റഹീം നിയമ സഹായ സമിതിയ്ക്കു നേരെയുളള ആരോപണങ്ങള്‍ അടിസ്ഥാന രഹിതം; ഭാരവാഹികള്‍

abdul rahim
വെബ് ഡെസ്ക്

Published on Apr 18, 2025, 03:50 PM | 2 min read

റിയാദ്: അബ്ദുല്‍ റഹീം നിയമ സഹായ സമിതിയ്ക്കു നേരെയുളള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാമെന്നു ഭാരവാഹികള്‍. റഹീമിന്റെ മോചനം മാത്രമാണ് ലക്ഷ്യം. ഇതിനു സാധ്യമായ നിയമ സഹായങ്ങള്‍ തുടരുകയാണെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഏപ്രില്‍ 14ന് കേസ് പരിഗണിച്ചെങ്കിലും ഗവര്‍ണറേറ്റില്‍ നിന്നു ക്രിമിനല്‍ കോടതി ആവശ്യപ്പെട്ട ഒറിജിനല്‍ രേഖകള്‍ (എഫ്‌ഐആര്‍, കേസ് ഡയറി) ലഭ്യമല്ലാത്തതിനാല്‍ കേസ് മാറ്റിവെയ്ക്കുകയായിരുന്നു. വിഷന്‍ 2030ന്റെ ഭാഗമായി സൗദിയിലെ നീതിന്യായ സംവിധാനം കമ്പ്യൂട്ടര്‍വത്ക്കരണത്തിന്റെ പാതയിലാണ്. നാജിസ് എന്ന പേരില്‍ ആപ്ലിക്കേഷനും 140 സേവനങ്ങള്‍ ഡിജിറ്റല്‍വത്ക്കരിക്കുകയും ചെയ്തിട്ടുണ്ട്.


റഹീം കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഡാറ്റ എന്‍ട്രി ചെയ്തതില്‍ പിശക് സംഭവിച്ചിട്ടുണ്ടോ എന്നതുള്‍പ്പെടെയുളള കാര്യങ്ങള്‍ വീണ്ടും പരിശോധിക്കുന്നതിനാണ് കടലാസില്‍ രേഖപ്പെടുത്തിയ ഒറിജിനല്‍ രേഖകള്‍ ആവശ്യപ്പെടുന്നത് എന്നാണ് വിവരം. ആവശ്യമായ രേഖകള്‍ ഗവര്‍ണറേറ്റില്‍ നിന്നു കോടതിയുടെ പരിഗണനയ്ക്കു സമര്‍പ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കേസ് പരിഗണിക്കുന്ന മെയ് 5ന് അന്തിമ ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അബ്ദുല്‍ റഹീം തടവില്‍ തുടരുന്ന സാഹചര്യത്തില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും തളളിയിരുന്നു. എന്നാല്‍ അന്യായമായി തടവില്‍ കഴിയേണ്ടി വന്നിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരത്തിന് നിയമനടപടി സ്വീകരിക്കാന്‍ അവകാശമുണ്ടെന്നു കോടതി നിരീക്ഷിച്ചതായി സഹായ സമിതി ഭാരവാഹികള്‍ പറഞ്ഞു.


വധശിക്ഷ റദ്ദ് ചേയ്തതിനു ശേഷം മോചനം പ്രതീക്ഷിച്ചു കഴിയുന്ന അബ്ദു റഹീമിന്റെ കേസ് റിയാദ് ക്രിമിനല്‍ കോടതി പലതവണ പരിഗണിച്ചെങ്കിലും മോചന ഉത്തരവ് ഉണ്ടാകാത്ത സാഹചര്യത്തില്‍ വലിയ വിമര്‍ശനമാണ് സഹായ സമിതിയ്ക്കു നേരെ ഉയരുന്നത്. കേസ് പരിഗണിക്കുന്ന വേളയില്‍ നീതിന്യായ സംവിധാനങ്ങളിലെ സാങ്കേതിക നടപടിക്രമങ്ങളാണ് ഓരോ സിറ്റിംഗിലും കേസ് മാറ്റിവെയ്ക്കാന്‍ കാരണം. ഇത്തരത്തില്‍ 11 തവണ കോടതി ചേര്‍ന്ന വേളയില്‍ സ്വീകരിച്ച നടപടി ക്രമങ്ങള്‍, തീരുമാനങ്ങള്‍, കോടതി രേഖപ്പെടുത്തിയ വിശദമായ മിനിറ്റ്‌സ് എന്നിവ മാധ്യമ പ്രവര്‍ത്തകരുടെ മുമ്പില്‍ പ്രദര്‍ശിപ്പിച്ചു.


വധശിക്ഷ വിധിച്ച ഉത്തരവ്, 2023 ഒക്‌ടോബര്‍ 6ന് വധശിക്ഷ ശരിവച്ച ഉത്തരവ്, 2024 ജൂലൈ 2ന് ദിയാ ധനം സ്വീകരിച്ച് വധശിക്ഷ റദ്ദു ചെയ്ത ഉത്തരവ് എന്നിവ മാധ്യമ പ്രവര്‍ത്തകരെ കാണിച്ചു. മരിച്ച സൗദി ബാലന്‍ അനസ് അല്‍ ശഹ്‌രിയുടെ കുടുംബ അഭിഭാഷകന്റെ പേരില്‍ കോടതി 150 ലക്ഷം റിയാലിന്റെ ചെക്ക് കൈമാറിയതായും സഹായ സമിതി അറിയിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സഹായ സമിതിയുടെ വിശദീകരണം. വാര്‍ത്താ സമ്മേളനത്തില്‍ അബ്ദുല്ല വല്ലാഞ്ചിറ, സുരേന്ദ്രന്‍ കൂട്ടായി, സെബിന്‍ ഇഖ്ബാല്‍, നവാസ് വെളളിമാട്കുന്ന്, കുഞ്ഞോയ് ഫറോഖ്, മുനീബ് പാഴൂർ എന്നിവര്‍ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home