കേരള സോഷ്യൽ സെന്ററും മലയാളം മിഷനും കേരളപ്പിറവി ആഘോഷിച്ചു

അബുദാബി: കേരള സോഷ്യൽ സെന്ററും മലയാളം മിഷൻ അബുദാബി ചാപ്റ്ററും സംയുക്തമായി കേരളപ്പിറവിദിനാഘോഷവും സെന്ററിന്റെ പ്രവർത്തനവർഷവും സംഘടിപ്പിച്ചു. അഡ്വ. ഹരീഷ് വാസുദേവൻ ഉദ്ഘാടനം ചെയ്തു. കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ടി കെ മനോജ് അധ്യക്ഷനായി. മലയാളം മിഷൻ ആമ്പൽ വിദ്യാർഥിനി സാമിയ സുരേഷ് ചൊല്ലിക്കൊടുത്ത എം ടി വാസുദേവൻ നായർ രചിച്ച ഭാഷാപ്രതിജ്ഞ സദസ്സ് ഏറ്റുചൊല്ലി. മലയാളം മിഷൻ അബുദാബി ചാപ്റ്റർ പ്രസിഡന്റ് സഫറുള്ള പാലപ്പെട്ടി മലയാളം മിഷൻ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു.
അബുദാബി മലയാളി സമാജം ജനറൽ സെക്രട്ടറി ടി വി സുരേഷ്‌കുമാർ, ലോക കേരള സഭ അംഗം അഡ്വ. അൻസാരി സൈനുദ്ദീൻ, മലയാളം മിഷൻ യുഎഇ കോർഡിനേറ്റർ കെ എൽ ഗോപി, അബുദാബി ചാപ്റ്റർ ചെയർമാൻ എ കെ ബീരാൻകുട്ടി, ശക്തി തിയറ്റേഴ്‌സ് പ്രസിഡന്റ് കെ വി ബഷീർ, യുവകലാസാഹിതി പ്രസിഡന്റ് രാഗേഷ് നമ്പ്യാർ, ഫ്രെണ്ട്സ് ഓഫ് എഡിഎംഎസ്സ് ജനറൽ സെക്രട്ടറി അനൂപ ബാനർജി, സെന്റർ വനിതാവിഭാഗം കൺവീനർ ആതിര നായർ, ബാലവേദി പ്രസിഡന്റ് ഫാദിൽ ഷഹീർ, സെക്രട്ടറി റാഹേൽ എറിക് എന്നിവർ ആശംസകൾ നേർന്നു.
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പുറത്തിറക്കിയ ഡയറിയുടെ പ്രകാശനം യുഎഇ ചാപ്റ്റർ കോർഡിനേറ്റർ കെ. എൽ ഗോപി അഡ്വ. ഹരീഷ് വാസുദേവനു നൽകി നിർവഹിച്ചു. മലയാളം മിഷൻ സംഘടിപ്പിക്കുന്ന സുഗതാഞ്ജലി ആഗോളതല കാവ്യാലാപനമത്സരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചാപ്റ്റർതല മത്സരവിജയികൾക്കുള്ള സർട്ടീഫിക്കറ്റുകളും ട്രോഫികളും പ്രസ്തുത വേദിയിൽ വെച്ച് വിതരണം ചെയ്തു. ചടങ്ങിൽ കേരള സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി സജീഷ് നായർ സ്വാഗതവും മലയാളം മിഷൻ അബുദാബി ചാപ്റ്റർ സെക്രട്ടറി ടി പി ബിജിത്കുമാർ നന്ദിയും പറഞ്ഞു. തുടർന്ന് മലയാളം മിഷൻ വിദ്യാർഥികളും കേരള സോഷ്യൽ സെന്റർ കലാകാരികളും അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി.








0 comments