വായനദിനം അറിവുത്സവമാക്കി ദുബായ് ബാലകലാസാഹിതി

ദുബായ്: ജൂൺ 19 വായന ദിനത്തിൽ അറിവുത്സവം ഒരുക്കി ബാലകലാസാഹിതി ദുബായ്. ദുബായ് യുവകല സാഹിതിയുടെ നേതൃത്വത്തിൽ ബാല കലാ സാഹിതി ഒരുക്കിയ പരിപാടി ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടന്നു. പ്രശസ്ത സാഹിത്യകാരൻ സി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജോൺ ബിനോ കാർലോസ് അധ്യക്ഷനായിരുന്നു എഴുത്തുകാരി ചന്ദ്രമതി വായനയുടെ ലോകത്തിലെ സാദ്ധ്യതകൾ കുട്ടികൾക്കായി പങ്കുവെച്ചു.
വായന അഭ്യസിച്ചു നേടേണ്ട സമ്പാദ്യമാണെന്ന് സി രാധാകൃഷ്ണൻ പറഞ്ഞു. ഇരുപതാം വയസിൽ വായിച്ച പുസ്തകങ്ങളുടെ കുറിപ്പുകൾ എഴുപതാം വയസിൽ പുതിയ നോവൽ എഴുതാൻ തന്നെ സഹായിച്ചുവെന്നും, വായന എന്നും തണലാക്കേണ്ട കുടയാണെന്നും ചന്ദ്രമതി പറഞ്ഞു. തുടർന്ന് പ്രവാസ ലോകത്തെ കുട്ടി എഴുത്തുകാരായ തഹാനി ഹാഷിർ, അനൂജ നായർ എന്നിവർ വായനാനുഭവങ്ങൾ പങ്കുവെച്ചു. എഴുത്തുകാരി ഗീതാഞ്ജലി നിയന്ത്രിച്ച പരിപാടിയിൽ എന്റെ പ്രിയപ്പെട്ട പുസ്തകം എന്ന വിഷയത്തിൽ കുട്ടികളായ ആദർശ് റോയ്, അവന്തിക സന്ദീപ് നായർ, ലക്ഷ്മി, കാശിനാഥ്, ദ്യുതി സ്മൃതി ധൻ, ശ്രേയ സേതു പിള്ളൈ, ആദിയ പ്രമോദ്, ദ്യുതി ജാഹ്നവി രാജീവ്, ആദിത്യ സുനീഷ് കുമാർ, എയ്ഞ്ചൽ വിൽസൺ തോമസ് എന്നിവർ വായനാനുഭവം പങ്കുവെച്ചു.
ബാലകലാസാഹിതി അംഗങ്ങളായ ആഷിഫ് ഷാജി, വൃന്ദ വിനോദ് എന്നിവർ കുട്ടികളുടെ സെഷൻ നിയന്ത്രിച്ചു. കുട്ടികൾക്കു വേണ്ടി മാത്രം നടത്തിയ സാഹിത്യ സംബന്ധിയായ ക്വിസ് മത്സരത്തിൽ മികച്ച പങ്കാളിത്തവും മത്സരവും നടന്നു. ആദിയ പ്രമോദ്, നയ്റ ഫാത്തിമ, ആദർശ് റോയ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ബിജു ജി നാഥ്, ജിൽസ ഷെറിറ്റ്, കവിത മനോജ് എന്നിവർ ക്വിസ് മത്സരത്തിന് നേതൃത്വം നല്കി. യുഎഇയിലെ സാഹിത്യ പ്രവർത്തകരായ അഷ്റഫ് കാവുംപുറം, വെള്ളിയോടൻ, വിനോദ് കുന്നുമ്മൽ, ജെറോം തോമസ്, ദീപ പ്രമോദ് എന്നിവർ സംസാരിച്ചു. യുവകലാസാഹിതി സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് സുഭാഷ് ദാസ് ആശംസകൾ അർപ്പിച്ചു. അക്ഷയ സന്തോഷ് നന്ദി പറഞ്ഞു









0 comments