നവ്യാനുഭവം പകര്‍ന്ന് 'ഭൂമി മലയാളം' അബുദാബിയില്‍ അരങ്ങേറി

അബുദാബി > കേരളപ്പിറവിദിനാഘോഷങ്ങളുടെ ഭാഗമായി കേരള സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള മലയാളം മിഷന്‍ അബുദാബി മേഖലയുടേയും കേരള സോഷ്യല്‍ സെന്ററിന്റേയും സംയുക്താഭിമുഖ്യത്തില്‍ അരങ്ങേറിയ 'ഭൂമി മലയാളം' പരിപാടികളുടെ വൈവിധ്യം കൊണ്ടും മലയാള ഭാഷ പഠിതാക്കളുടെ സാന്നിധ്യം കൊണ്ടും ഏറെ ശ്രദ്ധേയമായി.
'എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം' എന്ന സന്ദേശം ഉയര്‍ത്തിക്കൊണ്ട് കേരളത്തിനകത്തും പുറത്തുമുള്ള മലയാളികളില്‍ ഭാഷാസ്നേഹവും ദേശസ്നേഹവും വളര്‍ത്തിയെടുക്കുവാനും മലയാളഭാഷയുടേയും സംസ്‌കാരത്തിന്റേയും സംസ്ഥാനത്തിന്റേയും സര്‍വ്വതോന്‍മുഖമായ വികാസങ്ങളില്‍ പ്രവാസി മലയാളികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ആസൂത്രണം ചെയ്തത പദ്ധതിയുടെ ഭാഗമായാണ് 'ഭൂമി മലയാളം' സംഘടിപ്പിച്ചത്.
കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എ കെ ബീരാന്‍കുട്ടിയുടെ അദ്ധ്യക്ഷനായ സാംസ്‌കാരിക സമ്മേളനത്തില്‍ വെച്ച് പ്രമുഖ നാടക ചലച്ചിത്ര സംവിധായകന്‍ ഷൈജു അന്തിക്കാട് 'ഭൂമി മലയാളം' ഉദ്ഘാടനം ചെയ്തു.
കേരളത്തില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അതിരുകളില്ലാത്ത പൊതുഇടം ഇന്ന് പ്രവാസികള്‍ക്കിടയിലാണ് കാണപ്പെടുന്നതെന്ന് ഭൂമിമലയാളം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ഷൈജു അഭിപ്രായപ്പെട്ടു.
കേരള ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ എഴുതപ്പെടാവുന്നവയാണ് മലയാളം മിഷന്‍ നടത്തിക്കൊണ്ടിരിക്കുന്ന ഭാഷാ പ്രചരണ പരിപാടികള്‍. തുഞ്ചത്തെഴുത്തച്ഛന്റേയും വള്ളത്തോളിന്റേയുമെല്ലാം കവിതകള്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ ചൊല്ലുമ്പോള്‍ സന്തോഷിക്കുകയും അഭിമാനം കൊള്ളുകയും ചെയ്യുന്ന രക്ഷാകര്‍ത്താക്കളാവുക എന്നതാണ് ഏറ്റവും വലിയ കാര്യമെന്ന് അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
ലോക കേരള സഭ സ്റ്റാന്റിങ്ങ് കമ്മിറ്റി അംഗം കെ ബി മുരളി, മലയാളം മിഷന്‍ യുഎഇ ചാപ്റ്റര്‍ കോര്‍ഡിനേറ്റര്‍ കെ എല്‍ ഗോപി, അബുദാബി മേഖല കോര്‍ഡിനേറ്റര്‍ സഫറുള്ള പാലപ്പെട്ടി എന്നിവര്‍ സംസാരിച്ചു.
പ്രമുഖ കവി കെ സച്ചിദാനന്ദന്‍ തയ്യാറാക്കിയ ഭാഷാ പ്രതിജ്ഞ മലയാളം മിഷന്‍ അധ്യാപിക സോഫിയ ഷുഹൈബ് ചൊല്ലിക്കൊടുത്തു. സദസ് ഒന്നടങ്കം ഏറ്റുചൊല്ലി. മലയാളമിഷന്‍ പാഠ്യപദ്ധതിയുടെ ആദ്യ ഘട്ടത്തിലേയ്ക്കുള്ള 'കണിക്കൊന്ന' സൗജന്യ പാഠപുസ്തകത്തിന്റേയും അതിജീവിക്കുന്ന കേരളത്തിന് മലയാളം മിഷന്‍ വിദ്യാര്‍ഥികളുടെ കൈത്താങ്ങായ 'ചങ്ങാതിക്കുടുക്ക'യുടേയും വിതരണോദ്ഘാടനം ഷൈജു അന്തിക്കാട് നിര്‍വഹിച്ചു. കേരള സോഷ്യല്‍ സെന്ററിന്റെ സ്നേഹോപഹാരം ജനറല്‍ സെക്രട്ടറി ബിജിത് കുമാര്‍ ഷൈജു അന്തിക്കാടിന് സമ്മാനിച്ചു.
മലയാളം മിഷന്റെ കീഴിലായി അബുദാബിയുടെ വിവിധ ഇടങ്ങളില്‍ 21 സെന്ററുകളിലായി നടന്നുകൊണ്ടിരിക്കുന്ന സൗജന്യ മലയാളം പഠനക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറി. കലാപരിപാടികള്‍ക്ക് കേരള സോഷ്യല്‍ സെന്റര്‍ കലാവിഭാഗം സെക്രട്ടറി കണ്ണന്‍ ദാസ് നേതൃത്വം നല്‍കി. അസി. സാഹിത്യവിഭാഗം സെക്രട്ടറി ഫിറോസ് ചാലില്‍ നന്ദി പറഞ്ഞു.
മലയാളം മിഷന്‍ അബുദാബി മേഖലയും കേരള സോഷ്യല്‍ സെന്ററും സം യുക്തമായി സംഘടിപ്പിച്ച 'ഭൂമി മലയാളം' പ്രശസ്ത നാടക ചലച്ചിത്ര സംവിധായകന്‍ ഷൈജു അന്തിക്കാട് ഉദ്ഘാടനം ചെയ്യുന്നു









0 comments