28 September Monday

കോവിഡ് ആഘാതം പ്രവചിച്ചതിനേക്കാൾ രൂക്ഷമാകും; ​ദേശീയവരുമാനം ഇടിയും ; റിസര്‍‌വ്‌ ബാങ്കിന്റെ മുന്നറിയിപ്പ്

സ്വന്തം ലേഖകൻUpdated: Saturday May 23, 2020

ന്യൂഡൽഹി
നടപ്പുവർഷം രാജ്യത്തിന്റെ മൊത്തം ആഭ്യന്തരവരുമാനം(ജിഡിപി)  മുന്‍വര്‍ഷത്തേക്കാള്‍ ഇടിയുമെന്ന്‌ റിസർവ്‌ ബാങ്ക്‌ പണനയ അവലോകന സമിതി. രാജ്യത്തിന്റെ കയറ്റുമതി–-ഇറക്കുമതി വ്യാപാരം 30 വർഷത്തെ ഏറ്റവും മോശം സ്ഥിതിയില്‍. സമ്പദ്‌ഘടനയിൽ കോവിഡിന്റെ ആഘാതം മുമ്പ്‌ കരുതിയതിലും ഗുരുതരമാകുമെന്ന് സമിതി മുന്നറിയിപ്പ് നൽകി.

രണ്ടുമാസത്തെ അടച്ചുപൂട്ടൽ രാജ്യത്തെ ക്രയവിക്രയത്തെ ഗുരുതരമായി ബാധിച്ചു. വ്യവസായ ഉൽപ്പാദനത്തിന്റെ  60 ശതമാനം സംഭാവന നൽകുന്ന ആറ്‌ സംസ്ഥാനത്ത് രോഗവ്യാപനം തീവ്രം. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപാതിയില്‍ സ്ഥിതി മെച്ചപ്പെട്ടേക്കാം. മാർച്ചുമുതൽ ഗ്രാമ–-നഗരങ്ങളിൽ വാങ്ങൽശേഷി ഇടിഞ്ഞു.  മൂലധന ചരക്കുകളുടെ ഉൽപ്പാദനം മാർച്ചിൽ 36 ശതമാനവും മൂലധന ചരക്കിറക്കുമതി മാർച്ചിൽ 27 ശതമാനവും ഏപ്രിലിൽ 57.5 ശതമാനവും ഇടിഞ്ഞു. ഉരുക്ക്‌‌‌  ഉപയോഗം ഏപ്രിലിൽ 91 ശതമാനം കുറഞ്ഞു. സിമന്റ്‌ ഉൽപ്പാദനത്തിൽ മാർച്ചിലെ ഇടിവ് 25 ശതമാനം.

ആഭ്യന്തര വാങ്ങൽശേഷിയുടെ 60 ശതമാനം വരുന്ന സ്വകാര്യ ഉപഭോഗം കുത്തനെ താണു. ഉപഭോക്‌തൃ സാമഗ്രി ഉൽപ്പാദനം  മാർച്ചിൽ 33 ശതമാനവും അടിസ്ഥാനവ്യവസായങ്ങളിൽനിന്നുള്ള ഉൽപ്പാദനം 6.5 ശതമാനവും ചുരുങ്ങി.  ഉൽപ്പാദനമേഖല സൂചിക 27.4 ശതമാനം ചുരുങ്ങിയപ്പോൾ സേവനമേഖലയിൽ 5.4 എന്ന ഏറ്റവും കുറഞ്ഞ നിരക്ക്‌ രേഖപ്പെടുത്തി‌. ഭക്ഷ്യധാന്യ ഉൽപ്പാദനം 3.7 ശതമാനം വർധിച്ചത്‌ ഏക ആശ്വാസം.

ഏപ്രിലിൽ കയറ്റുമതിയിൽ 60 ശതമാനവും ഇറക്കുമതിയിൽ 59 ശതമാനവും ഇടിവുണ്ടായി. 2020ൽ ലോകവ്യാപാരത്തിൽ 22 ശതമാനംവരെ തകർച്ചയുണ്ടാകാമെന്നാണ്‌ ലോക വ്യാപാരസംഘടനാ റിപ്പോര്‍ട്ടെന്നും സമിതി മുന്നറിയിപ്പ് നൽകി.

നിരക്കുകൾ‌ കുറച്ചു, വായ്‌പ തിരിച്ചടവ്‌ അവധി ആഗസ്‌തുവരെ
വിപണിയിൽ പണലഭ്യത വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ റിസർവ്‌ ബാങ്ക്‌ റിപ്പോനിരക്ക്‌ 4.4ൽനിന്ന്‌ നാല്‌ ശതമാനമായി കുറച്ചു. വാണിജ്യബാങ്കുകൾക്ക്‌ റിസർവ്‌ബാങ്ക്‌ നൽകുന്ന ഹ്രസ്വകാല വായ്‌പകളുടെ പലിശനിരക്കാണ്‌ റിപ്പോ. 2000നുശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണിത്‌. ബാങ്കുവായ്‌പകളുടെ പലിശനിരക്ക്‌ കുറയാൻ ഇത്‌ സഹായകരമാവും. വാണിജ്യബാങ്കുകൾ റിസർവ്‌ബാങ്കിൽ നടത്തുന്ന നിക്ഷേപങ്ങൾക്കുള്ള പലിശനിരക്കായ റിവേഴ്‌സ്‌ റിപ്പോ 3.75ൽനിന്ന്‌ 3.35 ശതമാനമായി കുറയ്‌ക്കാനും പണനയ അവലോകനസമിതി തീരുമാനിച്ചു.

ബാങ്ക്‌ വായ്‌പകളുടെ തിരിച്ചടവിനുള്ള അവധി മൂന്ന്‌ മാസംകൂടി നീട്ടി ആഗസ്‌ത്‌ 31 വരെയാക്കി.  മാർച്ച്‌–-മെയ്‌ കാലയളവിൽ ‌ തിരിച്ചടവിന്‌ നേരത്തെ അവധി നൽകിയിരുന്നു. സഹകരണ ബാങ്കുകൾ, മേഖല ഗ്രാമീണ ബാങ്കുകൾ, ബാങ്കിങ്‌ ഇതര ധനസ്ഥാപനങ്ങൾ എന്നിവയ്‌ക്കെല്ലാം പ്രഖ്യാപനം ബാധകം‌.

സംസ്ഥാനങ്ങൾ കൺസോളിഡേറ്റഡ്‌ സിങ്കിങ്‌ ഫണ്ട്‌ (സിഎസ്‌എഫ്‌) പിൻവലിക്കുന്നതിനുള്ള ചട്ടം റിസർവ്‌ബാങ്ക്‌ ഇളവ് ചെയ്‌തു‌. വിശദാംശം പിന്നീട്‌ പ്രഖ്യാപിക്കും. വിപണിയിൽനിന്ന്‌ കടമെടുക്കുമ്പോൾ കരുതലായി സൂക്ഷിക്കുന്ന ഫണ്ടാണ്‌ സിഎസ്‌എഫ്‌. ജൂലൈ 31 വരെ, കയറ്റുമതികൾക്ക്‌ ബാങ്കുകൾ അനുവദിക്കുന്ന വായ്‌പകളുടെ പരിധി ഒരു വർഷത്തിൽനിന്ന്‌ 15 മാസമായി ഉയർത്തി. ഡോളർ ഇടപാടുകൾക്കായി എക്‌സിം ബാങ്കിന്‌ 90 ദിവസത്തേക്ക്‌ 15,000 കോടി രൂപ വായ്‌പ അനുവദിച്ചു. ജൂലൈ 31 വരെയുള്ള ഇറക്കുമതികളുടെ (സ്വർണം, രത്‌നം, വജ്രം ഒഴികെ) പണമിടപാട്‌ തീർക്കേണ്ട സമയപരിധി ആറു മാസത്തിൽനിന്ന്‌ 12 മാസമാക്കി.

ബാങ്ക്‌ ഗ്രൂപ്പുകൾക്ക്‌ അവരുടെ മൂലധനശേഷിയുടെ 30 ശതമാനംവരെ ഫണ്ട്‌ ആവശ്യങ്ങൾക്കായി വിനിയോഗിക്കാൻ അനുമതി നൽകി. നിലവിൽ ഇത്‌ 25 ശതമാനമായിരുന്നു. കോവിഡ്‌ ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ കൂടുതൽ നടപടി വേണ്ടിവരുമെന്ന്‌ റിസർവ്‌ ബാങ്ക്‌ ഗവർണർ ശക്തികാന്ത ദാസ്‌ പറഞ്ഞു.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top