കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃക: മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് ഭയ്യ ടോപ്പെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 18, 2020, 06:36 PM | 0 min read

തിരുവനന്തപുരം > കോവിഡ്-19 പ്രതിരോധത്തില്‍ കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് മന്ത്രി രാജേഷ് ഭയ്യ ടോപ്പെ. മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ മന്ത്രി കെ കെ ശൈലജ ടീച്ചറുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് രാജേഷ് ഭയ്യ ടോപ്പെ ഇക്കാര്യം വ്യക്തമാക്കിയത്. കേരളം വിജയകരമായി നടപ്പിലാക്കിയ സ്റ്റാന്റേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോട്ടോകോള്‍, ഗൈഡ് ലൈന്‍സ്, ചികിത്സ, പരിശോധനകള്‍ എന്നിവ ഉള്‍പ്പെടെയുള്ളവ വിശദമായി ചോദിച്ച് മനസിലാക്കി.

ധാരാവി പോലെയുള്ള ചേരി പ്രദേശങ്ങളില്‍ സാമൂഹിക അകലം പാലിപ്പിക്കാന്‍ കഴിയാത്തതാണ് വലിയ വെല്ലുവിളി ഉയര്‍ത്തുന്നതെന്ന് മന്ത്രി രാജേഷ് ഭയ്യ ടോപ്പെ പറഞ്ഞു. ഇന്ത്യയില്‍ ഏറ്റവുമധികം കേസുകളും മരണവും റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര. മരണം കുറയ്ക്കുന്നതിനും രോഗം പകരാതിരിക്കാനും സംസ്ഥാന സര്‍ക്കാരും ആരോഗ്യ വകുപ്പും പരമാവധി ശ്രമിക്കുന്നുണ്ട്. കോവിഡിനോടൊപ്പം മറ്റ് പല രോഗങ്ങളും വരുന്നതിനാല്‍ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇത്രയൊക്കെ കോവിഡ് കേസുണ്ടായിരുന്നിട്ടും കേരളത്തില്‍ മരണസംഖ്യ കുറയ്ക്കാനും മികച്ച ക്വാറന്റൈന്‍ സംവിധാനത്തോടെ നിയന്ത്രണ വിധേയമാക്കാനും സാധിച്ചത് അഭിനന്ദനാര്‍ഹമാണ്. പ്ലാസ്മ ചികിത്സയിലുള്‍പ്പെടെ കേരളത്തിന് മുന്നേറാനായതും പ്രശംസനീയമാണെന്ന് രാജേഷ് ഭയ്യ ടോപ്പ് വ്യക്തമാക്കി.

കേരളം ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും പരീക്ഷിച്ച് വിജയിച്ചതാണ് ഹോം ക്വാറന്റൈനെന്ന് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. കേരളത്തിലും പലയാളുകള്‍ക്കും വീട്ടിനുള്ളില്‍ സാമൂഹിക അകലം പാലിക്കാനോ മുറിയ്ക്കുള്ളില്‍ ടോയിലറ്റ് സൗകര്യമോയില്ല. അവരെയെല്ലാം സര്‍ക്കാര്‍ കെയര്‍ സെന്ററുകളിലാണ് പാര്‍പ്പിക്കുന്നത്. തന്റെ കുട്ടികള്‍ക്കും ബന്ധുക്കള്‍ക്കും രോഗം ബാധിക്കാതിരിക്കാന്‍ പരമാവധി ആളുകള്‍ ആരോഗ്യ വകുപ്പിന്റെ ക്വാറന്റൈന്‍ നിര്‍ദേശം പാലിക്കാറുണ്ട്. വളരെ നേരത്തെ തന്നെ കേരളം വ്യക്തമായ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചാണ് മുമ്പോട്ട് പോയത്. രോഗ വ്യാപനമുണ്ടായാല്‍ സ്വകാര്യ ആശുപത്രികളെക്കൂടി ഉള്‍പ്പെടുത്തി പ്ലാന്‍ എ, പ്ലാന്‍ ബി, പ്ലാന്‍ സി പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു. ഒരു സന്നിദ്ധ ഘട്ടമുണ്ടായാല്‍ 24 മണിക്കൂറിനകം അവ നടപ്പിലാക്കാന്‍ സാധിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഏകോപനത്തില്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ വലിയ പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. വയോജനങ്ങള്‍, ഗര്‍ഭിണികളായ സ്ത്രീകള്‍, മറ്റ് പലതരം രോഗങ്ങള്‍ക്കായി ചികിത്സയിലുള്ളവര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവരെ രോഗപ്പകര്‍ച്ചയ്ക്കുള്ള സാധ്യതകളില്‍ നിന്നും മാറ്റിനിര്‍ത്താനായി റിവേഴ്‌സ് ക്വാറന്റൈന്‍ നടപ്പിലാക്കി. കൊറോണ ഭീതിയുടെ നാളുകളില്‍ പ്രായം ചെന്നവര്‍ക്കുള്ള ജീവിതശൈലി രോഗ നിയന്ത്രണത്തിനുള്ള മരുന്നുകള്‍, കിടപ്പുരോഗികള്‍ക്കുള്ള മരുന്നുകള്‍ എന്നിവ അവരവരുടെ വീടുകളില്‍ എത്തിക്കുന്നതിന് ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, പോലീസ് സേന തുടങ്ങി വിവിധ വിഭാഗങ്ങളുടെ സഹായത്തോടെ ശ്രമിച്ചു. 43 ലക്ഷം പേരെയാണ് ഇതിനിടയില്‍ ബന്ധപ്പെട്ടിട്ടുള്ളത്. കണ്‍ട്രോള്‍ റൂം കേന്ദ്രീകരിച്ച് ഈ കാര്യം ദൈനംദിനം പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ രോഗപ്പകര്‍ച്ചയുടെ തോത് കുറയ്ക്കാന്‍ ഇത് ഏറെ സഹായിച്ചിട്ടുണ്ട്. അങ്കണവാടി കുട്ടികളുടെ ഭക്ഷണം വീട്ടിലെത്തിച്ചു. ജനങ്ങള്‍ക്കായി കമ്മൂണിറ്റി കിച്ചണ്‍, ഭക്ഷണക്കിറ്റ്, ക്ഷേമ പെന്‍ഷന്‍ എന്നിവ നല്‍കി. ജനങ്ങളുടെ മാനസികാരോഗ്യത്തിനും വളരെ പ്രാധാന്യം നല്‍കി. 1100ലേറെ കൗണ്‍സിലര്‍മാര്‍ 8 ലക്ഷത്തിലേറെ പേര്‍ക്കാണ് കൗണ്‍സിലിംഗ് നടത്തി അവരുടെ ഭീതിയകറ്റി സമാധാനപൂര്‍ണമായ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായെന്നും മന്ത്രി വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home