ഇൻഡിഗോ യാത്രക്കാർക്ക് അബുദാബിയിലും അൽ ഐനിലും സിറ്റി ചെക്ക് ഇൻ സ‍ൗകര്യം

indigo
വെബ് ഡെസ്ക്

Published on Aug 13, 2025, 08:34 PM | 1 min read

അബുദാബി : ഇൻഡിഗോ യാത്രക്കാർക്കായി അബുദാബിയിലും അൽ ഐനിലും സിറ്റി ചെക്ക് ഇൻ സൗകര്യം ആരംഭിക്കുന്നതായി മൊറാഫിഖ് ഏവിയേഷൻ സർവീസസ്‌. തിങ്കൾമുതൽ സ‍ൗകര്യം പ്രാബല്യത്തിൽ വന്നതായും അധികൃതർ അറിയിച്ചു. ആദ്യ ദിവസം ചെക്ക് ഇൻ നടപടികൾ സൗജന്യമായി ഉപയോഗിക്കാൻ അവസരം നൽകിയതായും മൊറാഫിഖ് അറിയിച്ചു.

ഇന്ത്യയിലെ 16 വിമാനത്താവളങ്ങളിലേക്ക് ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യുന്നവർക്ക്‌ യാത്രയുടെ 24 മുതൽ നാലുമണിക്കൂർ മുമ്പുവരെ ചെക്ക് ഇൻ നടപടികൾ പൂർത്തീകരിക്കാനുള്ള സൗകര്യമാണ് കേന്ദ്രത്തിൽ ഒരുക്കിയിരിക്കുന്നത്. ബാഗേജുകൾ ഇവിടെ നൽകി ബോർഡിങ് പാസ് എടുക്കുന്നവർക്ക് വിമാനത്താവളത്തിലെ നീണ്ട വരിയിൽ കാത്തുനിൽക്കാതെ, നേരെ എമിഗ്രേഷൻ വിഭാഗത്തിലേക്ക് പോകാനാകും. അബുദാബിയിൽ മിന ക്രൂയിസ് ടെർമിനലിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സിറ്റി ചെക്ക് ഇൻ സൗകര്യമുണ്ട്. മുസഫയിലെ ഷാബിയ 11, യാസ് മാളിലെ ഫെരാരി വേൾഡ് എൻട്രൻസ്, അൽ ഐനിലെ കുവൈറ്റാറ്റ് ലുലു മാൾ എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ രാത്രി 10 വരെയുമാണ് സൗകര്യം നിലവിലുള്ളത്. അൽ ഐനിൽ സെപ്തംബർ ഒന്നുമുതലാണ് സൗകര്യം ആരംഭിക്കുക. ഇ‍ൗ കേന്ദ്രത്തിൽ സിറ്റി ചെക്ക് ഇൻ ചെയ്യാനുള്ള കുറഞ്ഞ സമയം ഏഴ് മണിക്കൂറാണ്.

ഇത്തിഹാദ് എയർവെയ്‌സ്, എയർ അറേബ്യ, വിസ് എയർ, ഈജിപ്ത്‌ എയർ എന്നീ വിമാനങ്ങളിൽ യാത്രചെയ്യുന്നവർക്ക് സിറ്റി ചെക്ക് ഇൻ സൗകര്യം നേരത്തേ ഒരുക്കിയിട്ടുണ്ട്. യാത്രക്കാരുടെ വീടുകളിലെത്തി ചെക്ക് ഇൻ നടപടി പൂർത്തിയാക്കി ബാഗേജുകൾ സ്വീകരിക്കുന്ന ഹോം ചെക്ക് ഇൻ, അബുദാബി വിമാനത്താവളത്തിലേക്ക് എത്തുന്ന യാത്രക്കാരുടെ ബാഗേജുകൾ വിമാനത്താവളത്തിൽനിന്നും വീടുകളിലേക്കോ, ഹോട്ടലുകളിലേക്കോ എത്തിക്കുന്ന ലാൻഡ് ആൻഡ് ലീവ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8006672347.




Tags
deshabhimani section

Related News

View More
0 comments
Sort by

Home