കണ്ടെയ്നറിനകത്ത് ആശുപത്രി; ആരോഗ്യവും ലോജിസ്റ്റിക്‌സും ഒരുമിക്കുന്ന ആഗോള നൂതന സംരംഭത്തിന് തുടക്കം

container hospital
avatar
സഫറുള്ള പാലപ്പെട്ടി

Published on May 21, 2025, 03:28 PM | 2 min read

അബുദാബി: ആരോഗ്യവും ലോജിസ്റ്റിക്‌സും സമന്വയിപ്പിക്കുന്ന നവീന പദ്ധതിയായ 'ഡോക്ടൂർ' മെയ്ക് ഇറ്റ് ഇൻ ദി എമിറേറ്സിൽ അവതരിപ്പിച്ച് ബുർജീൽ ഹോൾഡിങ്‌സ്. അബുദാബി പോർട്ട്സ് ഗ്രൂപ്പുമായി (എഡി പോർട്ട്സ്) ചേർന്ന് ആഗോളതലത്തിൽ നടപ്പിലാക്കുന്ന സംരംഭം യുഎഇ വ്യവസായ നൂതന സാങ്കേതികവിദ്യ മന്ത്രി ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബറിന്റെ സാന്നിദ്ധ്യത്തിൽ ഉദ്ഘാടനം ചെയ്‌തു. എഡി പോർട്സ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ ക്യാപ്റ്റൻ മുഹമ്മദ് ജുമ അൽ ഷംസി, ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


പരമ്പരാഗത ആശുപത്രി സങ്കല്പങ്ങളിൽ നിന്നും വ്യത്യസ്തമായി പ്രവർത്തിക്കുന്ന ഒരു സമഗ്ര വിതരണ ശൃംഖലയാണ് കണ്ടെയ്നർ ആശുപത്രികൾ, ക്ലിനിക്കുകൾ, ഫീൽഡ് ആശുപത്രികൾ, സ്ഥിരമായ ആരോഗ്യസംരക്ഷണ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുന്ന ഡോക്ടൂർ.അതിനൂതന മെഡിക്കൽ സാങ്കേതികവിദ്യകൾ, വിദഗ്ധ ഡോക്ടർമാർ എന്നിവ ഉൾപ്പെടുത്തി രൂപകൽപന ചെയ്തിട്ടുള്ള കണ്ടെയ്നർ ആശുപത്രികളിലൂടെ വൈദ്യസഹായം ലഭ്യമല്ലാത്ത സ്ഥലങ്ങളിലും, പ്രകൃതി ദുരന്ത സമയങ്ങളിലും അതിവേഗം സഹായം എത്തിക്കാൻ സാധിക്കും എന്നതാണ് പ്രത്യേകത. 'ഡോക്', 'ടൂർ', 'ഡോക്ടർ' എന്നീ വാക്കുകളിൽ നിന്നാണ് ‘ഡോക്ടൂർ’ എന്ന പേരിന്റെ ഉത്ഭവം. ലോജിസ്റ്റിക്സ്, മോഡുലാർ ഇൻഫ്രാസ്ട്രക്ച്ചർ, പരിശീലനം, അടിയന്തര പ്രതികരണം എന്നീ ഘടകങ്ങൾ കോർത്തിണക്കിയുള്ള ഏകീകൃത സംവിധാനമായി പ്രവർത്തിച്ച് ഡോക്ടൂർ ആഗോള ആരോഗ്യമേഖലയെ ശക്തിപ്പെടുത്തും.


container hospital ഡോക്ടൂറിനെക്കുറിച്ച് യുഎഇ വ്യവസായ, നൂതന സാങ്കേതിക മന്ത്രി ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബറിനോട് ഡോ. ഷംഷീർ വയലിൽ വിശദീകരിക്കുന്നു.


ലോകത്തുടനീളം 34 ടെർമിനലുകളിൽ സാന്നിധ്യമുള്ള എഡി പോർട്ട്സിന് 247 കപ്പലുകൾ ഉൾപ്പെടുന്ന വൻ ലോജിസ്റ്റിക്സ് ശ്രേണിയാണുള്ളത്. എഡി പോർട്ട്സിന്റെ ലോജിസ്റ്റിക്സ് സംവിധാനവും ബുർജീൽ ഹോൾഡിങ്സിന്റെ സങ്കീർണ പരിചരണം നൽകാൻ കെല്പുള്ള ഹെൽത്ത്കെയർ നെറ്റ് വർക്കും കോർത്തിണക്കുന്ന ഡോക്ടൂർ ആഗോള ആരോഗ്യവിതരണ ശൃംഖല കാര്യക്ഷമമാക്കുകയും നവീകരിക്കുകയും ചെയ്യും. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ആഫ്രിക്കയിലുടനീളം അടിസ്ഥാന സൗകര്യങ്ങളും മികച്ച ആരോഗ്യസേവനങ്ങളും എത്തിക്കും. കണക്കുകൾ പ്രകാരം 2027 ആകുമ്പോഴേക്കും സബ്-സഹാറൻ ആഫ്രിക്കയുടെ ജിഡിപി സ്ഥിരമായി വളരും. ദീർഘകാല സാമ്പത്തിക, സാമൂഹിക വികസനത്തോടൊപ്പം അടിയന്തര ആവശ്യങ്ങൾ നിറവേറ്റുന്ന ആരോഗ്യസംരക്ഷണ സംവിധാനവും ഈ സാഹചര്യത്തിൽ ആവശ്യമാണ്.


ആഫ്രിക്കയിലുടനീളം ഫീൽഡ് ഹോസ്പിറ്റലുകൾ ഉൾപ്പെടുന്ന വലിയ തോതിലുള്ള ആരോഗ്യ പദ്ധതികൾ കൈകാര്യം ചെയ്തു പ്രവർത്തി പരിചയമുള്ള ബുർജീൽ ഹോൾഡിങ്സിന്റെ ഓപ്പറേഷൻസ് ആൻഡ് മാനേജ്മന്റ് സബ്സിഡിയറിയായ ഓപെറോണിക്സിന്റെ പിന്തുണയോടെയായിരിക്കും ഡോക്ടൂർ പ്രവർത്തിക്കുന്നത്. "നൂതന ക്ലിനിക്കൽ രീതികളെ ലോജിസ്റ്റിക്‌സും പ്രവർത്തന ക്ഷമതയുമായി സമന്വയിപ്പിക്കുന്ന ഒരു ഫുൾ സ്പെക്ട്രം പ്ലാറ്റഫോമാണ് ഡോക്ടൂർ. ആരോഗ്യസംരക്ഷണത്തിന്റെ അഭാവമുള്ള മേഖലകളിൽ വിവിധ പങ്കാളിത്തങ്ങളിലൂടെ ഉയർന്ന നിലവാരമുള്ള പരിചരണം സ്ഥിരമായി നൽകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്," ഡോ. ഷംഷീർ വയലിൽ പറഞ്ഞു.


പ്രാദേശിക തലത്തിൽ ക്ലിനിക്കൽ പരിശീലനം നല്കുന്നതിലൂടെയും, ഡാറ്റ അധിഷ്ഠിത ഇൻവെന്ററി, ലോജിസ്റ്റിക്സ് സംവിധാനങ്ങൾ നടപ്പാക്കുന്നതിലൂടെയും ആരോഗ്യ സേവന വിടവുകൾ നികത്താനും, കാലതാമസം കുറയ്ക്കാനും ഡോക്ടൂർ വഴി സാധിക്കും. ഇതോടൊപ്പം, മെഡിക്കൽ ലോജിസ്റ്റിക്, മെഡിക്കൽ ടൂറിസം തുടങ്ങിയ ആരോഗ്യ സംബന്ധമായ സേവനങ്ങൾക്കായി എഡി പോർട്സിന്റെ പ്രവർത്തനമേഖലകളിൽ മെഡിക്കൽ ഓഫീസുകളും ഭാവിയിൽ തുറക്കും. പദ്ധതിയുടെ സേവനങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനായി ഗവൺമെന്റുകൾ, പ്രാദേശിക ആരോഗ്യ സ്ഥാപനങ്ങൾ, ഹ്യുമാനിറ്റേറിയൻ ഏജൻസികൾ എന്നിവയുമായി ചേർന്ന് പ്രവർത്തിക്കും.


അടിയന്തര സാഹചര്യങ്ങളിലും പകർച്ച വ്യാധികൾ പൊട്ടിപുറപ്പെടുമ്പോഴും ദേശീയ ആരോഗ്യ മന്ത്രാലയങ്ങൾ, അന്താരാഷ്ട്ര സർക്കാരിതര സംഘടനകൾ, യുഎഇ യുടെ ഹ്യുമാനിറ്റേറിയൻ സംരംഭങ്ങൾ എന്നിവയുമായി ചേർന്ന് അടിയന്തര പരിചരണം നൽകും. പ്രതിസന്ധിക്ക് ശേഷമുള്ള വീണ്ടെടുക്കൽ കാലയളവുകളിൽ നിർണായക പരിചരണം നൽകുകയും, ദീർഘകാല കമ്മ്യൂണിറ്റി കേന്ദ്രീകൃതമായ ആരോഗ്യ പരിപാടികളെ പിന്തുണയ്ക്കുകയും ചെയ്യും. ഇതിൽ മാതൃ-ശിശു സംരക്ഷണം, രോഗപ്രതിരോധ കാമ്പെയ്നുകൾ, രോഗ നിരീക്ഷണം, മൊബൈൽ ഹെൽത്ത് എഡ്യൂക്കേഷൻ എന്നിവ ഉൾപ്പെടും.



deshabhimani section

Related News

View More
0 comments
Sort by

Home