ബഹ്‌റൈന്‍ അന്താരാഷ്ട്ര എയര്‍ ഷോക്കു സമാപനം

മനാമ > കരയിലും ആകാശത്തും ദൃശ്യ വിസ്മയം തീര്‍ത്ത് അഞ്ചാമത് ബഹ്‌റൈന്‍ അന്താരാഷ്ട്ര എയര്‍ഷോ സമാപിച്ചു. വിവിധ രാജ്യങ്ങളും വിമാന കമ്പനികളുമായി 500 കോടിയിലേറെ ഡോളറിന്റെ ഇടപാടുകളും കരാറുകളും മൂന്നു ദിവസം നീണ്ട എയര്‍ ഷോയില്‍ പിറന്നു.
ഓരോ ദിവസവും അഞ്ചു മണിക്കൂര്‍ അന്താരാഷ്ട്ര ഫ്‌ളയിംഗ് ടീമുകള്‍ അണിനിരന്ന ഫ്‌ളയിംഗ് ഡിസ്പ്ലേയായിരുന്നു ഇത്തവണ എയര്‍ ഷോയുടെ പ്രത്യേകത. റഷ്യന്‍ നൈറ്റ്സ്, യുഇയുടെ അല്‍ ഫുര്‍സാന്‍, ഗ്ലോബല്‍ സ്റ്റാര്‍സ് എയറോബാറ്റിക് ടീം, ബ്ലാക്ക് ഫാല്‍ക്കന്‍ പാരച്യൂട്ട് ടീം, പാരാ മോട്ടോര്‍ സോളോ ഡിസ്പ്ലേ, മാര്‍ക്ക് ജെഫ്രീസ് 'ലിറ്റില്‍ ആന്റ് ലാര്‍ജ്', റോയല്‍ ബഹ്റൈനി എയര്‍ഫോഴ്സ്, യുഎഇ എയര്‍ഫോഴ്സ്, യുഎസ് പ്രതിരോധ വിഭാഗം, ഇറ്റാലിയന്‍ വ്യോമ സേനാ ടീമായ ഫ്രെക്കെ ട്രൈകൊളാരി തുടങ്ങിയവയാണ് വ്യോമാഭ്യാസ പ്രകടനത്തില്‍ അണി നിരന്നത്.
യുഎസ് വ്യോമ സേനയിലെ സൂപ്പര്‍ സോണിക് വിമാനമായ റോക്ക്‌വെല്‍ ബി-1 ലാന്‍സര്‍ വേഗത്താലും ശബ്ദത്താലും കാണികളുടെ മനം കവര്‍ന്നു. അമേരിക്കയുടെ എഫ് 35, എഫ് 16, ബി-1 ബി എന്നിവയുടെ സോേളാ പ്രദര്‍ശനങ്ങളാണ് നടന്നത്.
നാലാമത് എയര്‍ ഷോയില്‍ നിന്നും വിത്യസ്തമായി ഈ വര്‍ഷം പങ്കെടുത്ത കമ്പനികളില്‍ 35 ശതമാനത്തിന്റെ വര്‍ഖനയുണ്ട്. പങ്കെടുത്ത 66 ശതമാനം കമ്പനികളും അന്താരാഷ്ട്ര കമ്പനികളാണെന്ന് ബഹ്‌റൈന്‍ ഗതാഗത മന്ത്രിയും സംഘടാക സമിതി ചെയര്‍മാനുമായ കമാല്‍ ബിന്‍ അഹമ്മദ് മുഹമ്മദ് അറിയിച്ചു. സൗദി ഗള്‍ഫ് എയര്‍ലൈന്‍സ് പത്ത് എയര്‍ ബസ് എ320ക്ക് കരാര്‍ നല്‍കിയതാണ് എയര്‍ ഷോയിലെ ഏറ്റവും വലിയ ഇടപാട്. വിമാനങ്ങളും എന്‍ജിനുമടക്കം 210 കോടി ഡോളര്‍ വരും ഇത്. ബഹ്‌റൈന്‍ ഔദ്യോഗിക വിമാന കമ്പനിയായ ഗള്‍ഫ് എയര്‍ എന്‍ജിന്‍ അറ്റകുറ്റപണിക്കായി 100 കോടി ഡോളറിന്റെയും കരാറായി.
ബഹ്‌റൈന്‍ ഗതാഗതവാര്‍ത്താ വിനിമയ മന്ത്രാലയം, റോയല്‍ ബഹ്‌റൈന്‍ എയര്‍ ഫോഴ്‌സ്, ഫാറന്‍ ബറോ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എന്നിവ ചേര്‍ന്നാണ് എയര്‍ ഷോ സംഘടിപ്പിച്ചത്. രണ്ടുവര്‍ഷത്തില്‍ ഒരിക്കലാണ് ബഹ്‌റൈന്‍ എയര്‍ ഷോ സംഘടിപ്പിക്കുന്നത്. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി വിവിധ പരിപാടികളും നടത്തിയിരുന്നു. മൂന്നു ദിവസവും ഷോ കാണാന്‍ അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടത്.
Related News

0 comments