റോഡിൽ അഭ്യാസം നടത്തിയ കാറുകൾ പിടിച്ചെടുത്ത് ദുബായ് പോലിസ്

ദുബായ്: പൊതുനിരത്തുകളിൽ അപകടകരമായ രീതിയിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയ രണ്ട് കാറുകൾ പിടിച്ചെടുത്തതായി ദുബായ് പോലീസ് അറിയിച്ചു. വാഹനം ഓടിച്ച ഡ്രൈവർമാരെയും തിരിച്ചറിഞ്ഞതായി ദുബായ് പോലീസിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ആക്ടിംഗ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ പറഞ്ഞു. സോഷ്യൽ മീഡിയയിൽ വൈറലാവുന്നതിന് വേണ്ടിയായിരുന്നു അഭ്യാസം.
അഭ്യാസ പ്രകടനത്തിന്റെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. അശ്രദ്ധമായ പെരുമാറ്റങ്ങൾ ഡ്രൈവർമാരുടെയും മറ്റ് യാത്രക്കാരുടെയും സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ഇത് ഗതാഗത നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് എന്നും അതിനാൽ ഇത്തരം പ്രവർത്തികൾ അനുവദിക്കാൻ സാധിക്കില്ലെന്നും ബ്രിഗേഡിയർ ബിൻ സുവൈദാൻ പറഞ്ഞു. ഇത്തരത്തിൽ കണ്ടുകെട്ടിയ വാഹനം വിട്ടുകൊടുക്കാൻ അതോറിറ്റി 50,000 ദിർഹം പിഴ ചുമത്തും. പൊതു റോഡുകൾ അഭ്യാസ പ്രകടനങ്ങൾക്കുള്ള വേദികളല്ല, ഇത്തരം അപകടകരമായ പ്രവൃത്തികളെ പ്രോത്സാഹിപ്പിക്കുന്നതിന് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് പൂർണ്ണമായും അസ്വീകാര്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









0 comments