സാമ്പത്തിക പ്രതിസന്ധികളെ മറികടന്ന് കേരളം വികസനക്കുതിപ്പിൽ: കെ എൻ ബാലഗോപാൽ

കെ എൻ ബാലഗോപാൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നു
സഫറുള്ള പാലപ്പെട്ടി
Published on Apr 16, 2025, 02:37 PM | 3 min read
അബുദാബി: കേന്ദ്രസർക്കാർ കേരളത്തെ സാമ്പത്തികമായി ഞെരുക്കുമ്പോഴും, മുന്നോട്ട് വെച്ച വികസനപ്രവർത്തനങ്ങളിൽ നിന്നും അണുകിട പിറകോട്ട് പോകാതെ സംസ്ഥാനം മുന്നോട്ട് കുതിക്കുകയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. യുഎഇയിലെത്തിയ മന്ത്രി ദേശാഭിമാനിക്ക് നൽകിയ അഭിമുഖത്തിലാണ് കേരളത്തിന്റ വികസനക്കുതിപ്പിനെ കുറിച്ച് സംസാരിച്ചത്.
ദേശീയ പാതവികസനം നല്ല രീതിയിലാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഭൂമി ഏറ്റെടുക്കുന്നതിന് സംസ്ഥാന സർക്കാരിന് പൈസ കൊടുക്കേണ്ടി വന്നിട്ടില്ല. കേരളത്തിൽ ഭൂമിക്ക് വിലകൂടുതലാണെന്ന ന്യായം പറഞ്ഞിട്ട് തടസ്സമുണ്ടാക്കിയപ്പോൾ 6000 കോടി രൂപ സംസ്ഥാന സർക്കാർ കൊടുത്തിട്ടാണ് ഭൂമി ഏറ്റെടുത്തത്.
കേന്ദ്ര സർക്കാരിന്റെ യാതൊരുവിധ പിന്തുണയുമില്ലാത്ത പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം. ലോകത്തിലെ ഏറ്റവും വലിയ 10 തുറമുഖങ്ങളിൽ ഒന്നായ തുറമുഖത്തിന്റെ പണി പൂർത്തീകരിച്ചു എന്ന് മാത്രമല്ല അത് പ്രവർത്തനസജ്ജവുമാണ്. ലോകത്തിലെ ഏറ്റവും വലിയ കപ്പലായ തുർക്കി കപ്പൽ കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് വന്നിരുന്നു.
റോഡ്, തുറമുഖം, ദേശീയ പാത, മലയോരപ്പാത, ഇൻഫ്രാ സ്ട്രക്ച്ചർ ഡവലപ്മെന്റിനുവേണ്ടിയുള്ള പാർക്കുകൾ എല്ലാം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. മുമ്പ് സംരംഭങ്ങൾ തുടങ്ങുവാൻ ലാൻഡായി സർക്കാർ പാർക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ സ്വകാര്യ വ്യവസായ പാർക്കുകൾ ആരംഭിക്കാം. ഭൂമി അവരവർ തന്നെ തീരുമാനിച്ച് ലാൻഡ് പാർക്കിങ് സംവിധാനം ഉണ്ടാക്കാം. അതിനു വേണ്ടി വിഴിഞ്ഞം കൊല്ലം പുനലൂർ ട്രയാങ്കിൾ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. കിഫ്‌ബി അതിനായി ആയിരം കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്.
ഇന്ത്യയിലെ തന്നെ വൺ ഓഫ് ദി ബെസ്റ്റ് ഇൻവെസ്റ്റ്മെന്റ് ഡെസ്റ്റിനേഷനും ഇൻഡസ്ട്രിയൽ ഡെസ്റ്റിനേഷനുമായി കേരളം മാറും. എല്ലാ മേഖലകളിലും അതിനുള്ള പ്രതീക്ഷ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. കേരളം മികച്ച ഇൻവെസ്റ്റ്മെന്റ് ഡെസ്റ്റിനേഷനാണെന്ന പൊതു അഭിപ്രായം നിലനിൽക്കുന്നുണ്ട്. ഇന്ത്യാ ഗവൺമെന്റ് തന്നെ അതിനെ പ്രകീർത്തിച്ചിട്ടുണ്ട്.
ഇൻവെസ്റ്റ്മെന്റ് വരുന്നതിനു ഏറ്റവും പ്രധാനപ്പെട്ട കാര്യം പശ്ചാത്തല സൗകര്യം ഒരുക്കുക എന്നതാണ്. വ്യവസായത്തിനുള്ള അന്തരീക്ഷം ഉണ്ടാക്കുക എന്നതാണ്. അതിനായി ഗവൺമെന്റ് വലിയ തോതിൽ ഫണ്ട് മുടക്കിയിട്ടാണ് കിഫ്‌ബി പോലുള്ള ഏജൻസി പ്രവർത്തിക്കുന്നത്. ഇപ്പോൾ തന്നെ സംസ്ഥാന സർക്കാരിന്റെ അടുത്ത വർഷത്തേക്കുള്ള ബജറ്റ് രണ്ട് ലക്ഷം കോടി രൂപ കവിയും. ആദ്യമായാണ് ഇത്രയും തുക വന്നിരിക്കുന്നത്. കേന്ദ്രസർക്കാർ നമുക്ക് തരാനുള്ളതിന്റെ പകുതി പണമായ 50,000 കോടി രൂപയുടെ കുറവ് വരുന്ന ഘട്ടത്തിലാണ് ഈ കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ പോലും അടിസ്ഥാന സൗകര്യവികസനത്തിൽ വലിയ മാറ്റമാണ് സംസ്ഥാന സർക്കാരിന് ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിട്ടുള്ളത്. മന്ത്രി വിശദീകരിച്ചു.
എണ്ണമറ്റ പ്രവാസിക്ഷേമ പദ്ധതികളാണ് സർക്കാർ പ്രവാസികൾക്കായി ആവിഷ്കരിച്ചിട്ടുള്ളത്. കെഎസ്എഫ്ഇ പ്രവാസി ചിട്ടിയും പ്രവാസി നിക്ഷേപവും ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളാണ്. പ്രവാസികൾക്ക് നല്ല പ്രതിഫലം കൊടുക്കുന്നതാണ് പ്രവാസി നിക്ഷേപ പദ്ധതി. പ്രവാസി ചിട്ടി കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കെഎസ്എഫ്ഇ ഉദ്യോഗസ്ഥരും ബോർഡ് അംഗങ്ങളും അടങ്ങുന്ന ഒരു ടീം ഗൾഫ് നാടുകൾ സന്ദർശിച്ചിരുന്നു. മന്ത്രി എന്ന നിലയിൽ ആ ടീമിൽ ഞാനും ഉണ്ടായിരുന്നു. മറ്റു ഗൾഫ് നാടുകളിലെ സന്ദർശനം കഴിയുമ്പോഴേയ്ക്കും നിയമസഭാ കൂടുന്നതുകൊണ്ട് എനിക്ക് യുഎഇയിൽ എത്താൻ കഴിഞ്ഞില്ല.
പ്രവാസി ക്ഷേമ പദ്ധതികൾ വളരെ ഗൗരവത്തിൽ തന്നെയാണ് സർക്കാർ ഏറ്റെടുത്തിരിക്കുന്നത്. അത് ഇനിയും കൂടുതൽ ശക്തിപ്പെടുത്തും. നിക്ഷേപ തട്ടിപ്പുകൾ പലതും ഇന്ന് നടക്കുന്നുണ്ട്. അതിലൊന്നാണ് അടുത്തിടെ പിടിക്കപ്പെട്ട പാതിവില തട്ടിപ്പ്. കെഎസ്എഫ്ഇ യുടെ പ്രത്യേകത അത് നൂറു ശതമാനം സർക്കാർ ഗ്യാരണ്ടിയാണ്. ഏത് ബാങ്കിൽ ഇടുന്ന ഫിക്സഡ് ഡെപോസിറ്റിനേക്കാളും പ്രതിഫലം കിട്ടുന്നതാണ് പ്രവാസി ചിട്ടിയുടെ പൊതുവായ കാര്യം.
കെഎസ്എഫ്ഇയുടെ കണക്ക് നോക്കുമ്പോൾ 95,000 കോടി രൂപയുടെ ബിസിനസ്സ് നടത്തുന്ന സ്ഥാപനമാണ്. ഈ വർഷം അത് ഒരു ലക്ഷം കോടി രൂപ കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെഎസ്എഫ്ഇയുടെ മൂലധനം തന്നെ ധനകാര്യവകുപ്പ് നേരിട്ടാണ് നിയന്ത്രിക്കുന്നത്.
മറ്റേത് ബാങ്ക് നിക്ഷേപത്തേക്കാളും നിക്ഷേപം കിട്ടുന്നതാണ് പ്രവാസി ചിട്ടി. ഷെയർ മാർക്കറ്റിൽ കൊണ്ടുപോയി ഇടുന്ന ഉയർച്ച താഴ്ചകൾ ഇതിലില്ല. അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ചില തീരുമാനം കാരണം ഷെയർ മാർക്കറ്റ് ഭയങ്കരമായി ഇടിഞ്ഞു. എഴുപതുകളിൽ ഇന്ത്യയുടെ ദേശീയ ശരാശരി വരുമാനത്തിന്റെ 80 ശതമാനം മാത്രമായിരുന്നു കേരളത്തിന്റെ ശരാശരി വരുമാനമെങ്കിൽ ഇന്ന് കേരളം ദേശീയ ശരാശരി വരുമാനത്തിന്റെ 150 ശതമാനം വരുമാനമുള്ള സംസ്ഥാനമായി മാറിയിരിക്കുന്നു.
ഏറെ സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴും ഒന്നരകോടിയിലധികം പേർക്ക് അഞ്ച് ലക്ഷം രൂപവരെ സൗജന്യ ചികിത്സ നൽകുന്ന ഒരിടം കേരളമല്ലാതെ ലോകത്ത് മറ്റെവിടെയാണുള്ളത്. കിടപ്പാടമില്ലാത്ത 5 ലക്ഷം പേർക്ക് ലൈഫ് പദ്ധതിവഴി വീട് വെച്ചുകൊടുക്കാൻ കഴിഞ്ഞ സംസ്ഥാനത്തിന്റെ പേരാണ് കേരളം. മന്ത്രി പറഞ്ഞു.









0 comments