അതിദാരിദ്ര്യം തുടച്ച് നീക്കിയത് ശ്രദ്ധേയ നേട്ടം; കേരളത്തിലേത് ജീവിത നിലവാരം ഉയർത്തുന്ന പദ്ധതികൾ: ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ

അബുദാബി: അതിദാരിദ്ര്യം തുടച്ച് നീക്കിയത് മറ്റുള്ള നാടുകൾക്ക് പോലും മാതൃകയാക്കാവുന്ന ശ്രദ്ധേയമായ നേട്ടമാണെന്നും മുഖ്യമന്ത്രി വിളിച്ചത് പോലെ കേരളം സ്റ്റോറിയാണ് ഇതെല്ലാമെന്നും യുഎഇ സഹിഷ്‌ണുത-സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ.
ഗൾഫ് പര്യടനത്തിന്റെ ഭാഗമായി യുഎഇയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തുകൊണ്ട് അബുദാബി സിറ്റി ഗോൾഫ് ക്ലബ് മൈതാനത്ത് സംഘടിപ്പിച്ച ‘മലയാളോത്സവം' പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽ ഏറ്റവും ഉയർന്ന വിദ്യാഭ്യാസ നിലവാരമുള്ള സംസ്ഥാനമാണ് കേരളം. ആഗോള സമൂഹത്തിൽ കഴിവും ഇടപെടലുംകൊണ്ട് പ്രധാനപ്പെട്ടവരായ മലയാളികളുടെ ഇത്തരമൊരു വേദിയിൽ പങ്കെടുക്കാനായതിൽ ഏറെ സന്തോഷം. നിങ്ങൾ നടത്തുന്ന കഠിന പ്രയത്‌നത്തിനും പുലർത്തുന്ന സാഹോദര്യത്തിനും ഏറ്റെടുക്കുന്ന ചുമതകൾക്കും നന്ദി പറയുന്നു. യുഎഇ സമൂഹത്തിലെ വിലമതിക്കാനാകാത്ത ഭാഗമാണ് നിങ്ങൾ. ഇന്ത്യയും കേരളവുമായി യുഎഇക്ക് ഉള്ളത് ആഴത്തിൽ വേരൂന്നിയ ബന്ധമാണ്. മികച്ച സഹകരണ മനോഭാവവും സഹോദര്യവുമാണ് പരസ്പരമുള്ളത്.
ഇന്ത്യയുടെ നേട്ടങ്ങളിലും കരുത്തിലും തിളങ്ങുന്ന നക്ഷത്രമായാണ് കേരളത്തെ കാണുന്നത്. സാമൂഹിക ഐക്യം, സമാധാനപരമായ സഹവർത്തിത്വം, പുതിയ പദ്ധതികൾ എന്നിവ സംസ്ഥാനം പുലർത്തുന്ന മാതൃകയാണ്. വിദ്യാഭ്യാസത്തിലും സാങ്കേതികപരമായ മുന്നേറ്റത്തിലും സുസ്ഥിര വികസനത്തിലുമെല്ലാം ഇത് കാണാനാകുന്നു. ജന ജീവിത നിലവാരം ഉയർത്തുന്ന പുരോഗതിയാണ് കേരളത്തിൽ നടക്കുന്നത്- ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പറഞ്ഞു.









0 comments