09 November Saturday

മത്സ്യമേഖലയിലെ സ്‌ത്രീസംരംഭ മാതൃക അടുത്തറിഞ്ഞ് യുഎസ് വിദ്യാർഥികൾ

വെബ് ഡെസ്‌ക്‌Updated: Saturday Jul 29, 2023


കൊച്ചി
കേരളത്തിലെ മത്സ്യമേഖലയിൽ സ്ത്രീകളുടെ നേതൃത്വത്തിലുള്ള ചെറുകിടസംരംഭങ്ങളെ പ്രശംസിച്ച്‌ അമേരിക്കൻ വിദ്യാർഥികൾ. മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ (എംഎസ്‌യു) ജയിംസ് മാഡിസൺ കോളേജിൽ കംപാരിറ്റീവ് കൾച്ചർ ആൻഡ്‌ പൊളിറ്റിക്സ്‌ ബിരുദ വിദ്യാർഥികളാണ് സിഎംഎഫ്ആർഐയുടെ സഹകരണത്തോടെ കേരളത്തിൽ സന്ദർശനത്തിനെത്തിയത്‌. തീരമൈത്രി യൂണിറ്റുകൾ, സ്വയംസഹായക വനിതാസംഘങ്ങൾ തുടങ്ങിയവയുടെ നേതൃത്വത്തിൽ മീൻകൃഷി, കൂടുകൃഷി, കല്ലുമ്മക്കായ കൃഷി, മൂല്യവർധിത ഉൽപ്പാദനം എന്നീ മേഖലകളിലുള്ള വനിതാസംരംഭങ്ങൾ സംഘത്തെ ആകർഷിച്ചു. ചെറുകിടസംരംഭങ്ങൾക്കിടയിൽ നിലനിൽക്കുന്ന സംഘാടനബോധം, കുടുംബശ്രീകൾ നടത്തുന്ന മത്സ്യമൂല്യവർധിത ഉൽപ്പാദന യൂണിറ്റുകൾ, മത്സ്യത്തൊഴിലാളി വനിതാ സഹായക സംഘത്തിന്റെ (സാഫ്) പ്രവർത്തനങ്ങൾ തുടങ്ങിയവയും പ്രശംസ പിടിച്ചുപറ്റി. സിഎംഎഫ്ആർഐയുടെ ഗവേഷണങ്ങളെക്കുറിച്ചറിയാൻ ഡയറക്ടർ ഡോ. എ ഗോപാലകൃഷ്ണനുമായും വിവിധ വകുപ്പ്‌ മേധാവികളുമായും വിദ്യാർഥികൾ ആശയവിനിമയം നടത്തി.

അധ്യാപകരായ പ്രൊഫ. ലിൻഡ റാസിയോപി, പ്രൊഫ. സെജൂറ്റി ദാസ്ഗുപത എന്നിവരുടെ നേതൃത്വത്തിൽ 10 വിദ്യാർഥികളാണ്‌ സംഘത്തിലുള്ളത്‌. ചെല്ലാനത്തെ ടെട്രാപോഡ് കടൽഭിത്തിയും സംഘത്തെ ആകർഷിച്ചു. കേരളത്തിലെ ത്രിതല പഞ്ചായത്ത് ഭരണ സംവിധാനം, ഗ്രാമവികസനം എന്നിവയും പഠനവിധേയമാക്കി. ഇതിനായി എളങ്കുന്നപ്പുഴ, കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകളുടെയും കൊച്ചി കോർപറേഷന്റെയും പ്രവർത്തനങ്ങൾ മനസ്സിലാക്കി. നഗരസഭയുടെ "സമൃദ്ധി' ഭക്ഷണശാലയിലും വിദ്യാർഥികളെത്തി.

സിഎംഎഫ്ആർഐയും മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയും സഹകരിച്ച്‌ മൂന്നാംതവണയാണ്‌ വിദ്യാർഥികൾ കേരളത്തിലെത്തുന്നത്‌. എറണാകുളം, തിരുവനന്തപുരം, ഇടുക്കി ജില്ലകളിലായി ഹാർബറുകൾ, ചെറുതും വലുതുമായ മത്സ്യവിപണന കേന്ദ്രങ്ങൾ, ചീനവല യൂണിറ്റുകൾ, കൂടുമത്സ്യക്കൃഷി, -കല്ലുമ്മക്കായ കൃഷിയിടങ്ങൾ, സ്ത്രീസംരംഭക യൂണിറ്റുകൾ, മത്സ്യവകുപ്പിന്റെ സ്ഥാപനങ്ങൾ, സ്വയംതൊഴിൽ സംരംഭങ്ങൾ, അടുക്കള കൃഷികൾ എന്നിവിടങ്ങളിലും സംഘം സന്ദർശനം നടത്തി. സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ശ്യാം എസ് സലീമാണ് പഠന-പരിശീലന യാത്രയ്‌ക്ക് മേൽനോട്ടം വഹിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top