾപ്പെടെ പതിനായിരത്തിലധികം പേർക്ക് കുവൈത്തിൽ യാത്രാ വിലക്ക്

കുവൈത്ത് സിറ്റി : യാത്രാ വിലക്കിനെ തുടർന്ന് കുവൈത്തിൽ കഴിയുന്നത് പ്രവാസികൾ ഉൾപ്പെടെ പതിനായിരകണക്കിനാളുകൾ. 2024ൽ മാത്രം 69,654 പേർക്ക് യാത്രാവിലക്ക് ചുമത്തിയതായി ആഭ്യന്തര മന്ത്രാലയ വിഭാഗമായ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് എൻഫോഴ്‌സ്‌മെന്റ് പുറത്തിറക്കിയ കണക്കുകൾ വ്യക്തമാക്കുന്നു. നിയമ ലംഘനങ്ങളും സാമ്പത്തിക ബാധ്യതകളും അടക്കമുള്ള കാരണങ്ങളാൽ യാത്രാ വിലക്ക് ചുമത്തപ്പെട്ടവരിൽ സ്വദേശികളും പ്രവാസികളായ വ്യക്തികളും ബിസിനസ് ഉടമകളും ഉൾപ്പെടും.
പിഴവുകളില്ലാതെ കടബാധ്യത തീർക്കാത്തതും കോടതി വിധികൾ പാലിക്കാത്തതുമാണ് ഏറ്റവും കൂടുതൽ യാത്രാവിലക്കുകൾക്ക് കാരണമായത്. 2024ൽ നിരോധനം ഏർപ്പെടുത്തിയവരിൽ 43,290 പേർക്കും യാത്രാവിലക്കിന് കാരണം സാമ്പത്തിക കുടിശ്ശികയായിരുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കടബാധ്യത തീർക്കുന്നതനുസരിച്ച് 51,420 പേരുടെ യാത്രാവിലക്ക് പിന്നീട് പിൻവലിക്കുകയും ചെയ്തു.
2023നെ അപേക്ഷിച്ച് 2024ൽ യാത്രാവിലക്കുകൾക്ക് 38.2 ശതമാനത്തോളം വർധനവുണ്ടായിട്ടുണ്ട്. 2023ൽ 1,82,255 പേർക്കെതിരെയാണ് യാത്രാവിലക്കും നാടുകടത്തലും അടക്കമുള്ള നടപടികൾ സ്വീകരിച്ചത്. കഴിഞ്ഞ വർഷം മുഴുവൻ എൻഫോഴ്‌സ്‌മെന്റ് വകുപ്പ് കൈകാര്യം ചെയ്ത നിയമനടപടികളുടെ എണ്ണം 10.3 ദശലക്ഷം എത്തി.
സാമ്പത്തിക കടങ്ങൾ വീട്ടാതിരിക്കുക, സിവിൽ തർക്കങ്ങൾ, കോടതി ഉത്തരവുകൾ, സിവിൽ-ക്രിമിനൽ വിധികൾ എന്നിവ ഉൾപ്പെടെ വിവിധ കാരണങ്ങളിലാണ് രാജ്യം വിട്ടു പോകാതിരിക്കാൻ യാത്രാ വിലക്ക് ഏർപ്പെടുത്തുന്നത്. സ്വകാര്യ വ്യക്തികൾ മാത്രമല്ല, വ്യാപാര സ്ഥാപനങ്ങളുടെയും ബിസിനസ് ഉടമകളുടെയും പേരിലും നിരോധനങ്ങൾ ശക്തമായി നടപ്പിലാകുന്നുണ്ട്.
കോടതികളിൽ ഡിജിറ്റൽവൽക്കരണം വ്യാപകമാക്കിയതും ജുഡീഷ്യറിയും ധനമന്ത്രാലയവും ബാങ്കുകളുമായി ചേർന്നുള്ള ഏകീകൃത നടപടിക്രമങ്ങളും എൻഫോഴ്‌സ്‌മെന്റ് സംവിധാനം ശക്തിപ്പെടുത്തുന്നതിലേക്ക് നയിച്ചുവെന്ന് അധികൃതർ വ്യക്തമാക്കി.









0 comments