ഇന്ത്യൻ എംബസി "ഭാരത് മേള" സാംസ്കാരിക ഉത്സവം; 7,000ത്തിലധികം സന്ദർശകർ

കുവൈത്ത് സിറ്റി: ഇന്ത്യൻ എംബസി സംഘടിപ്പിച്ച "ഭാരത് മേള" സന്ദർശക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തെ പ്രകടമാക്കാനും, കുവൈത്തുമായുള്ള ബന്ധം ശക്തിപ്പെടുത്താനും മേള മികച്ച വേദിയായി മാറി. സാൽമിയ ബോളിവാഡ് പാർക്ക് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാവിലെ മുതൽ രാത്രി 9 മണി വരെ നീണ്ടുനിന്ന മേളയിൽ 7,000ലധികം സന്ദർശകർ പങ്കെടുത്തു.
ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക, മുൻ ക്രിക്കറ്റ് താരങ്ങളായ എംഎസ്കെ പ്രസാദ്, വി രാജു എന്നിവർ ചേർന്നാണ് മേളയുടെ ഉദ്ഘാടനം നിർവഹിച്ചത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന കലാ-സാംസ്കാരിക പ്രകടനങ്ങൾ മേളയിൽ അവതരിപ്പിച്ചു. 700-ലധികം കലാകാരന്മാർ വേദിയിൽ തുടർച്ചയായി വിവിധ പരിപാടികൾ അവതരിപ്പിച്ചു.
മേളയിൽ ഇന്ത്യൻ സംഗീതം, നൃത്തം, പാചകരീതി, പാരമ്പര്യങ്ങൾ എന്നിവയുടെ പ്രദർശനം നടന്നു. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തെ ഒന്നിച്ചു കൂട്ടാനും അവരുടെ കഴിവുകൾ പ്രകടമാക്കാനും മേള ലക്ഷ്യമിടുന്നുണ്ടെന്ന് സ്ഥാനപതി ഡോ. സ്വൈക പറഞ്ഞു. ഇന്ത്യൻ സംരംഭങ്ങളെ പിന്തുണയ്ക്കുക എന്നത് എംബസിയുടെ പ്രധാന ചുമതലകളിലൊന്നാണെന്നും, കുവൈത്തുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധം വിപുലീകരിക്കുന്നതിന്റെ തെളിവാണ് അനവധി ഇന്ത്യൻ സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. കുവൈത്തുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി വ്യാപാരം 10 ബില്യൺ ഡോളർ കവിഞ്ഞിട്ടുണ്ടെന്നും ഇന്ത്യൻ നിർമിത കാറുകളും ഉൽപ്പന്നങ്ങളും കുവൈത്തിൽ സജീവമാകുന്നത് ഇരു രാജ്യങ്ങളുടെയും സഹകരണത്തിന്റെ അടയാളമാണെന്നും അദ്ദേഹം പറഞ്ഞു.









0 comments