കേരള ആര്‍ട്‌സ് ആന്‍ഡ് നാടക അക്കാദമിയുടെ പുതിയനാടകം 'മഴ' അരങ്ങിലെത്തുന്നു

കുവൈറ്റ് > കേരള ആര്‍ട്‌സ് ആന്‍ഡ് നാടക അക്കാദമി അവതരിപ്പിക്കുന്ന പുതിയ മെഗാ നാടകം 'മഴ' നവംബര്‍ 29, 30 തിയതികളില്‍ കുവൈറ്റിലെ അരങ്ങിലെത്തുന്നു. വിശ്വ സാഹിത്യകാരനായ വില്ല്യം ഷേക്‌സ്പിയറുടെ 'ഒഥല്ലോ'യുടെ സ്വതന്ത്ര നാടകാവിഷ്‌കാരമാണ് 'മഴ'. പ്രശസ്ത നാടകകൃത്തായ ഹേമന്ത് കുമാര്‍ അണ് തിരക്കഥയൊരുക്കുന്നത്. സംവിധാനം കലാശ്രീ ബാബു ചാക്കോളയും നിര്‍വഹിക്കുന്നു.
'മൂലകഥയെ മാത്രം നിലനിര്‍ത്തി, പുതിയ കഥാ സന്ദര്‍ഭങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടെയും, സംഭാഷണങ്ങളിലൂടെയും പുതിയൊരു കഥാപരിസരത്താണ് 'മഴ' സംഭവിക്കുന്നത് എങ്കിലും, ഈ നാടകത്തിന്റെ ആത്മാവും സൗന്ദര്യവും വിശ്വനാടകകാരന്‍ ലോകത്തിനു സമ്മാനിച്ച 'ഒഥല്ലൊ' എന്ന വിസ്മയം തന്നെയാണ് എന്നു സമ്മതിക്കാതെ വയ്യ.' വാര്‍ത്താസമ്മേളനത്തില്‍ നാടകകൃത്ത് ഹേമന്ത് കുമാര്‍ പറഞ്ഞു.
വലിയ ക്യാന്‍വാസില്‍ പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ മഴയുടെ രംഗപടമൊരുക്കുന്നത് ആര്‍ട്ടിസ്റ്റ് വിജയന്‍ കടമ്പേരിയാണ്. വസ്ത്രാലങ്കാരവും ചമയവും വക്കം മാഹീനും, ദീപവിതാനം ചിറക്കല്‍ രാജുവും നിര്‍വഹിക്കുന്നു.
അരങ്ങിലും അണിയറയിലുമായി ഒട്ടനവധി കലാകാരന്മാര്‍ അണിനിരക്കുന്ന 'മഴ' കുവൈറ്റിലെ പ്രവാസ നാടകരംഗത്ത് പുതിയൊരു അധ്യായം സൃഷ്ടിക്കുമെന്ന പ്രതീക്ഷയാണ് തനിക്കുള്ളത് എന്ന് സംവിധായകന്‍ ബാബു ചാക്കോള പറഞ്ഞു. കാന കുവൈറ്റ് പ്രസിഡണ്ട് കുമാര്‍ തൃത്താല, ജനറല്‍ സെക്രട്ടറി ജിജു കാലായില്‍, പ്രോഗ്രാം കണ്‍വീനര്‍ സജീവ് കെ പീറ്റര്‍. മഞ്ജു മാത്യു എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
ഹവല്ലിയിലെ ബോയ് സ്‌കൗട്ട് അസോസിയേഷന്‍ ഹാളില്‍ വ്യാഴാഴ്ച 6.30 നും, വെള്ളിയാഴ്ച 3.30 നും 6.30 നും നാടകത്തിന്റെ മൂന്ന് അവതരണങ്ങള്‍ ഉണ്ടായിരിക്കും. നാടകത്തിനുള്ള പ്രവേശനം സൗജന്യമാണ്. എന്നാല്‍ പ്രവേശന ടിക്കറ്റുകള്‍ മുന്‍കൂര്‍ കൈപ്പറ്റേണ്ടതാണ് എന്ന് ഭാരവാഹികള്‍ അറിയിച്ചു.









0 comments