print edition മുഖ്യമന്ത്രിക്ക്‌ അബുദാബിയിൽ ആയിരങ്ങളുടെ വരവേൽപ്പ്‌

pinarayi vijayan

അബുദാബിയിലെ മലയാളോത്സവം പരിപാടിയിൽ യുഎഇ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്‌ ഉപഹാരം നൽകുന്നു. ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക് മിത്തൽ, നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ എം എ യൂസഫലി, മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് തുടങ്ങിയവർ സമീപം

വെബ് ഡെസ്ക്

Published on Nov 10, 2025, 01:59 AM | 1 min read

അബുദാബി: ഗൾഫ്‌ പര്യടനത്തിന്റെ ഭാഗമായി യുഎഇയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ അബുദാബിയുടെ മണ്ണിൽ ഹൃദയംകൊണ്ട്‌ വരവേറ്റ്‌ ആയിരങ്ങൾ. ക്ഷേമപദ്ധതികളാൽ പ്രവാസികളെ ചേർത്തുപിടിച്ച ജനനായകനെ കാണാൻ വിവിധ എമിറേറ്റുകളിൽനിന്ന്‌ മലയാളികൾ ഒഴുകിയെത്തി. അബുദാബി സിറ്റി ഗോൾഫ് ക്ലബ് മൈതാനത്ത് ‘മലയാളോത്സവം' പരിപാടിയിൽ മുഖ്യമന്ത്രി യുഎഇ മലയാളികളെ അഭിവാദ്യംചെയ്‌തു.


2016ൽ എൽഡിഎഫ്‌ സർക്കാരിനെ ഏൽപ്പിച്ച ദ‍ൗത്യം, ജനത ആഗ്രഹിച്ച രീതിയിൽ നടപ്പാക്കാൻ കഴിഞ്ഞു. കഴിഞ്ഞ ഒന്പതര വർഷത്തിൽ കേരളം എല്ലാ മേഖലയിലും വലിയ വളർച്ച കൈവരിച്ചു. ഗൾഫ് കുടിയേറ്റവും അതിന്റെ ഭാഗമായുണ്ടായ സാമ്പത്തിക മുന്നേറ്റവും മാറ്റത്തിൽ വലിയ പങ്കുവഹിച്ചു. 2016–21ൽ ആരംഭിച്ച വികസന പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ തുടർഭരണത്തിലൂടെ സാധിച്ചു. കൂടുതൽ വികസനത്തിലേക്ക്‌ പോകാനും നാടിന്റെ പുരോഗതിയിലേക്ക്‌ നയിക്കാനുമായത്‌ തുടർഭരണത്തിന്റെ ഭാഗമായാണ്‌. അതിന്‌ തുടർച്ചയുണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.


യുഎഇ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പരിപാടി ഉദ്‌ഘാടനം ചെയ്‌തു. നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ എം എ യൂസഫലി അധ്യക്ഷനായി. മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, യുഎഇയിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ തുടങ്ങിയവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ അഡ്വ. അൻസാരി സൈനുദ്ദീൻ സ്വാഗതവും കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ടി കെ മണികണ്ഠൻ നന്ദിയും പറഞ്ഞു.


മലയാളം മിഷൻ, ലോക കേരള സഭ, അബുദാബിയിലെയും അൽ ഐനിലെയും പ്രവാസി സംഘടനകൾ, കൂട്ടായ്‌മകൾ എന്നിവയുടെ നേതൃത്വത്തിലാണ്‌ പരിപാടി സംഘടിപ്പിച്ചത്‌. ഞായർ പകൽ അബുദാബിയിലെ പ്രവാസി സംഘടനാ പ്രതിനിധികളുമായും വ്യവസായ പ്രമുഖരുമായും മുഖ്യമന്ത്രി കൂടിക്കാഴ്‌ചയും നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Home