കുവൈത്തിൽ 5 പേരുടെ വധശിക്ഷ നടപ്പാക്കി

കുവൈത്ത് സിറ്റി: കൊലപാതക കേസുകളിൽ ശിക്ഷിക്കപ്പെട്ട അഞ്ച് പേരുടെ വധശിക്ഷ നടപ്പാക്കിയതായി കുവൈത്ത്. തിങ്കൾ രാവിലെ സുലൈബിയ സെൻട്രൽ ജയിലിലാണ് ശിക്ഷ നടപ്പാക്കിയതെന്ന് ജയിൽ അധികൃതർ അറിയിച്ചു. വധശിക്ഷയ്ക്കായി നിശ്ചയിച്ചിരുന്ന എട്ട് പേരിൽ രണ്ടുപേർക്ക് മാപ്പ് ലഭിച്ചതായും ഒരാളുടെ ശിക്ഷ അവസാന നിമിഷം മാറ്റിവച്ചതായും അധികൃതർ വ്യക്തമാക്കി.
കൊല്ലപ്പെട്ടവരുടെ അനന്തരാവകാശികൾക്ക് ദിയാധനം നൽകിയതിനെ തുടർന്നാണ് ഒരു ഏഷ്യക്കാരി ഉൾപ്പെടെ രണ്ടു പേരെ ശിക്ഷയിൽനിന്ന് ഒഴിവാക്കിയത്. ജീവകാരുണ്യ സംഘടനകളുടെ ഇടപെടലുകളുടെ കൂടി ഫലമായാണ് രണ്ട് പ്രതികൾക്ക് മാപ്പ് ലഭിച്ചത്.
വധശിക്ഷ നടപ്പാക്കുന്നതിനു മുമ്പ് എല്ലാ നിയമ നടപടികളും കർശനമായി പാലിച്ചതായി അധികൃതർ വ്യക്തമാക്കി. ഓരോ കേസും നീതിയുടെയും കാരുണ്യത്തിന്റെയും അടിസ്ഥാനത്തിൽ വിശദമായി പരിശോധിച്ചതിനുശേഷമാണ് മാപ്പും ശിക്ഷ മാറ്റിവയ്ക്കലുമെല്ലാം നടപ്പാക്കിയത്. കുവൈത്തിൽ ഈ വർഷം നടപ്പാക്കുന്ന രണ്ടാം വധശിക്ഷയാണിത്. ജനുവരി 19ന് ആണ് രാജ്യത്ത് അവസാനമായി വധശിക്ഷ നടപ്പാക്കിയത്.









0 comments