ഹജ്ജ്‌ 2025: ഇതുവരെ സൗദിയിലെത്തിയത് 8.2 ലക്ഷം വിദേശികൾ

hajj
വെബ് ഡെസ്ക്

Published on May 25, 2025, 03:02 PM | 1 min read

ജിദ്ദ : ഈ വർഷത്തെ ഹജ്ജ്‌ തീർഥാടനത്തിനായി 8,20,658 വിദേശികൾ ഇതുവരെ സൗദി അറേബ്യയിൽ എത്തിയതായി അധികൃതർ. രാജ്യത്തെ എല്ലാ അന്താരാഷ്ട്ര വ്യോമ, കര, കടൽ തുറമുഖങ്ങളിലൂടെയുമാണ് തീർഥാടകർ പ്രവേശിച്ചത്. തീർഥാടകരിൽ ബഹുഭൂരിപക്ഷവും വ്യോമമാർഗമാണ് രാജ്യത്തെത്തിയതെന്ന്‌ പാസ്‌പോർട്ട് ജനറൽ ഡയറക്‌ടറേറ്റ് അറിയിച്ചു. 7,82,358 പേരാണ്‌ വിമാനത്താവളങ്ങൾ വഴി സൗദിയിൽ പ്രവേശിച്ചത്‌. 35,478 തീർഥാടകർ കരമാർഗവും 2822 പേർ കടൽ മാർഗവും രാജ്യത്തെത്തി.


ഹജ്ജ് തീർഥാടകർക്കുള്ള പ്രവേശന നടപടിക്രമങ്ങൾ പരമാവധി സുഗമമാക്കാനുള്ള പ്രവർത്തനങ്ങൾ നടപ്പാക്കിയതായി പാസ്‌പോർട്ട് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇതിനായി രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും കര, കടൽ തുറമുഖങ്ങളിലുമുള്ള പ്ലാറ്റ്‌ഫോമുകൾ അത്യാധുനിക സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിച്ച് സജ്ജീകരിച്ചു. വേഗത്തിലും തടസ്സങ്ങളില്ലാതെയും നടപടിക്രമം പൂർത്തിയാക്കാൻ ഇത് തീർഥാടകരെ സഹായിച്ചു. വിവിധ ഭാഷകൾ കൈകാര്യം ചെയ്യാൻ കഴിവുള്ള ഉയർന്ന യോഗ്യതയുള്ള ഉദ്യോഗസ്ഥരെയും കേന്ദ്രങ്ങളിൽ നിയമിച്ചിരുന്നു. ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ള തീർഥാടകരുമായി ആശയവിനിമയം നടത്താനും അവരുടെ സംശയങ്ങൾക്ക് മറുപടി നൽകാനും ഉദ്യോഗസ്ഥരെ പ്രാപ്തരാക്കി.


അതേസമയം, തീർഥാടകരുടെ എണ്ണത്തിൽ ഇനിയുള്ള ദിവസങ്ങളിൽ ഗണ്യമായ വർധന പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയി ച്ചു. ഇതിന്റെ ഭാഗമായി എല്ലാ തുറമുഖങ്ങളിലും കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്‌. ഹജ്ജ് കർമങ്ങൾ ഭംഗിയായി പൂർത്തിയാക്കി തീർഥാടകർക്ക് തിരികെ പോകാനുള്ള എല്ലാ സൗകര്യങ്ങളും സൗദി അറേബ്യ ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home