ചൈനീസ്‌ പാർലമെന്റ്‌ സമ്മേളനം തുടങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 23, 2020, 02:08 AM | 0 min read


ബീജിങ്‌
ചൈനയുടെ പാർലമെന്റായ നാഷണൽ പീപ്പിൾസ്‌ കോൺഗ്രസിന്റെ വാർഷികസമ്മേളനം ആരംഭിച്ചു. കോവിഡ്‌ മൂലം മാർച്ചിൽ മാറ്റിവച്ച സമ്മേളനം മഹാമാരിക്കെതിരായ പോരാട്ടത്തിൽ മരിച്ച ആരോഗ്യപ്രവർത്തകർ അടക്കമുള്ളവർക്കും രോഗം ബാധിച്ചുമരിച്ചവർക്കും ആദരം അർപ്പിച്ചാണ്‌ തുടങ്ങിയത്‌. ഗ്രേറ്റ്‌ഹാൾ ഓഫ്‌ പീപ്പിളിൽ ചേരുന്ന സമ്മേളനത്തിലേക്ക്‌ 2900ഓളം പ്രതിനിധികളെയും ലോക മാധ്യമങ്ങളുടെയടക്കമുള്ള പ്രതിനിധികളെയും കോവിഡ്‌ പരിശോധന നടത്തി രോഗമില്ലെന്ന്‌ ഉറപ്പാക്കിയശേഷമാണ്‌ പ്രവേശിപ്പിച്ചത്‌. ഒരാഴ്‌ച നീളുന്ന സമ്മേളനത്തിൽ പ്രസിഡന്റ്‌ ഷീ ജിൻപിങ്‌, പ്രധാനമന്ത്രി ലീ കെഖിയാങ്‌ എന്നിവരടക്കം കമ്യൂണിസ്റ്റ്‌ പാർടിയുടെ ഉന്നതനേതാക്കളെല്ലാം പങ്കെടുക്കുന്നുണ്ട്‌.

കഴിഞ്ഞവർഷം ചൈന 99.1 ലക്ഷം കോടി യുവാനിന്റെ (13.88 ലക്ഷം കോടി ഡോളർ) മൊത്തം ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) കൈവരിച്ചതായി പ്രധാനമന്ത്രി അവതരിപ്പിച്ച 23 പേജുള്ള റിപ്പോർട്ടിൽ വ്യക്തമാക്കി. മുൻവർഷത്തേക്കാൾ 6.1 ശതമാനം കൂടുതലാണിത്‌. കോവിഡ്‌ മൂലം ചൈനയിലും ആഗോളമായും ഉൽപ്പാദന സ്‌തംഭനമുണ്ടായതിനാൽ ഈവർഷം പ്രതീക്ഷിത ജിഡിപി തീരുമാനിച്ചിട്ടില്ലെന്ന്‌ ലീ കെഖിയാങ്‌ വ്യക്തമാക്കി. കർക്കശമായ അടച്ചുപൂട്ടൽ നടപ്പാക്കിയതുമൂലം ഈവർഷം ആദ്യ പാദത്തിൽ സമ്പദ്‌വ്യവസ്ഥ 6.8 ശതമാനം ചുരുങ്ങിയിരുന്നു. 1976നു ശേഷം ആദ്യമായാണിത്‌.

ചൈനയുടെ പ്രത്യേക ഭരണമേഖലയായ ഹോങ്കോങ്ങിനു വേണ്ടി ദേശീയ സുരക്ഷാനിയമത്തിന്റെ കരട്‌ പാർലമെന്റിൽ അവതരിപ്പിച്ചു. വിഘടനവാദവും ഭീകരപ്രവർത്തനവും വിദേശ ഇടപെടലുകളും തടയുന്നതിനുള്ള ബിൽ പാസാക്കുന്നതിനെതിരെ അമേരിക്ക ഭീഷണി മുഴക്കിയിട്ടുണ്ട്‌. ഹോങ്കോങ്ങിൽ വിദേശരാജ്യങ്ങൾക്ക്‌ ഇടപെടാൻ അവകാശമില്ലെന്ന്‌ ചൈന തിരിച്ചടിച്ചു. ഹോങ്കോങ്ങിലെ പാശ്ചാത്യ അനുകൂലികളും ബില്ലിനെതിരെ പ്രതികരിച്ചു. ബ്രിട്ടീഷ്‌ കോളനിയായിരുന്ന ഹോങ്കോങ് 1997ലാണ്‌ ചൈനയ്‌ക്ക്‌ തിരിച്ചുകിട്ടിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Home