മാതൃഭാഷ പഠന പദ്ധതി: കല കുവൈത്ത് അധ്യാപകർക്ക് പരിശീലന ക്ലാസ് സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: കല(കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ) കുവൈത്ത് മാതൃഭാഷ സമിതിയുടെ നേതൃത്വത്തിൽ അധ്യാപക പരിശീലനം സംഘടിപ്പിച്ചു. നാല് മേഖലകളിലെയും മാതൃഭാഷ പഠന ക്ലാസുകളിലെ അധ്യാപകരെ പങ്കെടുപ്പിച്ചായിരുന്നു അധ്യാപക പരിശീലനം. ജൂലൈ 18 വെള്ളിയാഴ്ച്ച അബ്ബാസിയ കല സെന്ററിൽ വച്ച് നടന്ന പരിശീലന പരിപാടിക്ക് കല കുവൈത്ത് ആക്ടിങ്ങ് പ്രസിഡന്റ് പ്രവീൺ പി വി അധ്യക്ഷത വഹിച്ചു.
മാതൃഭാഷ ജനറൽ കൺവീനർ വിനോദ് കെ ജോൺ ക്ലാസുമായി ബന്ധപ്പെട്ട് വിശദീകരണം നൽകി. മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ അംഗം അനിൽകുമാർ അധ്യാപകർക്ക് ക്ലാസ് നൽകി. കല കുവൈത്ത് ആക്ടിങ്ങ് സെക്രട്ടറി പ്രസീദ് കരുണാകരൻ, അബ്ബാസിയ മേഖല സെക്രട്ടറി സജീവൻ പി പി എന്നിവർ സംസാരിച്ചു.
35 വർഷമായി കല കുവൈത്ത് സൗജന്യ മാതൃഭാഷ പഠന പദ്ധതി നടത്തിവരുന്നു. ഇതിന്റെ ഭാഗമായുള്ള ഈ വർഷത്തെ മലയാളം ക്ലാസുകൾ കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ചു. നിരവധി വിദ്യാർഥികൾ ഇതിനോടകം തന്നെ ഈ ക്ലാസ്സുകളുടെ ഭാഗമായി പഠനം ആരംഭിച്ചു. 'മലയാളത്തെ രക്ഷിക്കുക, സംസ്കാരത്തെ തിരിച്ചറിയുക' എന്ന ലക്ഷ്യത്തിൽ 1990 ലാണ് പദ്ധതി ആരംഭിച്ചത്. ഈ സാംസ്കാരിക ദൗത്യത്തിൽ ഇതുവരെയായി പതിനായിരക്കണക്കിന് കുട്ടികളാണ് മലയാള ഭാഷാപഠനം പൂർത്തിയാക്കിയത്.









0 comments