ഗൾഫ് രാജ്യങ്ങൾ സംയുക്ത പ്രതിരോധ സംവിധാനം സജീവമാക്കും; അടിയന്തര യോഗം ഉടൻ ദോഹയിൽ

ദോഹ: ഇസ്രയേൽ ഖത്തറിന് നേരെ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങൾ സംയുക്ത പ്രതിരോധ സംവിധാനം സജീവമാക്കും. തിങ്കളാഴ്ച ദോഹയിൽ നടന്ന അറബ്-ഇസ്‌ലാമിക ഉച്ചകോടിക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഈ സുപ്രധാന നീക്കം പ്രഖ്യാപിച്ചത്. അറബ് ലോകവും ഇസ്‌ലാമിക രാഷ്ട്രങ്ങളും ഖത്തറിന് ശക്തമായ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജിസിസിയുടെ ഈ സുപ്രധാന നീക്കം. ഖത്തറിന് നേരെയുണ്ടായ ഇസ്രായേലിന്റെ ആക്രമണം, സംയുക്ത ഗൾഫ് സുരക്ഷയ്ക്കും, മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും നേരിട്ടുള്ള ഭീഷണിയാണെന്ന് ജിസിസി ചൂണ്ടിക്കാട്ടി.
ജിസിസിയുടെ സൈനിക വിഭാഗങ്ങൾക്കിടയിൽ ഗൾഫ് പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള കൂടിയാലോചനകൾ ആരംഭിച്ചതായി ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് മുഹമ്മദ് അൽ അൻസാരി അറിയിച്ചു. ജിസിസിയുടെ യൂണിഫൈഡ് മിലിട്ടറി കമാൻഡിന്റെ യോഗം ഉടൻതന്നെ ദോഹയിൽ ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ പ്രതിരോധ സാഹചര്യവും, ഇസ്രയേലിന്റെ ആക്രമണത്തിന്റെ വെളിച്ചത്തിലുള്ള ഭീഷണികളും വിലയിരുത്തുകയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം.
ജിസിസി രാജ്യങ്ങളായ സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഖത്തർ, ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ എന്നിവയുടെ പ്രതിരോധപരമായ ആശങ്കകൾ പരിഹരിക്കുന്നതിനായി രൂപീകരിച്ച സംയോജിത കൂട്ടായ സുരക്ഷാ ചട്ടക്കൂടാണ് ഇത്. 1981-ൽ ജിസിസി രൂപീകരിച്ചതോടെ സ്ഥാപിതമായതാണിത്. ഒരു രാജ്യത്തിന് നേരെയുള്ള ആക്രമണം എല്ലാ അംഗരാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്നാണ് ഈ ഉടമ്പടിയിലെ പ്രധാന വ്യവസ്ഥ. ഈ ചട്ടക്കൂടിൽ പെനിൻസുല ഷീൽഡ് ഫോഴ്‌സ്, ജിസിസി യൂണിഫൈഡ് മിലിട്ടറി കമാൻഡ്, പ്രാദേശിക പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ എന്നിവ ഉൾപ്പെടുന്നു. പുതിയ പ്രതിരോധ സംവിധാനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിലവിൽ ലഭ്യമല്ല.
ഖത്തറിന്റെ പരമാധികാരത്തിന് നേരെയുണ്ടായ ആക്രമണത്തെ ഉച്ചകോടി ശക്തമായി അപലപിച്ചു. ഖത്തറിന് നേരെ നടത്തിയ ആക്രമണത്തെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ധിക്കാരപരവും, വഞ്ചനാപരവും, ഭീരുത്വപരവുമാണെന്ന് വിശേഷിപ്പിച്ചു. ഏതെങ്കിലും അറബ്, മുസ്ലീം രാജ്യത്തിന് നേരെയുള്ള ആക്രമണം എല്ലാവർക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്ന് ഉച്ചകോടി അന്തിമ പ്രസ്താവനയിൽ പറഞ്ഞു. ഉച്ചകോടിയിൽ പങ്കെടുത്ത തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ, ഇസ്രായേലിനെ സാമ്പത്തികമായി ഒറ്റപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്തു.
ഉച്ചകോടിക്ക് പിന്നാലെ ചൊവ്വാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഖത്തറിലെത്തി. ദോഹയിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി കൂടിക്കാഴ്ച നടത്തി. ഗാസയിലെ വെടിനിർത്തൽ ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള സംയുക്ത നയതന്ത്ര ശ്രമങ്ങൾ ചർച്ചാവിഷയമായി. ഖത്തറിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും അമേരിക്കയുടെ ശക്തമായ പിന്തുണ റൂബിയോ ഉറപ്പ് നൽകി. യുഎസും ഖത്തറും തമ്മിലുള്ള പ്രതിരോധ സഹകരണ ഉടമ്പടി അന്തിമഘട്ടത്തിലാണെന്നും റൂബിയോ അറിയിച്ചു. ഈ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഈ ഉടമ്പടി വേഗത്തിലാക്കേണ്ടത് അത്യാവശ്യമാണെന്ന് ഖത്തർ വിദേശകാര്യ വക്താവ് മാജിദ് അൽ അൻസാരി വ്യക്തമാക്കി.








0 comments