അപൂർവ പിങ്ക് വജ്രമോഷണം: പ്രതികളെ പിടികൂടി ദുബായ് പൊലീസ്

ദുബായ് : ലോകത്തിലെ ഏറ്റവും അപൂർവങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന 21 കാരറ്റ് ഭാരമുള്ള ‘ഫാൻസി ഇന്റൻസ്’ പിങ്ക് വജ്രമോഷ്‌ടാക്കളെ ദുബായ് പൊലീസ് എട്ട് മണിക്കൂറിനുള്ളിൽ പിടികൂടി. 25 മില്യൺ ഡോളർ (91.8 മില്യൺ ദിർഹം) വിലവരുന്ന വജ്രമോഷണശ്രമത്തിൽ ഏഷ്യൻ വംശജരായ മൂന്ന് പേരടങ്ങിയ സംഘം അറസ്റ്റിലായി.
യൂറോപ്പിൽ നിന്ന് അടുത്തിടെ ദുബായിൽ എത്തിച്ച വജ്രം കൊള്ളയടിക്കാനായിരുന്നു പ്രതികളുടെ പദ്ധതി. വ്യാജ ഐഡന്റിറ്റികൾ ഉപയോഗിച്ച് ഇടനിലക്കാരെന്ന രീതിയിൽ വ്യാപാരിയെ സമീപിച്ച പ്രതികൾ വിശ്വാസ്യത നേടാൻ ആഡംബര കാറുകൾ വാടകയ്ക്ക് എടുത്തും പഞ്ചനക്ഷത്ര ഹോട്ടലുകളിൽ മീറ്റിംഗുകൾ നടത്തിയും കബളിപ്പിച്ചു. ഒരു ‘രത്നവിദഗ്ധനെയും’ കൂട്ടികൊണ്ടുവന്നു. വ്യാപാരിയെ വജ്രം സുരക്ഷിത സംഭരണിയിൽ നിന്ന് പുറത്തെടുക്കാൻ പ്രേരിപ്പിച്ച്, സ്വകാര്യ വില്ലയിൽ വെച്ച് കൈക്കലാക്കാനായിരുന്നു ശ്രമം.
എന്നാൽ, ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനും ക്രിമിനോളജിയുടെയും നേതൃത്വത്തിൽ പൊലീസ് വേഗത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു. കുറ്റകൃത്യത്തിന് പിന്നാലെ വ്യത്യസ്ത സ്ഥലങ്ങളിലേക്ക് ഒളിച്ചോടിയ പ്രതികളുടെ ഒളിത്താവളങ്ങൾ ഒരേസമയം റെയ്ഡ് ചെയ്ത് അറസ്റ്റ് ചെയ്തു.
മോഷ്ടിച്ച വജ്രം ഒരു ചെറിയ റഫ്രിജറേറ്ററിനുള്ളിൽ ഒളിപ്പിച്ച നിലയിൽ പൊലീസ് കണ്ടെത്തി. ഏഷ്യൻ രാജ്യത്തേക്ക് കടത്താൻ സംഘത്തിന് പദ്ധതിയുണ്ടായിരുന്നുവെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. 2005 മുതൽ ദുബായിൽ പ്രവർത്തിക്കുന്ന വ്യാപാരി പൊലീസിന് നന്ദി അറിയിച്ചു. 999-ലേക്ക് വിളിച്ചതിന് മിനിറ്റുകൾക്കകം പട്രോളിംഗ് സംഘം എത്തിയിരുന്നു. രാവിലെ തന്നെ പ്രതികളെ പിടികൂടി, വജ്രം തിരിച്ചുകിട്ടിയെന്ന സന്തോഷവാർത്ത പൊലീസിൽ നിന്ന് ലഭിച്ചു എന്ന് അദ്ദേഹം പറഞ്ഞു.









0 comments