ഹൈക്കോടതിയിലെ ഇ ഫയലിങ് സംവിധാനം തകരാറിൽ ; പല കേസുകളിലും വാദം നടന്നില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 21, 2020, 11:54 PM | 0 min read


കൊച്ചി
മധ്യവേനൽ അവധിക്കുശേഷം തിങ്കളാഴ്‌ച പ്രവർത്തനം ആരംഭിച്ച ഹൈക്കോടതിയിൽ കേസുകളുടെ ഇ–-ഫയലിങ് സംവിധാനം തകരാറിലായി. ഇതോടെ
ഫയൽ ചെയ്‌ത പല പുതിയ കേസുകളിലും വാദം നടന്നില്ല. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള നാഷണൽ ഇൻഫർമാറ്റിക്‌സ്‌ സെന്ററിനാണ്‌ (എൻഐസി) ഇ–-ഫയലിങ് സംവിധാനത്തിന്റെ ചുമതല.

മധ്യവേനലവധിക്ക്‌ പുറമെ കോവിഡ്‌ ഭീഷണികൂടി ഉയർന്നതോടെ കേസുകൾ ഇ–-ഫയലിങ്‌ നടത്താനും വീഡിയോ കോൺഫറൻസ്‌ വഴി പരിഗണിക്കാനും തീരുമാനിച്ചു. അവധികഴിഞ്ഞ്‌ പുതിയ എല്ലാ കേസുകളും ഇ–-ഫയലിങ്‌ നടത്താനും തീരുമാനിച്ചു. പക്ഷേ തിങ്കളാഴ്‌ച എല്ലാ കോടതികളും പ്രവർത്തനമാരംഭിച്ചതോടെ സംവിധാനം തകരാറിലായി. ചൊവ്വ, ബുധൻ  ദിവസങ്ങളിലും തകരാർ പരിഹരിക്കാനായില്ല. അതിനാൽ പല കേസുകളും പരിഗണിക്കാനായില്ല. തലേന്ന്‌ ഇ–-ഫയൽ ചെയ്യുന്ന കേസുകൾ പിറ്റേന്നുമുതൽ പരിഗണിക്കാനാണ്‌ തീരുമാനിച്ചിരുന്നത്‌. എന്നാൽ വെള്ളിയാഴ്‌ച മുതൽ അന്നന്ന്‌ ഉച്ചവരെ ഇ–- ഫയൽ ചെയ്യുന്ന കേസുകളും പരിഗണിക്കും.

കോവിഡ്‌ മൂലം അവധിക്കുശേഷം അഭിഭാഷകർക്കും ഗുമസ്‌തൻമാർക്കും പ്രവേശനം പരിമിതപ്പെടുത്തിയിരുന്നു. അഞ്ച്‌ ബെഞ്ചുകൾ പുതിയ റിട്ട്‌ ഹർജികളും മൂന്നെണ്ണം ജാമ്യാപേക്ഷ ഉൾപ്പെടെയുള്ള പുതിയ ക്രിമിനൽ കേസുകളും പരിഗണിക്കാനാണ്‌ നിശ്‌ചയിച്ചിരുന്നത്‌. പഴയ കേസുകളും ഡിവിഷൻബെഞ്ച്‌ പരിഗണിക്കുന്ന മറ്റ്‌ കേസുകളും സാധാരണ രീതിയിൽ പരിഗണിക്കും. ആറ്‌ അഭിഭാഷകരെ മാത്രമാണ് അനുവദിക്കുക.

വീഡിയോ കോൺഫറൻസിങ്ങിന്‌ സൂം ആപ്പാണ്‌ ഹൈക്കോടതി ജഡ്‌ജിമാർ ഉപയോഗിച്ചിരുന്നത്‌. എന്നാൽ, എട്ടു ജഡ്‌ജിമാരിൽ ഒരാൾ സൂം വേണ്ടെന്ന നിലപാട്‌ സ്വീകരിച്ചു. തുടർന്ന്‌ ഇദ്ദേഹത്തിനു മാത്രം വെബെക്‌സ്‌ എന്ന വീഡിയോ കോൺഫറൻസിങ്‌ ആപ്പാണ്‌ ഉപയോഗിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Home