സൗദിയില്‍ 11.61 ലക്ഷം വിദേശികള്‍ പിടിയില്‍

മനാമ > കഴിഞ്ഞ ആറുമാസത്തിനിടെ സൗദിയില്‍ താമസ, തൊഴില്‍ നിയമം ലംഘിച്ചു കഴിഞ്ഞ 11,61,293 വിദേശികള്‍ പിടിയിലായി. കഴിഞ്ഞ വര്‍ഷം നവംബര്‍ 15 മുതല്‍ ഈ മാസം 24 വരെ സുരക്ഷാവിഭാഗങ്ങള്‍ നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായതെന്ന് അധികൃതര്‍ അറിയിച്ചു. പിടിയിലായവരില്‍ എല്ലാ രാജ്യക്കാരുമുണ്ട്. ഇതില്‍ 3,05,187 വിദേശികളെ നാടുകടത്തി.
ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്കു പ്രഖ്യാപിച്ച പൊതുമാപ്പ് നവംബര്‍ 14നാണ് അവസാനിച്ചത്. ഇതിനുശേഷമാണ് 'നിയമലംഘകരില്ലാത്ത രാജ്യം' എന്ന ശീര്‍ഘകത്തില്‍ ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ച കാമ്പയിന്റെ ഭാഗമായി രാജ്യ വ്യാപക റെയ്ഡ് തുടങ്ങിയത്. റെയ്ഡ് ശകതമായി തുടരുകയാണ്. പൊതുമാപ്പ് കാലയളവില്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നു നടപടികള്‍ പൂര്‍ത്തിയാക്കി ഫൈനല്‍ എക്സിറ്റ് നേടിയിട്ടും രാജ്യം വിടാതെ അനധികൃതമായി തങ്ങിയ നിരവധി പേര്‍ പിടിയിലായിട്ടുണ്ട്. ഇവര്‍ക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് ജവാസാത്ത് അറിയിച്ചു.
അറസ്റ്റിലായവരില്‍ 859,186 പേര്‍ ഇഖാമ നിയമലംഘകരും 207,189 പേ തൊഴില്‍ നിയമലംഘകരുമാണ്. നിയമലംഘകരായ വിദേശികള്‍ക്ക് താമസ, ഗതാഗത സൗകര്യം നല്‍കിയ കേസില്‍ പിടിയിലായ 379 സ്വദേശികളില്‍ 349 പേര്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിച്ച് വിട്ടയച്ചതായും സുരക്ഷാവിഭാഗം വെളിപ്പെടുത്തി. 30 പേര്‍ കേസ് തീര്‍പ്പാക്കാത്തതിന്റെ പേരില്‍ ഇപ്പോഴും ജയിലുകളില്‍ കഴിയുന്നുണ്ട്. 9259 വിദേശികളാണ് വിചാരണ പൂര്‍ത്തിയാക്കുന്നതും കാത്ത് ജയിലുകളില്‍ കഴിയുന്നത്. ഇവരില്‍ 8099 പേര്‍ പുരുഷന്മാരും 1160 പേര്‍ വനിതകളുമാണ്.
പിടിയിലായ 209,392 വിദേശികള്‍ക്കെതിരെ ഉടന്‍ ശിക്ഷാനപടികള്‍ സ്വീകരിച്ചു. 165,556 പേരുടെ യാത്രാരേഖകള്‍ ലഭ്യമാകുന്നതിന് വേണ്ടി അതത് നയതന്ത്രകാര്യാലയങ്ങളുമായി ബന്ധപ്പെട്ടുവെന്നും 205,155 പേരുടെ ടിക്കറ്റ് ലഭിക്കുന്നതിന് കാത്തിരിക്കുകയാണെന്നും സുരക്ഷാവിഭാഗം അറിയിച്ചു. അതിര്‍ത്തി സുരക്ഷാനിയമം ലംഘിച്ചതിന് 94,918 പേരും അറസ്റ്റിലായി. അനധികൃത മാര്‍ഗത്തിലൂടെ രാജ്യത്തിന് പുറത്തേക്ക് പോകാന്‍ ശ്രമിച്ച 753 പേരെയും പിടികൂടി.









0 comments