യുഎഇയിലെ പാർക്കിങ് നിയമലംഘനം: 2025 മൂന്നാംപാദത്തിൽ 6.8 ലക്ഷം കവിഞ്ഞു

parkin dubai
വെബ് ഡെസ്ക്

Published on Nov 10, 2025, 07:08 PM | 2 min read

ദുബായ്: ഇ‍ൗ വർഷത്തിന്റെ മൂന്നാം പാദത്തിൽ 6,82,000ൽ അധികം നിയമലംഘനം രേഖപ്പെടുത്തിയതായി ദുബായിലെ പാർക്കിങ് സേവനം നിയന്ത്രിക്കുന്ന പാർക്കിൻ കമ്പനി. 2024-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച്‌ 63 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. പിഴകളിൽ 82 ശതമാനവും പൊതുപാർക്കിങ് നിയമലംഘനങ്ങളാണ്. മൂന്നാം പാദത്തിൽ 98 ലക്ഷം വാഹന നമ്പർപ്ലേറ്റുകൾ സ്‌കാൻ ചെയ്തു. കഴിഞ്ഞ വർഷം 47 ലക്ഷമായിരുന്നു, 107 ശതമാനമാണ്‌ വർധന. പുതുതായി ഉൾപ്പെടുത്തിയ 27 സ്‌മാർട്ട് പരിശോധന വാഹനം പിഴനടപടികൾ വേഗത്തിലാക്കാൻ സഹായിച്ചു.


ഇക്കാലയളവിൽ കന്പനി 15.70 കോടി ദിർഹം ലാഭം നേടി. കഴിഞ്ഞ വർഷത്തേക്കാൾ 50 ശതമാനമാണ്‌ ഉയർച്ച. കമ്പനിയുടെ മൊത്തം വരുമാനം 43 ശതമാനം വർധിച്ച് 34.33 കോടി ദിർഹമായി. പാർക്കിങ് നിരക്കുകളുടെ വ്യത്യാസം, പണമടച്ചുള്ള പാർക്കിങ്ങിലുണ്ടായ വ്യാപനം, കൂടിയ ഉപയോഗം എന്നിവയാണ് വളർച്ചയ്ക്ക് പിന്നിലെ പ്രധാന ഘടകങ്ങൾ. ശരാശരി പാർക്കിങ് ഫീസ് 51 ശതമാനം വർധിച്ച് 3.03 ദിർഹമാക്കി. പാർക്കിൻ അവതരിപ്പിച്ച വ്യത്യസ്‌ത നിരക്കുകൾക്കുശേഷം, സ്ഥിര ഉപയോക്താക്കൾ കൂടുതൽ അനുകൂലമായ സീസണൽ കാർഡുകൾക്ക് മുൻഗണന നൽകി. ഇതോടെ സീസണൽ കാർഡ് വിൽപ്പന 126 ശതമാനം വർധിച്ച് 81,000 ആയി. കഴിഞ്ഞ വർഷം 35,800 ആയിരുന്നു.


2025-ലെ മൂന്നാം പാദത്തിൽ ദുബായിലെ മൊത്തം പാർക്കിങ് സ്ഥലങ്ങളുടെ എണ്ണം ആറു ശതമാനം വർധിച്ച് 2,19,000 ആയി. പൊതുപാർക്കിങ് ഏഴു ശതമാനം ഉയർന്ന് 1,92,100 ആയി. ‘സോൺ സി’യിൽ 7800 പുതിയ റോഡ് പാർക്കിങ് ഇടങ്ങളും ‘ഡി’യിൽ 4600 ഓഫ് സ്ട്രീറ്റ് ഇടങ്ങളും ചേർത്തു. സോൺ ‘എ’യിലും ‘ബി’യിലും മാറ്റമില്ല.


കമ്പനി ഇക്കാലയളവിൽ വിവിധ സ്വകാര്യ വികസന ഏജൻസികളുമായി പുതിയ കരാറുകൾ ഒപ്പുവച്ചു. കാഫുവുമായി ചേർന്ന് ഓൺ- ഡിമാൻഡ് ഇന്ധനവും കാർ വാഷ് സേവനവും ഉൾപ്പെടുത്തുന്ന പ്രാദേശിക തലത്തിലെ ആദ്യ സംരംഭം തുടങ്ങിയതായി സിഇഒ മുഹമ്മദ് അബ്ദുള്ള അൽ അലി അറിയിച്ചു. വ്യത്യസ്ത പാർക്കിങ് നിരക്കുകളുടെ വിജയകരമായ നടപ്പാക്കലും വിപുലമായ പ്രവർത്തന മേഖലയും റെക്കോഡ് സീസണൽ കാർഡ് വിൽപ്പനയും ശക്തമായ നിയമപ്രവർത്തന ഫലങ്ങളും ചേർന്നതാണ് വരുമാന വർധനയ്ക്ക് പ്രധാന കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി.




deshabhimani section

Related News

View More
0 comments
Sort by

Home