അബ്ദുറഹീമിന് ആശ്വാസം: കീഴ്ക്കോടതി വിധി ശരിവെച്ച് സുപ്രീംകോടതി

റിയാദ്: നീണ്ട 19 വർഷമായി സൗദിയിലെ റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ കേസിൽ കീഴ്ക്കോടതിയുടെ വിധി ശരിവെച്ച് സൗദി സുപ്രീംകോടതി. അപ്പീൽ കോടതിയുടെ വിധിക്കെതിരെ പ്രോസിക്യൂഷൻ നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളുകയായിരുന്നു.
നേരത്തെ മെയ് 26ന് ഇരുപത് വർഷത്തെ ശിക്ഷ വിധിച്ച റിയാദിലെ ക്രിമിനൽ കോടതിയുടെ വിധി ജൂലൈ ഒമ്പതിന് അപ്പീൽ കോടതി ശരിവെച്ചിരുന്നു. അന്തിമവിധി പ്രഖ്യാപനത്തിനായി സുപ്രിംകോടതിയുടെ പരിഗണനയിലായിരുന്നു. പ്രോസിക്യൂഷന്റെ അപ്പീലിനെതിരെ അബ്ദുറഹീമിന്റെ അഭിഭാഷകരും സുപ്രിംകോടതിയിൽ അപ്പീൽ നൽകിയിരുന്നു. കേസിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ അപ്പീൽ കോടതിയിലും സുപ്രിംകോടതിയിലും അബ്ദുറഹീമിന്റെ അഭിഭാഷകരായ അഡ്വ റെനയും അബുഫൈസലും അബ്ദുറഹീമിന്റെ പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവൂരും രംഗത്തുണ്ടായിരുന്നു. സുപ്രീംകോടതിയുടെ വിധി ഏറെ സന്തോഷം നൽകുന്നതാണെന്ന് റിയാദിലെ അബ്ദുറഹീം നിയമ സഹായ സമിതി ചെയർമാൻ സി പി മുസ്‌തഫ, ജനറൽ കൺവീനർ അബ്ദുല്ല വല്ലാഞ്ചിറ, ട്രഷറർ സെബിൻ, യുസഫ് കാക്കഞ്ചേരി എന്നിവർ പറഞ്ഞു.
രാമനാട്ടുകര നഗരസഭയിലെ കോടമ്പുഴ പരേതനായ മച്ചിലകത്ത് പീടിയേക്കൽ മുഹമ്മദ് കുട്ടിയുടെയും ഫാത്തിമ (പാത്തു)യുടെയും മകനായ അബ്ദുറഹീം 2006 നവംബർ 28ന് 26-ാം വയസിലാണ് ഡ്രൈവർ ജോലിക്കായി റിയാദിലെത്തിയത്. ഡിസംബർ 24നാണ് സൗദി പൗരൻ ഫായിസ് അബ്‌ദുല്ല അബ്‌ദുറഹിമാൻ അൽ ശഹ്‌രിയുടെ അസുഖമുള്ള മകൻ അനസ് അൽ ശഹ്‌രി(15)യുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റിലായി അബ്ദുറഹീമിനെ റിയാദ് ഇസ്കാനിലെ ജയിലിലടക്കപ്പെട്ടത്. കേസിൽ വധശിക്ഷ വിധിച്ച് 18 വർഷം പിന്നിട്ടപ്പോഴാണ് 34 കോടി രൂപ ദിയാധനം സ്വീകരിച്ച് സൗദി കുടുംബം മാപ്പ് നൽകിയത്. ഇതേ തുടർന്നാണ് കഴിഞ്ഞ ജൂലൈ രണ്ടിന് റഹീമിന്റെ വധശിക്ഷ റദ്ദാക്കിയത്. ദിവസങ്ങൾക്കകം 48 കോടി രൂപ റഹീമിന്റെ മോചനത്തിനായി സമാഹരിച്ചു. ഇതിൽ 34 കോടി രൂപ മരണപ്പെട്ട സൗദി ബാലന്റെ കുടുംബത്തിനും ഒന്നര കോടി രൂപ സൗദിയിൽ അഭിഭാഷകനും നൽകി.









0 comments