സൗദി അറേബ്യയിലെ മികച്ച ഹജ്ജ് സേവനങ്ങൾക്കുള്ള ആരോഗ്യ ശേഷി അവാർഡ് ഒമാന്

മസ്‌കത്ത് : ഹജ്ജ് സീസണിലെ മികച്ച ആരോഗ്യ സേവനങ്ങൾക്ക് സൗദി അറേബ്യയിലെ ഹജ്ജ് ഉംറ മന്ത്രാലയം നൽകുന്ന ആരോഗ്യ ശേഷി പ്രതിബദ്ധത അവാർഡ് ഒമാന്. മക്കയിലെ ഹജ്ജ് മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് സൗദി ഹജ്ജ് ഉംറ മന്ത്രാലയം സംഘടിപ്പിച്ച വാർഷിക “ഖതമ മിസ്‌ക്” പരിപാടിയുടെ സമാപന ചടങ്ങിലാണ് അവാർഡ് സമ്മാനിച്ചത്.
ഹജ്ജ് തീർത്ഥാടകർക്ക് നൽകിയ ചികിത്സയും മുൻകരുതലുമാണ് ഒമാന് അംഗീകാരം നേടിക്കൊടുത്തതെന്ന് അധികൃതർ വ്യക്തമാക്കി. ഓരോ വർഷവും ഡോക്ടർമാർ, നഴ്‌സുമാർ, ഫാർമസിസ്റ്റുകൾ, മറ്റ് സ്പെഷ്യലിസ്റ്റുകൾ എന്നിവരടങ്ങുന്ന ഒമാൻ ആരോഗ്യ മന്ത്രാലയത്തിലെ മെഡിക്കൽ സംഘം ഹജ്ജ് കാലത്ത് പ്രവർത്തിക്കാറുണ്ട്. സൗദി മെഡിക്കൽ അധികാരികളുമായി ഏകോപിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു മെഡിക്കൽ ക്ലിനിക് സജ്ജമാണ്.
സൗദി അറേബ്യയിലെ ഹജ്ജ് ഉംറ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ-റബിയ ഹജ്ജ് സീസണിന്റെ സുഗമവും സുരക്ഷിതവുമായ നടത്തിപ്പിൽ നിർണായക പങ്ക് വഹിച്ച സർക്കാർ സ്ഥാപനങ്ങൾ, സിവിൽ സമൂഹം, ഹജ്ജ് ഓഫീസുകൾ എന്നിവയെ പ്രശംസിച്ചു. ഒമാൻ ഉൾപ്പെടെയുള്ള ഹജ്ജ് കാര്യ ഓഫീസുകൾക്ക് പ്രാഥമിക ക്രമീകരണ രേഖ നൽകിയതായും അറിയിച്ചു.









0 comments