96 രാജ്യത്തുനിന്ന് 1400ൽ അധികം പ്രസാധകർ; അബുദാബി അന്താരാഷ്ട്ര പുസ്‌തകമേളയ്ക്ക് തുടക്കം

സഫറുള്ള പാലപ്പെട്ടി
Published on Apr 28, 2025, 08:25 PM | 1 min read
അബുദാബി: വായനയുടെ പുതിയതലങ്ങൾ പരിചയപ്പെടുത്താൻ അബുദാബി അന്താരാഷ്ട്ര പുസ്‌തകമേളയ്ക്ക് പ്രോജ്ജ്വല തുടക്കം. യുഎഇ പ്രസിഡന്റ് ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിലാണ് പരിപാടി. ഉപപ്രധാനമന്ത്രിയും വിദേശമന്ത്രിയുമായ ഷെയ്‌ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ പുസ്‌തകമേള ഉദ്ഘാടനം ചെയ്തു.
‘വിജ്ഞാനം സമൂഹത്തെ പ്രകാശിപ്പിക്കുന്നു’ എന്ന പ്രമേയത്തിൽ മെയ് അഞ്ചുവരെയാണ് മേള. അബുദാബി അറബിക് ഭാഷ സെന്ററിന്റെ (എഎൽസി) മേൽനോട്ടത്തിൽ അബുദാബി നാഷണൽ എക്സിബിഷൻ കമ്പനി (അഡ്‌നെക്) സെന്ററിലാണ് പുസ്‌തകമേള നടക്കുന്നത്. ഔദ്യോഗിക ചടങ്ങുകൾക്കുശേഷം മേളയിലെ വിവിധ പവിലിയനുകൾ ഷെയ്‌ഖ് അബ്ദുള്ള സന്ദർശിച്ചു. പുസ്‌തക വ്യവസായം നേരിടുന്ന പ്രധാന വെല്ലുവിളികളെക്കുറിച്ചുള്ള പ്രസാധകരുടെ ആശങ്കകൾ അദ്ദേഹം ചോദിച്ചറിഞ്ഞു.
96 രാജ്യത്തുനിന്നുള്ള 1400ൽ അധികം പ്രസാധകർ മേളയിലുണ്ട്. സാംസ്‌കാരിക വൈവിധ്യം പ്രോത്സാഹിപ്പിക്കുന്നതിലും വിജ്ഞാനാധിഷ്ഠിതമായ സമ്പദ്‌വ്യവസ്ഥയെ രൂപപ്പെടുത്തുന്നതിലും പുസ്തകമേളയ്ക്ക് പ്രധാന പങ്കുണ്ട്. അറബി ഭാഷയുടെയും വായനയുടെയും സഹിഷ്ണുതയുടെയും സംസ്‌കാരം പ്രോത്സാഹിപ്പിക്കാനും മേള ലക്ഷ്യമിടുന്നു. എമിറേറ്റിന്റെ സാംസ്‌കാരിക കാഴ്ചപ്പാടിനെകൂടിയാണ് മേള അടയാളപ്പെടുത്തുന്നത്.
ഈ വർഷത്തെ പുസ്‌തകമേളയുടെ ഭാഗമായി 2000-ൽ അധികം പരിപാടികൾ സംഘടിപ്പിക്കുമെന്ന് എഎൽസി എക്സിക്യുട്ടീവ് ഡയറക്ടർ സഈദ് ഹംദാൻ അൽ തുനൈജി പറഞ്ഞു. കുട്ടികൾക്കായി പ്രത്യേക പരിപാടികൾ, സാമൂഹിക കേന്ദ്രീകൃത സംരംഭങ്ങൾ തുടങ്ങിയവയും ഇതിൽ ഉൾപ്പെടും. പ്രസിദ്ധീകരണ വ്യവസായത്തിലെ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങളുമായി ‘ഡിജിറ്റൽ സ്‌ക്വയർ’ എന്ന സാങ്കേതികപ്രദർശനവും മേളയുടെ ഭാഗമായി നടക്കുന്നുണ്ട്. മേളയിൽ മൂന്ന് ലക്ഷത്തിലേറെ സന്ദർശകരെ പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.









0 comments