ദുബായിൽ പുതിയ 200 ഇവി ചാർജിങ് സ്റ്റേഷനുകൾ

ദുബായ് : നഗരത്തിലെ ഇലക്ട്രിക് വാഹന (ഇവി) ഉപയോക്താക്കൾക്ക് വലിയ ആശ്വാസവുമായി ദുബായിലെ ഏറ്റവും വലിയ പെയ്ഡ് പാർക്കിംഗ് സേവനദാതാവായ പാർക്കിൻ, അനുബന്ധ സ്ഥാപനവുമായി ചേർന്ന് 200 അൾട്രാ-ഫാസ്റ്റ് ഇവി ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നു. 30 മിനിറ്റിൽ താഴെ ചാർജിങ് സാധ്യമാക്കുന്ന സംവിധാനങ്ങളായിരിക്കും ഇവ. ആദ്യഘട്ടത്തിൽ നഗരത്തിലെ തിരക്കേറിയ കേന്ദ്രങ്ങളിൽ 20 സ്റ്റേഷനുകൾ സ്ഥാപിക്കും. അടുത്ത 12 മാസത്തിനകം പൊതുവായും സ്വകാര്യമായും 200 ചാർജിങ് പോയിന്റുകൾ ഒരുക്കാനാണ് പദ്ധതിയെന്ന് അധികൃതർ അറിയിച്ചു.
പാർക്ക് ആൻഡ് ചാർജ് സംവിധാനത്തിലൂടെ പാർക്കിന്റെ മൊബൈൽ ആപ്ലിക്കേഷൻ വഴി റിസർവേഷൻ നടത്താം. തത്സമയ ചാർജിങ് സ്റ്റാറ്റസ് അറിയിക്കലും സുരക്ഷിത ഇൻ-ആപ്പ് പേയ്‌മെന്റും സംവിധാനത്തിലുണ്ടാകും. ദുബായിലുടനീളം ഏകദേശം 2.12 ലക്ഷം പെയ്ഡ് പാർക്കിംഗ് സൗകര്യങ്ങൾ നിയന്ത്രിക്കുന്ന പാർക്കിൻ, കഴിഞ്ഞ ഒക്ടോബറിൽ നടന്ന ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക-സ്റ്റാർട്ടപ്പ് എക്സിബിഷനായ ജൈറ്റക്സി (GITEX-)ൽ ചാർജ് & ഗോയുമായി ധാരണാപത്രം ഒപ്പുവച്ചിരുന്നു.
പുതിയ ഡിസി ചാർജിങ് നെറ്റ്‌വർക്ക് കർശനമായ ‘പാർക്ക് ആൻഡ് ചാർജ്’ പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കും പ്രവർത്തിക്കുക. സജീവ ചാർജിംഗിനിടെയിൽ മാത്രമേ വാഹനങ്ങൾക്ക് ചാർജിംഗ് ബേകളിൽ പാർക്ക് ചെയ്യാൻ അനുവാദമുള്ളൂ. ഇതോടെ അനധികൃത പാർക്കിംഗും പ്രത്യേക ബേകളിലെ അധിക താമസവും കുറയുമെന്നാണ് പ്രതീക്ഷ.








0 comments