അക്കാദമിക് ബിരുദ അംഗീകാരം: ജിസിസി രാജ്യങ്ങളിൽ ഏകീകൃത മാര്‍ഗനിര്‍ദേശം

അനസ് യാസിന്‍
Published on May 22, 2025, 11:27 AM | 1 min read
മനാമ: ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) അംഗ രാജ്യങ്ങളിലെ അക്കാദമിക് ബിരുദങ്ങള്‍ക്ക് അംഗീകാരം നല്‍കാനുള്ള ഏകീകൃത മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് ജിസിസി വിദ്യാഭ്യാസ മന്ത്രിമാര്‍ അംഗീകാരം നല്‍കി. പ്രതിഭകളായ വിദ്യാര്‍ഥികളെയും ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളെയും പരിപാലിക്കുന്നതിനുള്ള ഏകീകൃത മാര്‍ഗനിര്‍ദേശങ്ങള്‍ക്കും യോഗം അംഗീകാരം നല്‍കി.
രാജ്യങ്ങള്‍ക്കിടയില്‍ സംയുക്ത ഗവേഷണ ഡാറ്റാബേസ് സ്ഥാപിക്കാനും യോഗത്തില്‍ തീരുമാനമായി. വിദ്യാഭ്യാസ പാഠ്യപദ്ധതികളില്‍ ഗള്‍ഫ് പൗരത്വത്തെക്കുറിച്ചുള്ള ഒരു പ്രത്യേക ഭാഗം ഉള്‍പ്പെടുത്താനും ധാരണയായി. കുവൈത്തില്‍ കഴിഞ്ഞ ദിവസം നടന്ന യോഗത്തിലാണ് ആറ് രാജ്യങ്ങളിലെയും മന്ത്രിമാര്‍ ചരിത്രപരമായ ഈ തീരുമാനമെടുത്തത്. ജിസിസി രാജ്യങ്ങളില്‍ ഉടനീളം അക്കാദമിക് ബിരുദങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിന് ഏകീകൃത ചട്ടക്കൂട് വരുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് കുവൈത്ത് വിദ്യാഭ്യാസ മന്ത്രി ജലാല്‍ അല്‍ തബ്തബായി അറിയിച്ചു.
ഉന്നത വിദ്യാഭ്യാസത്തിലും ശാസ്ത്ര ഗവേഷണത്തിലും ജിസിസി രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണവും ഏകീകരണവും ശക്തിപ്പെടുത്തുന്നതിനുള്ള നാഴികക്കല്ലാണ് യോഗമെന്നും മന്ത്രി അറിയിച്ചു. ഓരോ രാജ്യത്തിന്റെയും ചരിത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളുള്ളതിനാല്‍, ജിസിസി പാഠ്യപദ്ധതികളുടെ സമ്പൂര്‍ണ ഏകീകരണം സാധ്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, വിദ്യാഭ്യാസ സമ്പ്രദായം ഏകീകരിക്കാനും ജിസിസി രാജ്യങ്ങളിലുടനീളം കഴിവുറ്റ അധ്യാപകരെ കൈമാറ്റം ചെയ്യാനുമുള്ള ചില നിര്‍ദേശങ്ങള്‍ യോഗം പരിഗണിക്കുകയും ശുപാര്‍ശകള്‍ നല്‍കുകയും ചെയ്തു.








0 comments