ജലീബിൽ സുരക്ഷാ പരിശോധന: 301 പേർ അറസ്റ്റിൽ; 249 പേരെ നാടുകടത്തി

കുവൈത്ത് സിറ്റി: ജലീബ് അൽ -ശുയൂഖ് മേഖലയിൽ കുവൈത്ത് ആഭ്യന്തര മന്ത്രാലയം നടത്തിയ വൻ സുരക്ഷാ പരിശോധനയിൽ 700ൽ അധികം നിയമലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ആക്ടിങ് പ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബയുടെ മേൽനോട്ടത്തിൽ വിവിധ സർക്കാർ ഏജൻസികൾ ചേർന്നാണ് സംയുക്ത പരിശോധന നടത്തിയത്. ക്രിമിനൽ സെക്യൂരിറ്റി സെക്ടറും ഫർവാനിയ ഗവർണറേറ്റിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനും സ്റ്റേറ്റ് ഏജൻസികളുമായുള്ള സഹകരണത്തോടെ നടന്ന പരിശോധനയിൽ ഒളിവിൽ കഴിഞ്ഞിരുന്ന 52 പേരുൾപ്പടെ 301 പേരെ അറസ്റ്റ് ചെയ്തു.
താമസ നിയമലംഘനങ്ങൾക്ക് 249 പേരെ നാടുകടത്തുകയും വിവിധ കേസുകളുമായി ബന്ധപ്പെട്ട 191 വസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തു. ഫയർഫോഴ്‌സ് നടത്തിയ പരിശോധനയിൽ 238 അടച്ചുപൂട്ടൽ നോട്ടീസുകൾ പുറപ്പെടുവിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ 121 ഇലക്ട്രിക്കൽ കേബിളുകൾ വിച്ഛേദിച്ചു. 130 വീടുകളുടെ വൈദ്യുതി ബന്ധം റദ്ദാക്കുകയും ചെയ്തു. പരിസ്ഥിതി പബ്ലിക് അതോറിറ്റി 78 ലംഘനങ്ങൾക്ക് നോട്ടീസ് നൽകി. കുവൈത്ത് മുനിസിപ്പാലിറ്റി 495 നിയമലംഘനങ്ങൾ രേഖപ്പെടുത്തി. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ 152 പ്രവാസികളുടെ താമസസ്ഥിതിയും പരിശോധിച്ചു. മലിനജല ചോർച്ചയുമായി ബന്ധപ്പെട്ട 30 പരാതികളും പരിഹരിച്ചു. പ്രദേശത്തെ പൊതുസുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കാൻ ഇത്തരത്തിലുള്ള പരിശോധനകൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.









0 comments