സി ബി എസ് ഇ പരീക്ഷയെഴുതാൻ 75 ശതമാനം ഹാജർ നിർബന്ധം

കെ എൽ ഗോപി
Published on Aug 10, 2025, 03:28 PM | 1 min read
ഷാർജ : സി ബി എസ് ഇ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതണമെങ്കിൽ ഇനി 75% ഹാജർ നിർബന്ധം. സി ബി എസ് ഇ യുമായി അഫിലിയേറ്റ് ചെയ്ത സ്കൂളുകൾക്കായി അയച്ച, ബോർഡിന്റെ ഹാജർ നയം വിശദീകരിക്കുന്ന സർക്കുലറിലാണ് നിബന്ധന ഉള്ളത്. 2026 ബോർഡ് പരീക്ഷ എഴുതുന്ന 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് നിബന്ധന ബാധകമാകും. മെഡിക്കൽ അത്യാഹിതങ്ങൾ, ദേശീയ അന്തർദേശീയ കായിക മത്സരങ്ങളിൽ പങ്കെടുക്കൽ, മറ്റ് ഗുരുതര കാരണങ്ങൾ എന്നിവ പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ ആവശ്യമായ രേഖകൾ ഉണ്ടെങ്കിൽ മാത്രമേ അവധി എടുക്കാൻ അനുവാദം ഉള്ളുവെന്നും സർക്കുലറിൽ പറയുന്നു. ഗൾഫിലടക്കമുള്ള സിബിഎസ്ഇ അംഗീകൃത സ്കൂളുകളിൽ ഇത് ബാധകമാണ് എന്നാണ് വിവരം.
ഹാജർ നില പാലിക്കുന്നതിൽ സ്കൂളുകളുടെ ഉത്തരവാദിത്തങ്ങൾ ബോർഡ് വിശദീകരിച്ചിട്ടുണ്ട് അവ ഇപ്രകാരമാണ്;
75 ശതമാനം ഹാജർ നിയമത്തിന്റെ പ്രാധാന്യം, സ്കൂൾ വർഷത്തിന്റെ തുടക്കത്തിൽ തന്നെ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അറിയിക്കുക, സ്റ്റാൻഡേർഡ് ലീവ് നടപടിക്രമം പാലിക്കുക. സാധുവായ മെഡിക്കൽ രേഖകൾ ഹാജരാക്കി മെഡിക്കൽ ലീവ് എടുക്കുക എന്നിവയാണ് അവ. സർക്കുലർ അനുസരിച്ച് മറ്റു തരത്തിലുള്ള അവധികൾക്കും ഇത് ബാധകമാണ്. രേഖകളില്ലാതെ അവധി അപേക്ഷിക്കുന്നത് സ്കൂളിൽ അനധികൃതമായി ഹാജരാകാതിരിക്കുന്നതായി കണക്കാക്കും. ഹാജർ രേഖകൾ പതിവായി സൂക്ഷിക്കുകയും, അപ്ഡേറ്റ് ചെയ്യുകയും അതിൽ ക്ലാസ് ടീച്ചർ ഒപ്പിടുകയും വേണം. ഇത് എപ്പോൾ വേണമെങ്കിലും പരിശോധിക്കാനാകും വിധം സിബിഎസ്ഇയ്ക്ക് ലഭ്യമാക്കുകയും വേണം. വിദ്യാർത്ഥികൾ ആവശ്യമായ ഹാജർ നില പാലിക്കുന്നില്ലെങ്കിൽ സ്കൂൾ അധികാരികൾ രക്ഷിതാക്കളെ അറിയിക്കണം. ഹാജർ കുറവുള്ള കേസുകൾ ജനുവരി 7ന് മുമ്പ് ബോർഡിന് സമർപ്പിയ്ക്കണം. വിവരങ്ങൾക്ക് സിബിഎസ്ഇ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. ഹാജർ നില കുറഞ്ഞ കേസുകൾ അവലോകനം ചെയ്യുന്നതിന് സമർപ്പിക്കേണ്ട രേഖകളുടെ പട്ടികയും സർക്കുലറിൽ അടങ്ങിയിരിക്കുന്നു. മെഡിക്കൽ സർട്ടിഫിക്കറ്റുകൾ, മരണ സർട്ടിഫിക്കറ്റ്,,ബന്ധപ്പെട്ട സ്പോർട്സ് അതോറിറ്റി നൽകുന്ന സർട്ടിഫിക്കറ്റ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.









0 comments