ഭക്ഷ്യ സുരക്ഷാ ലാബ് 2025 ന് തുടക്കം

kuwait food safety
വെബ് ഡെസ്ക്

Published on Oct 06, 2025, 01:00 PM | 2 min read

മസ്‌കത്ത്: കാർഷിക-മത്സ്യബന്ധന-ജലവിഭവ മന്ത്രാലയം സംഘടിപ്പിക്കുന്ന ഭക്ഷ്യസുരക്ഷാ ലാബ് 2025 ന് തുടക്കമായി. വകുപ്പ് മന്ത്രി ഡോ. സൗദ് ഹമൂദ് അൽ ഹബ്‌സിയുടെ രക്ഷാകർതൃത്വത്തിലായിരുന്നു ലാബിന്റെ ഉദ്ഘാടനം. മേഖലയുമായി ബന്ധപ്പെട്ട പദ്ധതികൾ അവലോകനം ചെയ്യുക, തന്ത്രങ്ങൾ ആവിഷ്‌കരിക്കുക, വെല്ലുവിളികൾ പരിഹരിക്കുക തുടങ്ങിയവയാണ് ലാബിൻന്റെ ലക്ഷ്യങ്ങൾ. ഒമാൻ വിഷൻ 2040 ന്റെ ഭാഗമായ ഭക്ഷ്യസുരക്ഷാ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിൽ ഇത്തരം ലാബുകൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് മന്ത്രി പറഞ്ഞു.


ഉൽപ്പാദനം മെച്ചപ്പെടുത്തുന്നതിനും, വിതരണ ശൃംഖലകൾ വികസിപ്പിക്കുന്നതിനും, ഭക്ഷ്യ വിതരണത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും, അതുവഴി മേഖലയുടെ ശേഷിയും സുസ്ഥിരതയും വർദ്ധിപ്പിക്കുന്നതിനും കൃത്രിമ ബുദ്ധി, ഡാറ്റ അനലിറ്റിക്സ് തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന തരത്തിൽ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള മുന്നേറ്റത്തിൽ സംഭാവന ചെയ്യുന്നതിനും ലക്ഷ്യമിട്ടുള്ള പരിപാടികൾ ലാബിന്റെ ഭാഗമായുണ്ടാകുമെന്ന് മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട വിദഗ്ധർ, നിക്ഷേപകർ, സ്ഥാപന പ്രതിനിധികൾ തുടങ്ങിയവരെ ഉൾപ്പെടുത്തി പ്രത്യേക വർക്കിംഗ് സെഷനുകളും ചർച്ചാ പാനലുകളും ലാബിലുണ്ടാകും.

ഭക്ഷ്യ മേഖലയിലെ സ്വയംപര്യാപ്തതാ നിരക്ക് 65.8 ശതമാനത്തിലെത്തി. കാർഷിക ഉൽപ്പന്നങ്ങൾ 49.4 ശതമാനം, മൃഗ ഉൽപ്പന്നങ്ങൾ 87.3 ശതമാനം, മത്സ്യം 144.5 ശതമാനം, ഭക്ഷ്യ പാനീയ വ്യവസായങ്ങൾ 66.4 ശതമാനം എന്നിങ്ങനെയാണ് നിലവിലെ കണക്കുകളെന്ന് ദേശീയ സ്ഥിതിവിവര ഏജൻസി തലവൻ ഡോ. യൂസഫ് ബിൻ മുഹമ്മദ് അൽ റിയാമി വ്യക്തമാക്കി.

വർദ്ധിച്ചുവരുന്ന അന്തരീക്ഷ താപനില, പരിമിതമായ ജല സംഭരണം, ലവണാംശം വേർതിരിച്ചു കൊണ്ടുള്ള ശുദ്ധജല ഉൽപാദനം, ശരാശരി വർഷപാതം തുടങ്ങി പ്രകൃതിദത്ത വെല്ലുവിളികൾ മുതൽ കൃഷിയിടങ്ങളുടെ വളർച്ച, ജനസംഖ്യാ വളർച്ചാ നിരക്ക്, കാർഷിക മേഖലയിലെ തൊഴിലാളികളുടെ ലഭ്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങി ഭൂമിശാസ്ത്രപരമായ വെല്ലുവിളികൾ വരെ ഭക്ഷ്യസുരക്ഷയെ സാരമായി ബാധിക്കുന്നവയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


2025 ഓഗസ്റ്റ് അവസാനത്തോടെ ഭക്ഷ്യസുരക്ഷാ നിക്ഷേപ പരിപാടിയിലെ നിക്ഷേപ പദ്ധതികളുടെ എണ്ണം 407 ആയി. 1,717.5 ദശലക്ഷം ഒമാൻ റിയാലാണ് ആകെ നിക്ഷേപം. മന്ത്രാലയം ആരംഭിച്ച ലബോറട്ടറികളുടെ വിപുലീകരണവും പത്താം പഞ്ചവത്സര പദ്ധതിയുടെ പൂർത്തീകരണവും ലാബിലുണ്ടാകുമെന്ന് മന്ത്രാലയത്തിലെ കാർഷിക, മത്സ്യബന്ധന മാർക്കറ്റിംഗ് ഡയറക്ടർ ജനറലും ഭക്ഷ്യസുരക്ഷാ ലബോറട്ടറി 2025 ന്റെ ജനറൽ സൂപ്പർവൈസറുമായ ഡോ. മസൂദ് ബിൻ സുലൈമാൻ അൽ അസ്രി പറഞ്ഞു. അൽ ബത്തിന ഫാർമേഴ്‌സ് അസോസിയേഷൻ ചെയർമാൻ സയീദ് ബിൻ അബ്ദുല്ല അൽ ഖറൂസി, ഒമാനി മത്സ്യത്തൊഴിലാളി അസോസിയേഷൻ ഡയറക്ടർ ബോർഡ് ചെയർമാൻ അഹമ്മദ് ബിൻ അബ്ദുല്ല അൽ ബലൂഷി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Home