ഇതാ യുഡിഎഫ് മാതൃക
ഉദ്‌ഘാടനം കഴിഞ്ഞു, കെട്ടിടം ചോർന്നു

സ്വന്തം ലേഖകന്‍
മലപ്പുറം
ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നിർമിച്ച ഹബ് ലാബ് കെട്ടിടത്തിൽ ഉദ്‌ഘാടനം കഴിഞ്ഞ് ഒരാഴ്‌ചയ്‌ക്കം ചോർച്ച. വൈദ്യുതി പ്രവൃത്തികളും തകരാറിലായി. സ്‌റ്റോർ റൂം, മെഡിക്കൽ ഓഫീസർ റൂം, സ്‌റ്റാഫ് റൂം എന്നിവയിലെ എയർകണ്ടീഷനും ലൈറ്റുകളും പ്രവർത്തിക്കുന്നില്ല. ഇലക്‌ട്രിക് ബ്രേക്കറുകൾ ഓഫാകുന്നതും പതിവാണ്. ലാബിന്റെ മേൽക്കൂരയിൽ മൂന്നിടങ്ങളിൽ സീലിങ് അടർന്ന് ചോർച്ചയുമുണ്ട്. രണ്ടര കോടി ചെലവിട്ട് നിർമിച്ച കെട്ടിടമാണ് നിർമാണത്തിലെ അപാകം കാരണം തകരാറിലായത്. കഴിഞ്ഞ നാലിനാണ് ലാബ് പി വി അബ്ദുൾ വഹാബ് എംപി ഉദ്‌ഘാടനംചെയ്‌തത്. ജില്ലയിൽ സർക്കാർ ആശുപത്രികളിലെ ഏക ഹബ് ലാബാണ് നിലമ്പൂരിലേത്. ജില്ലയിലെ മറ്റ് സർക്കാർ ആശുപത്രികളിൽ സാധ്യമാകാത്ത ലാബ് പരിശോധനകളാണ് ഇവിടെ നടത്തുക. രോഗികളുടെ സാമ്പിളുകൾ ഇവിടെ എത്തിച്ച് പരിശോധനാ ഫലം ഫോണിൽ നൽകും. സ്വകാര്യ ലാബിലെ വിലകൂടിയ പിശോധനകൾ ഇവിടെ കുറഞ്ഞ ചെലവിൽ ചെയ്യാം. നേരത്തെ പരിമിത സൗകര്യങ്ങളിൽ പ്രവർത്തിച്ച ലാബ് അടുത്തിടെ സ്‌ത്രീകളുടെ വാർഡിന്റെ മുകളിൽ പ്രത്യേക കെട്ടിടം ഒരുക്കി മാറ്റുകയായിരുന്നു. എന്നാൽ ഷീറ്റ് പാകിയ മേൽക്കൂര ഒരാഴ്‌ചയ്‌ക്കകം ചോർന്നു. കെട്ടിടത്തിന്റെ പുറംചുവരിൽ മേൽക്കൂരയ്‌ക്കും ഷീറ്റിനുമിടയിലെ വിടവിലൂടെ എലിയും പ്രാവും അകത്തുകടക്കുന്നത് പതിവാണ്. കോടികളുടെ ഉപകരണങ്ങളാണ് ലാബിലുള്ളത്. വൈദ്യുതി തകരാർ കാരണം എസി പലപ്പോഴും പ്രവർത്തിക്കാത്ത സ്ഥിതിയാണ്. ഇത് ഉപകരണങ്ങൾ കേടാകാൻ ഇടയാക്കും. ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എൻജിനിയർക്കായിരുന്നു നിർമാണ ചുമതല. വയറിങ്ങിനും മറ്റും വിലകുറഞ്ഞ സാധനങ്ങൾ ഉപയോഗിച്ചതാണ് തകരാറിന് ഇടയാക്കിയത്. ജില്ലാ പഞ്ചായത്തിനുകീഴിലെ പ്രവൃത്തികൾ ലീഗ് നേതാക്കൾ ബിനാമി പേരിൽ കരാറെടുത്ത് പണം തട്ടുന്നതായി പരാതി വ്യാപകമാണ്. ജില്ലയിലെ ഹയർ സെക്കന്‍ഡറി സ്‌കൂളുകളിൽ ജില്ലാ പഞ്ചായത്ത് സ്ഥാപിച്ച നാപ്‌കിൻ വെൻഡിങ് യന്ത്രം വ്യാപകമായി തകരാറിലായിരുന്നു. ജില്ലാ പഞ്ചായത്തിനുകീഴിലെ വിവിധ ആശുപത്രികളിൽ സ്ഥാപിച്ച ലബേോറട്ടറി ഉപകരണങ്ങളും ഗുണനിലവാരമില്ലാത്തതാണെന്ന് പരാതിയുണ്ട്.








0 comments