ജലസംഭരണി പൊട്ടിത്തെറിച്ച് 3 പ്രവാസികൾക്ക് ദാരുണാന്ത്യം

കുവൈത്ത് സിറ്റി : കുവൈത്തിലെ ഫാക്ടറിയിൽ ജലസംഭരണി പൊട്ടിത്തെറിച്ച് മൂന്ന് പ്രവാസി തൊഴിലാളികൾക്ക് ദാരുണാന്ത്യം. മിനാ അബ്ദുള്ള വ്യാവസായിക മേഖലയിലാണ് അപകടമുണ്ടായത്. തൊഴിലാളികൾ സംഭരണിയ്ക്കുള്ളിൽ ശുചീകരണ ജോലി ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ഫോം, ഓക്സിജൻ തുടങ്ങിയ രാസവസ്‌തുക്കൾ ഉപയോഗിച്ചുകൊണ്ടുള്ള വൃത്തിയാക്കൽ ജോലിക്കിടെയായിരുന്നു സ്‌ഫോടനം. ഉയർന്ന അന്തരീക്ഷ താപനില കാരണം സംഭവിച്ച രാസപ്രവർത്തനമാണ് സ്ഫോടനത്തിന് കാരണമായതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. ഫോറൻസിക് വിഭാഗം സമഗ്ര പരിശോധന തുടരുകയാണ്.
അപകടവിവരം ലഭിച്ചയുടൻ അടിയന്തര സുരക്ഷാസംഘങ്ങൾ, അഗ്നിശമനസേന, ആംബുലൻസ്, ഫോറൻസിക് വിദഗ്ധർ എന്നിവ സംഭവസ്ഥലത്തെത്തി. സംഭരണി പൂർണമായും തകർന്ന നിലയിലായിരുന്നുവെന്നും ജീവനക്കാർ അകത്തായിരുന്നതിനാൽ രക്ഷാപ്രവർത്തനം അസാധ്യമായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. മരണപ്പെട്ട തൊഴിലാളികളുടെ പേരുകൾ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടരുകയാണ്.









0 comments