അണക്കെട്ടുകളിലെ ജലനിരപ്പ്: സർക്കാർ സത്യവാങ്ങ്മൂലം നൽകണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 28, 2020, 02:05 PM | 0 min read

കൊച്ചി>  അണക്കെട്ടുകളിലെ ജലനിരപ്പ് പ്രളയ ആശങ്ക ഉണ്ടാക്കുന്നുവെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ സത്യവാങ്ങ്മൂലം തേടി.  ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നൽകിയ കത്ത് സ്വമേധയാ പൊതുതാൽപ്പര്യ ഹർജിയായി പരിഗണിച്ചാണ് ചിഫ് ജസ്റ്റിസ് എസ്. മണികുമാർ ജസ്റ്റീസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ചിന്റെ നടപടി. 

അണക്കെട്ടുകളിലെ ജലനിരപ്പ് നിയന്ത്രിക്കാത്തതു കൊണ്ടാണ് പ്രളയം ഉണ്ടായതെന്ന് പറയാനാവില്ലങ്കിലും ജലനിരപ്പ് പ്രളയമുണ്ടാക്കാൻ ഒരു കാരണമായിരന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്. അണക്കെട്ടുകളിലെ  ഇപ്പോഴത്തെ ജലനിരപ്പ് ആശങ്ക ഉണ്ടാക്കുന്നതാണന്നും അടിയന്തര നടപടി വേണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. ലോക് ഡൗൺ പശ്ചാത്തലത്തിൽ വൈദ്യുതി ഉപഭോഗം കുറഞ്ഞതിനെത്തുടർന്ന് ഉൽപ്പാദനം കുറഞ്ഞുവെന്നും ഇടുക്കിയിൽ ചില ജനറേറ്ററുകൾ പ്രവർത്തിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

ദുരന്തനിവാരണ അതോറിറ്റിയെയും ജലവിഭവ വകുപ്പിനെയും കേസിൽ കക്ഷി ചേർക്കാൻ കോടതി ഉത്തരവിട്ടു. കാലവർഷം കണക്കിലെടുത്ത് എല്ലാ മുൻകരുതലും എടുത്തിട്ടുണ്ടന്നും മെയ് 12ന് ചേന്ന ഉന്നതതല അവലോകന യോഗം വിശദമായ പരിശോധന നടത്തിയതായും സർക്കാരും വൈദ്യുതി ബോർഡും അറിയിച്ചു.സാഹചര്യങ്ങൾക്ക് അനുസൃതമായി നടപടികൾ കൈക്കൊള്ളുന്നതിന് ആക്ഷൻ പ്ലാൻ രൂപീകരിച്ചിട്ടുണ്ടന്നും സർക്കാർ അറിയിച്ചു.

ഇക്കാര്യങ്ങൾ വിശദികരിച്ച് സത്യവാങ്ങ്മൂലം സമർപ്പിക്കാൻ സർക്കാർ സാവകാശം തേടി.അണക്കെട്ടുകളിലെ ജലനിരപ്പ് നിരീക്ഷിക്കുന്നുണ്ടെന്നും  അവലോകന യോഗങ്ങൾ ചേരുന്നുണ്ടെന്നും വൈദ്യുതി ബോർഡ് വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home