ഹജ്ജ് ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ; മക്കയിലും പരിസരത്തും വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

ജിദ്ദ: ഈ വർഷത്തെ ഹജ്ജ് സീസണിനായുള്ള ഒരുക്കങ്ങൾ മക്കയിലും സമീപ സ്ഥലങ്ങളിലും അവസാന ഘട്ടത്തിലെത്തിയിരിക്കുകയാണ്. ഹജ്ജ് തീർഥാടകർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിനായി അടിസ്ഥാന സൗകര്യങ്ങൾ, ഗതാഗത സംവിധാനങ്ങൾ, ഫീൽഡ്, ആരോഗ്യ സേവനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ റോയൽ കമ്മീഷന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. കേന്ദ്ര പ്രദേശത്തും വിശുദ്ധ സ്ഥലങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന വിവിധ ഗുണമേന്മയുള്ള പദ്ധതികളിലൂടെ കമ്മീഷൻ തങ്ങളുടെ സന്നദ്ധത അറിയിച്ചു.
ഹജ്ജ് തീർഥാടകരെ സേവിക്കുന്നതിൽ ബന്ധപ്പെട്ട എല്ലാ സർക്കാർ ഏജൻസികളും ഒരേ മനസോടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെയുമാണ് മുന്നോട്ട് പോകുന്നതെന്ന് റോയൽ കമ്മീഷൻ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി, തിരക്ക് നിയന്ത്രിക്കാനും ജനങ്ങളെ എളുപ്പത്തിൽ വഴിതിരിച്ചുവിടാനും സഹായിക്കുന്ന തരത്തിൽ നടപ്പാതകൾ വീതി കൂട്ടിയിട്ടുണ്ട്. കൂടാതെ, കൂടുതൽ തണലുള്ള വഴികളും പ്രാർത്ഥനയ്ക്കായി പ്രത്യേക സ്ഥലങ്ങളും ഒരുക്കിയിട്ടുണ്ട്.
ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി, റോയൽ കമ്മീഷന് കീഴിലുള്ള ജനറൽ ട്രാൻസ്‌പോർട്ടേഷൻ സെന്റർ ഹജ്ജ് സീസണിലെ ഗതാഗത പ്രവർത്തനങ്ങൾക്കുള്ള പദ്ധതി ആരംഭിച്ചു. ദുൽ ഖഅദ 15 മുതൽ ദുൽ ഹിജ്ജ 30 വരെ നീണ്ടുനിൽക്കുന്ന ഈ പദ്ധതിയിൽ, 431 സ്റ്റോപ്പുകളും 4 പ്രധാന സ്റ്റേഷനുകളുമുള്ള 12 റൂട്ടുകളിൽ 400 "മക്ക ബസുകൾ" സർവീസ് നടത്തും. തിരക്കേറിയ റൂട്ടുകളിൽ വാഹനങ്ങളുടെ ജനറൽ സിൻഡിക്കേറ്റിന്റെ ബസുകളും മറ്റ് ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് ഗതാഗതം സുഗമമാക്കും. എളുപ്പത്തിൽ ലഭ്യമാകുന്ന "മക്ക ടാക്സി" സേവനത്തിനായി പ്രത്യേക സ്ഥലങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. സീസൺ മുഴുവൻ തടസമില്ലാത്തതും വിശ്വസനീയവുമായ സേവനം ഉറപ്പാക്കാൻ ഇതിനായി സേവന ദാതാക്കളുമായി കരാറുകൾ ഒപ്പുവച്ചിട്ടുണ്ട്.
ഹജ്ജ് തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനും യാത്രാ വഴികളിലെ സുഖവും സുരക്ഷയും ഉറപ്പാക്കുന്നതിനും മുസ്ദലിഫയിൽ വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്. ഇവിടെ 170,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ റബ്ബർ പാകിയ പ്രത്യേക കാൽനടപ്പാത നിർമ്മിച്ചിട്ടുണ്ട്. ചൂട് കുറയ്ക്കാനും വഴികൾക്ക് തണൽ നൽകാനും സഹായിക്കുന്ന 10,000 മരങ്ങൾ ഇവിടെ നട്ടുപിടിപ്പിച്ചിട്ടുണ്ട്. മിനയിൽ 200 കിടക്കകളുള്ള ഒരു ആശുപത്രിയും, പ്രധാന സ്ഥലങ്ങളിൽ 71 എമർജൻസി സെന്ററുകളും സ്ഥാപിച്ചിട്ടുണ്ട്. പ്രഥമശുശ്രൂഷ നൽകാനും മറ്റ് സഹായങ്ങൾ നൽകാനും ലക്ഷ്യമിട്ടുള്ള ഈ കേന്ദ്രങ്ങൾക്ക് പുറമെ, വിശ്രമിക്കാനുള്ള സ്ഥലങ്ങളും തണലുള്ള ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ, 24 മണിക്കൂറും വെള്ളം ലഭ്യമാക്കുന്നതിനായി 400 പുതിയ വാട്ടർ കൂളറുകളും സ്ഥാപിച്ചിട്ടുണ്ട്.
താമസ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി, രണ്ട് നിലകളുള്ള ടെന്റുകൾ നിർമ്മിച്ചിട്ടുണ്ട്. കൂടുതൽ ശുചിമുറികൾ നിർമ്മിച്ചത് തീർഥാടകരുടെ ക്യാമ്പുകൾ വികസിപ്പിക്കാനും മക്കയുടെ സമീപസ്ഥലങ്ങളിലെ സ്ഥല ലഭ്യത മെച്ചപ്പെടുത്താനും സഹായിക്കും. ചെറിയ
യാത്രകൾക്കായി ഇലക്ട്രിക് സ്കൂട്ടർ സേവനം മൂന്ന് പ്രത്യേക പാതകളിലായി തുടർച്ചയായ രണ്ടാം വർഷവും ലഭ്യമാക്കും. ഈ പദ്ധതികളെല്ലാം റോയൽ കമ്മീഷനും മറ്റ് ബന്ധപ്പെട്ട ഏജൻസികളും തമ്മിലുള്ള മികച്ച ഏകോപനത്തിന്റെയും കൂട്ടായ പ്രവർത്തനത്തിന്റെയും ഫലമാണ്. കാര്യക്ഷമമായ നടത്തിപ്പിലൂടെയും മികച്ച സേവനത്തിലൂടെയും തീർഥാടകരുടെ അനുഭവം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
ഈ തയ്യാറെടുപ്പുകൾക്ക് ഒപ്പം, റോയൽ കമ്മീഷൻ ഈ വർഷത്തെ ഹജ്ജ് സീസണിനായുള്ള മാധ്യമ പ്രചാരണവും ആരംഭിച്ചു. ഈ പദ്ധതികളെയും സംരംഭങ്ങളെയും കുറിച്ചുള്ള വിവരങ്ങളും ഹജ്ജിന്റെ വിവിധ ഘട്ടങ്ങൾ ഉൾക്കൊള്ളുന്ന ഡോക്യുമെന്ററി ദൃശ്യങ്ങളും പ്രചാരണത്തിന്റെ ഭാഗമായി പുറത്തിറക്കിയിട്ടുണ്ട്. സേവനങ്ങളുടെ ഗുണമേന്മ വർദ്ധിപ്പിക്കാനും തീർഥാടകരുടെ അനുഭവം മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങളുടെ വ്യാപ്തി ഇതിലൂടെ വ്യക്തമാക്കുന്നു.









0 comments