സ്‌റ്റാർട്ടപ്പുകളെ തളർത്താൻ പ്രതിപക്ഷം; സർക്കാരിനെതിരെ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 29, 2020, 01:21 AM | 0 min read


തിരുവനന്തപുരം
മദ്യവിൽപ്പനയ്ക്ക്‌  മൊബൈൽ ആപ് തയ്യാറാക്കാൻ സ്‌റ്റാർട്ടപ്പുകൾക്ക്‌ അവസരംനൽകിയതിൽ‌ സർക്കാരിനെതിരെ വീണ്ടും പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല.  ജനം തള്ളിയ ആക്ഷേപവുമായാണ്‌ അദ്ദേഹം വീണ്ടും രംഗത്തെത്തിയത്‌. ആപ് നിർമാണത്തിന്‌ സ്വകാര്യ കമ്പനിയെ എൽപ്പിച്ചതിൽ അഴിമതിയും സ്വജനപക്ഷപാതവുമുണ്ടെന്നാണ്‌ ആരോപണം. ഇത്‌ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ വിജിലൻസിന്‌ കത്ത്‌ നൽകി‌.  കേരളത്തിൽ വളർന്നുവരുന്ന സ്‌റ്റാർട്ടപ്പുകളെ തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ പ്രതിപക്ഷനേതാവിന്റെ ആരോപണം.

ബിവറേജസ്‌ കോർപറേഷനുവേണ്ടി സ്‌റ്റാർട്ടപ് മിഷനാണ്‌ ആപ് വികസിപ്പിക്കാനുള്ള ഏജൻസിയെ തെരഞ്ഞെടുത്തത്‌. ഇതിൽ സർക്കാർ ഇടപെട്ടിട്ടില്ലെന്ന്‌ മുഖ്യമന്ത്രിയും  എക്‌സൈസ്‌ മന്ത്രിയും വ്യക്തമാക്കിയതാണ്‌.  സ്‌റ്റാർട്ടപ് സംരംഭങ്ങൾക്ക്‌ പ്രോത്സാഹനമെന്നത്‌ സർക്കാർ നയമാണ്‌. തുറന്ന ടെൻഡറിലൂടെയാണ്‌ തെരഞ്ഞെടുത്തത്‌‌. 29 സ്ഥാപനങ്ങളുടെ സാങ്കേതികശേഷി അഞ്ച്‌ ഐടി വിദഗ്‌ധർ പരിശോധിച്ചു. ഫലപ്രദമായ അഞ്ചെണ്ണം കണ്ടെത്തി. ഇവരുടെ സാമ്പത്തിക ബിഡ്‌ മറ്റൊരു അഞ്ചംഗ വിദഗ്‌ധ സമിതി പരിശോധിച്ചു. 1.85 കോടി, 46.3 ലക്ഷം, 16.52 ലക്ഷം, 14.75 ലക്ഷം, 2.84 ലക്ഷം എന്നിങ്ങനെയാണ്‌ സ്ഥാപനങ്ങൾ മുന്നോട്ടുവച്ച വാർഷികച്ചെലവ്‌. കുറഞ്ഞ ചെലവ്‌ നിർദേശിച്ച സ്ഥാപനത്തെയാണ്‌ തെരഞ്ഞെടുത്തത്‌.

ഇ- ടോക്കണിന് ബാർ ഉടമകളിൽനിന്ന് 50 പൈസവീതം ഈടാക്കി സ്റ്റാർട്ടപ് കമ്പനിക്ക് നൽകുന്നുവെന്നാണ്‌ മറ്റൊരു ആക്ഷേപം. ഇതും കള്ളമാണ്‌.
ആപ് വികസിപ്പിക്കുന്നതിനുള്ള വാർഷികച്ചെലവ്, എസ്എംഎസ് സംവിധാനത്തിന് ഫെയർകോഡിന് നിശ്ചിത മാസവാടക,  ആമസോൺ ക്ലൗഡിന് നൽകേണ്ട മാസവാടക  എന്നിവയ്‌ക്കാണ്‌ ഒരു ടോക്കണിൽനിന്ന് 11 പൈസ നീക്കിവയ്‌ക്കുന്നത്‌. എസ്എംഎസ്/ക്യൂആർകോഡ് ചെലവ് ഓരോ ടോക്കണിനും സ്മാർട്ട് ഫോൺ വഴിയാണെങ്കിൽ 12 പൈസയും ഫീച്ചർ ഫോൺ വഴിയാണെങ്കിൽ 15 പൈസയുമാണ്‌. ഇത്‌ ടെലികോം കമ്പനികൾക്കുള്ളതാണ്‌. സംവിധാനം നടപ്പാക്കാനുള്ള ചെലവുകൾ‌ക്കായി ഒരു ടോക്കണിൽനിന്ന് 24 പൈസ കോർപറേഷനും ലഭിക്കും. പൊതുമേഖലാ സ്ഥാപനത്തിന്‌ പ്രയോജനമാകുന്നതും ബാർ, ബിയർ–-വൈൻ പാർലർ ഉടമകൾ നൽകേണ്ടതുമായ ഫീസാണ്‌ കമ്പനിക്ക്‌ നേട്ടമുണ്ടാക്കുന്നതായി പ്രചരിപ്പിക്കുന്നത്‌.
 



deshabhimani section

Related News

View More
0 comments
Sort by

Home