കുവൈത്തിൽ ഇ‍ൗ വർഷം 527 ലഹരികടത്ത്‌ പിടിച്ചു; 823 പേർ അറസ്റ്റിൽ

arrest
avatar
സ്വന്തം ലേഖകൻ

Published on Aug 28, 2025, 04:12 PM | 1 min read

കുവൈത്ത് സിറ്റി: ഈ വർഷത്തിന്റെ തുടക്കംമുതൽ ഇതുവരെ 527 ലഹരി കടത്തുകൾ സുരക്ഷാസേന പിടികൂടിയതായി കുവൈത്ത്‌ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യവ്യാപകമായി സുരക്ഷാവിഭാഗങ്ങൾ നടത്തിയ ഓപ്പറേഷനുകളിലൂടെയാണ് ഇത്‌ സാധ്യമായതെന്നും അധികൃതർ അറിയിച്ചു. ആകെ 823 പേർ കേസുകളിൽ അറസ്റ്റിലായി. 1675 പേർക്കുനേരെ കേസുകൾ രജിസ്റ്റർ ചെയ്തു. തിരിച്ചറിയാൻ കഴിയാത്ത 70 പേർക്കെതിരെ നിയമനടപടികൾ ആരംഭിച്ചു. ഇതിന് പുറമെ, മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട 1359 കേസും രജിസ്റ്റർ ചെയ്തു. കുറ്റകൃത്യങ്ങളിൽ കുടുങ്ങിയ 729 പേരെ രാജ്യത്തുനിന്ന് നാടുകടത്തിയതായും അധികൃതർ സ്ഥിരീകരിച്ചു.


പിടിച്ചെടുത്ത ലഹരി വസ്തുക്കളുടെ അളവും വൈവിധ്യവും വൻതോതിലാണ്. 959 കിലോ ഹാഷിഷ്, 391 കിലോ ഷാബു, 30 കിലോ ഹെറോയിൻ, 4.7 കിലോ കൊക്കെയ്ൻ, 142 കിലോ മരിജുവാന, 227 കിലോ വിവിധ കെമിക്കൽ പൊടികൾ, 68 ലക്ഷം ലിറിക്ക ഗുളിക, 12,141 മദ്യകുപ്പി, 31 ബാരൽ മദ്യം എന്നിവയാണ്‌ പിടിച്ചെടുത്തത്‌. അതേസയമം, ലഹരി കടത്തിന്‌ പിന്തുണച്ച ആയുധങ്ങളും വെളിച്ചത്തുവന്നു. 13 ഷോട്ട്ഗൺ, 11 കലാഷ്‌നിക്കോവ് റൈഫിൾ, ഒരു എം 16, 25 പിസ്റ്റൾ, 968 വെടിയുണ്ട എന്നിവ സുരക്ഷാസേന പിടികൂടി.


ലഹരി, മദ്യക്കടത്തും ആയുധവ്യാപനവും രാജ്യത്തിന്റെ സുരക്ഷയ്ക്കും യുവതലമുറയുടെ ഭാവിക്കും നേരിട്ടുള്ള ഭീഷണിയാണെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം കുറ്റകൃത്യങ്ങളെ ചെറുക്കാൻ സുരക്ഷാഏജൻസികളുടെ ഇടപെടലുകൾ തുടർച്ചയായി ശക്തിപ്പെടുത്തും. കുറ്റകൃത്യങ്ങൾക്കെതിരെ ‘വിട്ടുവീഴ്ചയില്ലാത്ത’ നയം തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.




deshabhimani section

Related News

View More
0 comments
Sort by

Home