സൗദിയില്‍ വാഹനാപകടകത്തില്‍ മൂന്നു മലയാളികളടക്കം ഏഴുപേർ മരിച്ചു

മനാമ > സൗദിയില്‍ രണ്ടിടത്ത് വാഹാനപകടങ്ങളില്‍ പിതാവും മകനുമടക്കം മൂന്നു മലയാളികളുള്‍പ്പെടെ ഏഴു പേര്‍ മരിച്ചു. റിയാദ്മക്ക ഹൈവേയിലെ സാദിഖില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് കൊല്ലം റോഡുവിള സ്വദേശികളായ പാരവിള പുത്തന്‍ വീട്ടില്‍ മുഹമ്മദ് ഹനീഫ സൈനുദ്ദീന്‍ (58), മകന്‍ സൈനുദ്ദീന്‍ നാജി (23) എന്നിവും ജിദ്ദ ലൈത്ത് റോഡ് ചെക്ക് പോസ്റ്റിന് സമീപം നിര്‍ത്തിയിട്ട ട്രെയിലറിനു പിന്നില്‍ വാഹനം ഇടിച്ചു ചങ്ങരംകുളം കോക്കൂര്‍ സ്വദേശി സഹീര്‍ കോട്ടിരിഞ്ഞാലിലും (42) മരിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഉംറ തീര്‍ഥാടകരുടെ ബസ് അപകടത്തില്‍പെട്ടത്. ഒരു ബംഗ്ലാദേശി ഉള്‍പ്പെടെ മറ്റു നാലുപേര്‍ കൂടി അപകടത്തില്‍ മരിച്ചു. ഏതാനും പേര്‍ക്ക് പരിക്കേറ്റു. റിയാദില്‍ നിന്നും 250 കിലോ മീറ്റര്‍ അകലെയാണ് അപകട സ്ഥലം. അന്‍പതു പേരുമായി കിഴക്കന്‍ പ്രവിശ്യയിലെ ഖരിയ അല്‍ ഉലയയില്‍നിന്ന് ബുധനാഴ്ച രാത്രി പുറപ്പെട്ടതായിരുന്നു ബസ്.
സൈനുദ്ദീന്റെ ഭാര്യയും മകളും കൊല്ലത്തുനിന്നുള്ള ഗ്രൂപ്പില്‍ ഉംറ നിര്‍വഹിക്കാന്‍ കഴിഞ്ഞ ദിവസം മക്കയില്‍ എത്തിയിരുന്നു. ഇവരെ കാണാനാണ് മകനുമൊത്ത് സൈനുദ്ദീന്‍ പുറപ്പെട്ടത്.
ഖരിയ അല്‍ ഉലയയില്‍ പതിനഞ്ചു വര്‍ഷത്തിലേറെയായി ബൂഫിയ നടത്തുന്ന സൈനുദ്ദീന്‍ അസുഖ ബാധിതനായതിനെ തുടര്‍ന്ന് ഒരു വര്‍ഷം മുന്‍പാണ് വിദ്യാര്‍ഥിയായ മകനെ ബൂഫിയയില്‍ സഹായത്തിനായി കൊണ്ടുവന്നത്. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ ഇദ്ദേഹത്തിന്റെ മറ്റൊരു മകള്‍ ഏതാനും മാസം മുന്‍പ് നാട്ടില്‍ മരിച്ചിരുന്നു. എല്ലാ വര്‍ഷവും റമദാനില്‍ ബൂഫിയക്ക് അവധി നല്‍കി നാട്ടില്‍ പോകറാണ് പതിവ്. മൃതദേഹങ്ങള്‍ സാദിഖിലെ ആശുപത്രി മോര്‍ച്ചറിയില്‍.
ഷാമി ട്രേഡിംഗ് കമ്പനിയുടെ അസീര്‍ജിസാന്‍ മേഖല സെയില്‍സ്മാനായിരുന്നു സഹീര്‍. അപകടത്തില്‍ തലക്ക് ഗുരുതരമായി മുറിവേറ്റ സഹീറിനെ ഹൈവേ പൊലീസ് ജിദ്ദ മഹ്ജര്‍ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കിംഗ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയില്‍. കോട്ടിരിഞ്ഞാലില്‍ കുഞ്ഞാപ്പു ഖദീജ ദമ്പതികളുടെ മകനാണ് സഹീര്‍. ഭാര്യ അസ്മാബി. മക്കള്‍: ഫാത്തിമ നസ്‌റീന്‍ (13), നഫീസത്തുല്‍ മിസ്‌റിയ (11), ഫാത്തിമ മഹ്‌റിന്‍ (9). ശിഹാബ്, ഷമീറ സഹോദരങ്ങള്‍.









0 comments