ആരോഗ്യ മേഖലയിൽ സഹകരണക്കരാറിൽ ഒപ്പു വച്ച് ഒമാനും ക്യൂബയും

മസ്‌കത്ത് : ആരോഗ്യമേഖലയിൽ സുപ്രധാന കരാറുകളിൽ സുൽത്താനേറ്റ് ഓഫ് ഒമാനും ക്യൂബൻ റിപ്പബ്ലിക്കും ഒപ്പു വച്ചു. ഇരു രാഷ്ട്രങ്ങളിലുമുള്ള ആരോഗ്യ മേഖലയിലെ വൈദഗ്ദ്ധ്യവും നൂതന സംവിധാനങ്ങളും പങ്കിടുന്നതിനുള്ള ഉടമ്പടികളിലാണ് പരസ്പരധാരണയിലെത്തിയത്. ഒമാൻ ആരോഗ്യമന്ത്രി ഡോ. ഹിലാൽ അലി അൽ സബ്തിയും ക്യൂബൻ ആരോഗ്യമന്ത്രി ഡോ. ജോസ് ഏഞ്ചൽ പോർട്ടൽ മിറാൻഡയും ചേർന്നാണ് കരാറിൽ ഒപ്പുവച്ചത്. വിദഗ്ധരായ ആരോഗ്യപ്രവർത്തകരുടെ കൈമാറ്റം, പ്രത്യേക പരിശീലനങ്ങൾ, സംയോജിത ഗവേഷണം തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ കരാറിന്റെ ഭാഗമായിരിക്കും. ലോകാരോഗ്യ സംഘടനാ ആസ്ഥാനമായ ജനീവയിൽ നടന്ന എഴുപത്തിയെട്ടാമത് ലോകാരോഗ്യ സമിതി യോഗത്തിലാണ് ഇരു രാഷ്ട്ര പ്രതിനിധികളും ചേർന്ന് ഈ സുപ്രധാന കരാറിൽ ഒപ്പുവച്ചതെന്ന് ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.









0 comments