ദുരിതാശ്വാസ നിധി: ബഹ്‌റൈൻ പ്രതിഭ ഒന്നാം ഗഡു അയച്ചത് 22 ലക്ഷം രൂപ

മനാമ > കേരളം അഭിമുഖീകരിച്ച ദുരിതത്തിൽ നിന്നും നാടിനെ കരകയറ്റുവാൻ ബഹ്‌റൈൻ തൊഴിലാളികൾ കൈ അയച്ചു നൽകിയ സംഭാവനയുടെ ഒന്നാം ഗഡു ആയി ബഹ്‌റൈൻ പ്രതിഭ 2226000 രൂപ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. വളരെ വ്യത്യസ്തമായ രീതിയിലാണ് ബഹ്‌റൈൻ പ്രതിഭ ഈ പ്രവർത്തനം നടത്തിയത്.
ആദ്യ ഘട്ടത്തിൽ തന്നെ ബഹ്‌റൈൻ പ്രതിഭയുടെ എല്ലാം അംഗങ്ങളും ഒരു ദിവസം മുതൽ മുകളിലോട്ടുള്ള വേതനം സംഭാവന ചെയുക എന്ന തീരുമാനം പ്രതിഭയുടെ പന്ത്രണ്ടു യൂണിറ്റ് കമ്മിറ്റികളും അക്ഷരാർത്ഥത്തിൽ തന്നെ നടപ്പിലാക്കി. തുടർന്ന് ബഹ്‌റൈൻ പ്രതിഭയുടെ അഭ്യുദയ കാംക്ഷികളെയും ഈ പ്രവർത്തനത്തിൽ അണി നിരത്തുകയാണ് ഉണ്ടായതെന്ന് പ്രതിഭ സെക്രട്ടറി ഷെരിഫ് കോഴിക്കോട് പ്രസിഡന്റ് മഹേഷ് മൊറാഴ എന്നിവർ പറഞ്ഞു . ബാലവേദി കൂട്ടുകാർ ആണ് ഇതിൽ ആവേശകരം ആയ പ്രവർത്തനവും ആയി ആദ്യം രംഗത്ത് ഇറങ്ങിയത്.
ശ്വേതാ ജെയ്‌സൺ, സജീവ് സതീഷ്, നവീൻ അനന്തകൃഷ്‌ണൻ തമ്പി എന്നീ ബാലവേദി കൂട്ടുകാർ തങ്ങളുടെ കുടുക്ക സമ്പാദ്യം ഉൾപ്പെടെ ഒരു തുക സംഭരിച്ചു പ്രതിഭ നേതൃത്വത്തെ ഏല്പിച്ചു .പ്രതിഭ സെട്രൽ മാർക്കറ്റ് യൂണിറ്റ് മെമ്പർഷിപ് സെക്രട്ടറി അനീഷ് കരിവെള്ളൂർ അനുശ്രീ ദമ്പതികൾ തങ്ങളുടെ മകന് ഒന്നാം പിറന്നാളിന് സമ്മാനമായി ലഭിച്ച സ്വർണ ബ്രേസ് ലേറ്റ് കൾ തന്നെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി .
പ്രതിഭ വനിതാ വേദി സ്വന്തമായി തുക സമാഹരിച്ചതിനോടൊപ്പം വനിതാ വേദി ഒത്തു ചേർന്ന് അച്ചാറുകളും പലഹാരങ്ങളും ഉണ്ടാക്കി വില്പന നടത്തി ആ തുക മുഴുവൻ ദുരിതാശ്വാസ നിധിയിൽ ഏൽപ്പിക്കുകയുണ്ടായി . കൂടാതെ പ്രതിഭ അംഗങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ പ്രത്യേക കൂട്ടയമകൾ രൂപീകരിച്ചു തുക കണ്ടെത്തി . അയ്യായിരം മുതൽ ഒരു ലക്ഷം വരെ യുള്ള തുകകൾ വിവിധ മേഖലകളിൽ നിന്നും ലഭിച്ചു. എയർമേക് തൊഴിലാളികളും മാനേജ്മെന്റും , വർഗീസ് ജോർജ് വടക്കടത്തും സുഹൃത്തുക്കളും , ജോയ് വെട്ടിയാടാൻ , സിറ്റി റിസോർട് , അനിൽ കുമാർ ( അനിൽ മാണ്ടി) ജി പി ഇസഡ് തൊഴിലാളികൾ തുടങ്ങി നിരവധി സ്ഥാപനങ്ങളും വ്യക്തികളും ഗ്രൂപ്പുകളും കൈ അയച്ചു സംഭാവന ചെയ്യുവാൻ മുന്നോട്ടു വന്നു .
പി ടി നാരായണൻ, പി ശ്രീജിത്ത് എന്നിവരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ബാക്കിയുള്ള തുക സംഭരിച്ചു സെപ്തംബര് 15 രണ്ടാം ഗഡു കൂടി അയക്കും എന്ന് ബഹ്‌റൈൻ പ്രതിഭ ഭാരവാഹികൾ പറഞ്ഞു. ഇത് കൂടാത്ത ബഹ്‌റൈൻ പ്രതിഭ കഴിഞ്ഞ രണ്ടു ദശാബ്ദത്തിൽ ഏറെ ആയി നാട്ടിൽ നൽകി വരുന്ന വിദ്യാഭ്യാസ അവാർഡ് ആയ പ്രതിഭ എസ്‌എഫ്ഐ വിദ്യാഭ്യാസ അവാർഡിനുള്ള ഈ വർഷത്തെ തുകയായ 175000 രൂപ അവാർഡ് ചടങ്ങ് റദ്ദാക്കി ദുരിതാശ്വാസ നിധിയിലേക്ക് നൽകുവാനും തീരുമാനിച്ചിട്ടുണ്ട്. അടുത്ത് തന്നെ എസ്‌എഫ്ഐ സംസ്ഥാന നേതൃത്വവുമായി ചേർന്ന് ഈ തുകയും കൈമാറും. അതോടെ ബഹ്‌റൈൻ പ്രതിഭയുടെ ഇതുവരെയുള്ള വിഹിതം 2500000 രൂപയാകുമെന്നും ഭാരവാഹികൾ അറിയിച്ചു. ഉന്നതമായ ബോധത്തിൽ നിന്നുകൊണ്ട് ഈ പ്രവർത്തനവുമായി സഹകരിച്ച മുഴുവൻ പ്രവാസികൾക്കും സ്ഥാപനങ്ങൾക്കും നന്ദി രേഖപെടുത്തുന്നതായി ബഹ്‌റൈൻ പ്രതിഭ അറിയിച്ചു.
Tags
Related News

0 comments