ചേർത്തലക്കാരനെയും ചേർത്തുനിർത്തി; മട്ടന്നൂരുകാരിയും ബുദ്ധിമുട്ടിയില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 26, 2020, 10:04 PM | 0 min read

 

കൽപ്പറ്റ
ചേർത്തലയിൽനിന്നും ചുരം കയറി വയനാട്ടിൽ എത്തുമ്പോൾ പ്രണവും മട്ടന്നൂരിലെ ഷഹ്‌ന ഷെറിനും കരുതിയിരുന്നില്ല വയനാട്‌ തങ്ങളുടെ പരീക്ഷാ കേന്ദ്രമാകുമെന്ന്‌. ഇതര ജില്ലകളിൽ പഠിക്കുന്നവരായിട്ടും ഇരുവരും ചൊവ്വാഴ്‌ച കൽപ്പറ്റ എസ്‌കെഎംജെ ഹയർസെക്കൻഡറി സ്‌കൂളിൽ എസ്എസ്‌എൽസി പരീക്ഷ എഴുതി. മഹാമാരി എത്രവെല്ലുവിളി ഉയർത്തിയാലും ഒരുകുട്ടിക്കുപോലും പരീക്ഷ എഴുതാൻ കഴിയാതെ പോകരുതെന്ന സർക്കാരിന്റെ ഇച്ഛാശക്തിയാണ്‌ ഇവരെ തുണച്ചത്‌. 
ലോക്ക്‌ഡൗണിൽ മറ്റിടങ്ങളിൽ ആയിപ്പോയവർക്ക്‌ അവരുള്ളിടത്ത്‌ പരീക്ഷ എഴുതാനൊരുക്കിയ സൗകര്യമാണ്‌ ഉപയോഗപ്പെടുത്തിയത്‌. ഓൺലൈൻവഴി അപേക്ഷ നൽകി ഇരുവരും വയനാട്ടിലെ സ്‌കൂളിൽ പരീക്ഷ എഴുതി. 
കോടതി ജീവനക്കാരിയ അമ്മ പ്രമുഖക്ക്‌ കൽപ്പറ്റയിലെ ജില്ലാ സെഷൻസ്‌ കോടതിയിലേക്ക്‌ മാറ്റം കിട്ടയപ്പോഴാണ്‌ ലോക്ക്‌ ഡൗണിന്‌ തൊട്ടുമുമ്പ്‌ പ്രണവിന്‌ ചുരം കയറേണ്ടിവന്നത്‌. അപ്പോഴേക്കും എസ്‌എസ്‌എൽസി പരീക്ഷ നിർത്തിവച്ചിരുന്നു. ചേർത്തല ചാരമംഗലം ഡിവിഎച്ച്‌എസ്‌എസിലായിരുന്നു പഠനം‌. ലോക്ക്‌ഡൗൺ നീണ്ടതോടെ ചുരം ഇറങ്ങാനായില്ല. പരീക്ഷ മുടങ്ങുമോയെന്ന ആശങ്ക തുടക്കത്തിലുണ്ടായിരുന്നു. എവിടെ വേണേലും പരീക്ഷ എഴുതാനുള്ള സൗകര്യം സർക്കാർ ഏർപ്പെടുത്തിയതോടെ ആധിയകന്നു.  
മട്ടന്നൂർ ജിഎച്ച്‌എസ്‌എസിൽ പഠിച്ചിരുന്ന ഷഹ്‌ന കൽപ്പറ്റയിൽ കച്ചവടം ചെയ്യുന്ന ഉപ്പ  എസ്‌ എ ട്രേഡേഴ്‌സ്‌ ഉടമ സലീമിന്റെ  അടുക്കൽ വന്നതായിരുന്നു. തിരികെപോക്ക്‌  ബുദ്ധിമുട്ടായതിനാൽ അപേക്ഷ നൽകി കൽപ്പറ്റ എസ്‌കെഎംജെ സ്‌കൂളിൽ പരീക്ഷ എഴുതി. ഷഹ്‌നക്കും പ്രണവിനും പരീക്ഷ എഴുതാൻ  പ്രത്യേക ക്ലാസ്‌ മുറി ഒരുക്കി. ജില്ലയിലാകെ  ഇതര ജില്ലക്കാരായ 151പേർ പരീക്ഷ എഴുതി. വിഎച്ച്എസ്‌ഇ  വിഭാഗത്തിൽ ഇതരജില്ലക്കാരായ ഏഴുപേർ പരീക്ഷ എഴുതി. 
 


deshabhimani section

Related News

View More
0 comments
Sort by

Home